| Tuesday, 28th January 2014, 5:22 pm

കൊടുങ്ങല്ലൂരില്‍ നഴ്‌സുമാര്‍ ഇപ്പോഴും തെരുവിലാണ്...!

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ് കേരള നഴ്‌സുമാരെ അധിക്ഷേപിച്ചതിനെതിരെ കേരളത്തില്‍ നിന്ന് പ്രത്യേകിച്ച് കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്ന ശബ്ദം പ്രശംസനീയം തന്നെ. എന്നാല്‍ ഇത് കേരള സര്‍ക്കാരിന്റെ കപടമുഖവും ഇരട്ടത്താപ്പും തെളിയിക്കുകകൂടി ചെയ്യുകയാണെന്ന് എന്നു പറയാതിരിക്കാന്‍ വയ്യ. കാരണം, സ്വന്തം കണ്‍മുന്നില്‍ നഴ്‌സുമാര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി തെരുവില്‍ പട്ടിണി കിടക്കുന്ന സമയത്ത്, അതിനുവേണ്ടി ശബ്ദിക്കാതിരിക്കുന്നവര്‍ കേരളത്തിനപ്പുറത്തുള്ള പ്രശനങ്ങളില്‍ ഇടപെടുന്നതെങ്ങനെ…!


റിപ്പോര്‍ട്ട് / ഇര്‍ഷാദ് തലകാപ്‌

ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ് കേരള നഴ്‌സുമാരെ അധിക്ഷേപിച്ചതിനെതിരെ കേരളത്തില്‍ നിന്ന്,  പ്രത്യേകിച്ച് കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്ന ശബ്ദം പ്രശംസനീയം തന്നെ.

എന്നാല്‍ ഇത് കേരള സര്‍ക്കാരിന്റെ കപടമുഖവും ഇരട്ടത്താപ്പും തെളിയിക്കുകകൂടി ചെയ്യുകയാണെന്ന് എന്നു പറയാതിരിക്കാന്‍ വയ്യ. കാരണം, സ്വന്തം കണ്‍മുന്നില്‍ നഴ്‌സുമാര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി തെരുവില്‍ പട്ടിണി കിടക്കുന്ന സമയത്ത്, അതിനുവേണ്ടി ശബ്ദിക്കാതിരിക്കുന്നവര്‍ കേരളത്തിനപ്പുറത്തുള്ള പ്രശനങ്ങളില്‍ ഇടപെടുന്നതെങ്ങനെ…!

കേരളത്തിലെ നഴ്‌സുമാരുടെ അവകാശങ്ങളും തൊഴില്‍ സംരക്ഷണങ്ങളും ഉറപ്പാക്കുന്ന, സര്‍ക്കാര്‍ തന്നെ ചുമതലപ്പെടുത്തിയ ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് പൊടിപിടിച്ചിരിക്കാന്‍ തുടങ്ങിയിട്ട് നാള്‍ ഏറെയായി.

സാമ്പത്തികമായും മാനസികമായും നഴ്‌സുമാരുടെ പൂര്‍ണ്ണ സൂരക്ഷ ഉറപ്പാക്കുന്ന ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പാക്കാത്തത് ആശുപത്രി മാനേജ്‌മെന്റുകളും സര്‍ക്കാരും തമ്മിലുള്ള സ്വകാര്യ “കണ്ണിറുക്കലി”ലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കൊടുങ്ങല്ലൂരിലെ ക്രാഫ്റ്റ് ആശുപത്രിയില്‍ ശമ്പളപരിഷ്‌ക്കരണം അനുവദിക്കാത്തതിനെതിരെ നഴ്‌സുമാര്‍ സമരമാരംഭിച്ചിട്ട് 80 ദിവസത്തിലേറെയായി. നഴ്‌സുമാരെ തിരിച്ചെടുക്കുന്നതിനോ സമരം അവസാനിപ്പിക്കുന്നതിനോ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള നിരുത്തരവാദിത്വപരമായ സമീപനം പ്രതിഷേധാര്‍ഹമാണ്.

ഒന്നര വര്‍ഷം ജോലി ചെയ്ത ശേഷം ശമ്പളം കൂട്ടിച്ചോദിച്ച പ്രിയങ്ക, ഷിപ്‌സി എന്നീ നഴ്‌സുമാരെ പുറത്താക്കിയതോടെയാണ് ഇവിടെ സമരം തുടങ്ങിയത്. ഒരു വര്‍ഷം ജോലി ചെയ്ത ശേഷം പെര്‍മെനന്റ് ആക്കാം എന്ന വ്യവസ്ഥയിലാണ് ഇവര്‍ ക്രാഫ്റ്റില്‍ ജോലിയില്‍ പ്രവേശിച്ചത്.

എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ടായിരം രൂപ ശമ്പള വ്യവസ്ഥിയില്‍ പുതിയ 20 നഴ്‌സുമാര്‍ ജോലിയില്‍ വന്നതിനെ തുടര്‍ന്ന് മാനേജ്‌മെന്റിന്റെ കണ്ണിലെ കരടായി തങ്ങള്‍ രണ്ടു പേരുമെന്ന് പുറത്താക്കപ്പെട്ട നെഴ്‌സായ ഷിപ്‌സി പറഞ്ഞു.

പെര്‍മനെന്റാക്കെമെന്ന് പറഞ്ഞതിന് തെളിവുണ്ടോ എന്നായിരുന്നു മാനേജ്‌മെന്റ് ചോദിച്ചത്. നിങ്ങള്‍ നെഴ്‌സസ് സംഘടനയായ യു.എന്‍.എയിലെ അംഗത്വം ഉപേക്ഷിച്ചാല്‍ നോക്കാം എന്ന് ഉയര്‍ന്ന മേലാധികാരി പറഞ്ഞതായി ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

മനേജ്‌മെന്റ് നല്‍കിയിട്ടുള്ള ഐഡിന്റിറ്റി കാര്‍ഡ് അനുസരിച്ച് ഇവര്‍ സ്റ്റാഫ് നഴ്‌സുമാര്‍ ആണ്. സ്റ്റാഫ് നഴ്‌സിന് കിട്ടേണ്ട മിനിമം വേതനം തങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് മാനേജ്‌മെന്റ് ഇവര്‍ക്കെതിരെ നടപടികള്‍ക്ക് മുതിര്‍ന്നത്.

ട്രെയിനിങ് കാലാവധിയായ ഒരു വര്‍ഷം പൂര്‍ത്തിയായി എന്നാരോപിച്ച് ഒന്നര വര്‍ഷത്തിലേറെ ക്രാഫ്റ്റ് ഹോസ്പിറ്റലില്‍ ജോലി ചെയ് ഇവരെ മാനേജ്‌മെന്റ് പിരിച്ചുവിടുകയായിരുന്നു.

എന്നാല്‍ ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരം ചെയ്ത നഴ്‌സുമാരെ കൂട്ടത്തോടെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയും തൊഴിലെടുക്കാനുള്ള സാഹചര്യം നിഷേധിച്ചും ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാര്‍ക്കെതിരെയുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

നഴ്‌സുമാരുടെ അവകാശങ്ങള്‍ക്കായി അനേകം പ്രാവശ്യം ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയം കാണാതെ പിരിയുകയായിരുന്നു. ഒടുവില്‍ പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കുന്നതിനായി വീണ്ടും അഡ്മിഷന്‍ പരീക്ഷ നടത്താമെന്നും മെറിറ്റ് അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിക്കാമെന്നുമാണ് മാനേജ്‌മെന്റ് ചര്‍ച്ചയില്‍ ആദ്യം പറഞ്ഞത്. എന്നാല്‍ സമരം ചെയ്യുന്നവരുമായി ഇനി ചര്‍ച്ചയില്ലെന്നും സമരം അനാവശ്യമാണെന്നും പറഞ്ഞ് മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം നോട്ടിസ് ഇറക്കി.
അടുത്തപേജില്‍ തുടരുന്നു


 “ജോലി സ്ഥലത്തെ ലൈംഗിക പീഡനം തടയല്‍ നിരോധന പരിഹാര നിയമം 2013 “പ്രകാരം സ്ത്രീകളോടുള്ള പ്രത്യക്ഷവും പരോക്ഷവുമായ മോശം പെരുമാറ്റം, അശ്ലീലച്ചുവയുള്ള പരാമര്‍ശം തുടങ്ങിയവയുടെ പേരില്‍ ഇദ്ദേഹത്തിനെതിരെ കൊടുങ്ങല്ലൂര്‍ എസ്.ഐയ്ക്ക് പരാതി കൊടുത്തെങ്കിലും പോലീസിന്റെ ഭാഗത്തുനിന് യാതൊരുവിധ അന്വേഷണവുമുണ്ടായില്ല.


[]പിരച്ചുവിട്ട സമയത്ത് ആറുപേരെ കണ്‍ഫോര്‍മേഷനായി ഒക്ടോബര്‍ 18ന് പരീക്ഷ നടത്തുമെന്നും ഇതിനായി സെപ്തംബര്‍ 31 അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസമായി ആശുപത്രി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ പ്രിയങ്ക, ഷിപ്‌സി എന്നിവര്‍ 31 ന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഒക്ടോബര്‍ 18ന് നടത്തേണ്ടിയിരുന്ന പരീക്ഷ അന്നു തന്നെ 31 ന് തന്നെ പരീക്ഷ നടത്തുകയായിരുന്നു.

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിട്ടും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചും മാനേജ്‌മെന്റ് പകപോക്കുകയുണ്ടായതായി നഴ്‌സുമാര്‍ ആരോപിച്ചു.  ആശുപത്രിയിലെ ഡോ. മജീദ് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ ലൈംഗിക അധിക്ഷേപങ്ങള്‍ വരെ നടത്തിയതായും ഇവര്‍ പറഞ്ഞു.

“ജോലി സ്ഥലത്തെ ലൈംഗിക പീഡനം തടയല്‍ നിരോധന പരിഹാര നിയമം 2013 “പ്രകാരം സ്ത്രീകളോടുള്ള പ്രത്യക്ഷവും പരോക്ഷവുമായ മോശം പെരുമാറ്റം, അശ്ലീലച്ചുവയുള്ള പരാമര്‍ശം തുടങ്ങിയവയുടെ പേരില്‍ ഇദ്ദേഹത്തിനെതിരെ കൊടുങ്ങല്ലൂര്‍ എസ്.ഐയ്ക്ക് പരാതി കൊടുത്തെങ്കിലും പോലീസിന്റെ ഭാഗത്തുനിന് യാതൊരുവിധ അന്വേഷണവുമുണ്ടായില്ലെന്നും ഇവര്‍ പറഞ്ഞു.

വന്ധ്യതാചികിത്സയുടെ പേരില്‍ പ്രശസ്തമാണ് കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രി. ആശുപത്രിയില്‍ 200 ഓളം നഴ്‌സുമാരാണ് ജോലി ചെയ്യുന്നത്. മിനിമം വേതനമായ 9500 രൂപ പോലും ഭൂരിഭാഗം പേര്‍ക്കും ലഭിക്കുന്നില്ലെന്ന് സമരം നടത്തുന്ന നഴ്‌സുമാര്‍ പറഞ്ഞു.

നഴ്‌സുമാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന യു.എന്‍.എയില്‍ അംഗങ്ങളായ കാലം മുതല്‍ ഇവര്‍ മാനേജ്‌മെന്റിന്റെ കണ്ണിലെ കരടായിരുന്നു. യു.എന്‍.എയില്‍ അംഗമായി എന്ന ഒറ്റക്കാരണത്താല്‍ നഴ്‌സിംഗ് സൂപ്രണ്ടിനെ സ്റ്റാഫ് നഴ്‌സായി തരം താഴ്ത്തിയ സംഭവവും ഇവിടെയുണ്ടായി.

ആശുപത്രി മാനേജ്‌മെന്റുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും സംഘടനകളുണ്ട്. അവകാശങ്ങള്‍ക്കുവേണ്ടി അവര്‍ സമരങ്ങള്‍ നടത്താറുമുണ്ട്. അത്യാഹിത രോഗികളെ പോലും ചികില്‍സിക്കാതെ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത് കേരളത്തില്‍ നിത്യ കാഴ്ചയാണ്. എന്നാല്‍ നഴ്‌സുമാര്‍ സംഘടിക്കുന്നതും സമരം ചെയ്യുന്നതും മാനേജ്‌മെന്റിനെ ചൊടിപ്പിക്കാന്‍ കാരണമെന്താണ്.

നഴ്‌സുമാര്‍ക്ക് മിനിമം വേതനം നല്‍കാത്ത ആശുപത്രികള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ പ്രഖ്യാപനം നിലനില്‍ക്കെകയാണ് ക്രാഫ്റ്റ് പോലെയുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ഈ അനീതി നടത്തുന്നത്.

നഴ്‌സുമാരുടെ അവകാശങ്ങള്‍ ലംഘിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ കണ്ണടക്കുന്ന സര്‍ക്കാരും ഡോ. മജീദിനെതിരെ നടപടിയെടുക്കാത്ത പോലീസും ഒരു വലിയ ചോദ്യമാണ് അവശേഷിപ്പിക്കുന്നത്.

രാഷ്ട്രീയ-സാമൂഹ്യ- സാംസ്‌കാരിക സംഘടനകളും സമരം കണ്ടില്ലെന്നു നടിക്കുന്നത് വേദനാജനകമാണ്. എന്നാല്‍ മാധ്യമങ്ങളും ഈ അവകാശ സമരത്തിനുമേല്‍ പുറം തിരിഞ്ഞിരിക്കുന്നത് അത്യന്തം അപകടകരമാണ് എന്ന് പറയാതിരിക്കാന്‍ വയ്യ.

ആം ആദ്മി നേതാവ് കൂമാര്‍ ബിശ്വാസിന്റെ പ്രസ്താവനക്കെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍പന്തിയിലുണ്ടായിരുന്നു. എന്നാല്‍ നഴ്്‌സുമാരോട് അല്‍പമെങ്കിലും പ്രതിബദ്ധതയുള്ള മുഖ്യമന്ത്രി ചെയ്യേണ്ടത് നഴ്‌സുമാരോടുള്ള ചൂഷണം അവസാനിപ്പിക്കാന്‍ മുന്‍കയ്യെടുക്കുക എന്നതാണ്.

കുറഞ്ഞപക്ഷം ബലരാമന്‍ കമ്മീഷന്‍ റപ്പോര്‍ട്ട് നടപ്പിലാക്കുകയെങ്കിലും ചെയ്യണം. അതിന് തയ്യാറാവാതെ വെറുംവാക്ക് പ്രതിഷേധങ്ങളെ കേരളസമൂഹം പുച്ഛിച്ചുതള്ളുക തന്നെചെയ്യും എന്നതില്‍ സംശയമില്ല.

We use cookies to give you the best possible experience. Learn more