| Friday, 26th August 2016, 1:57 pm

നഴ്‌സുമാരുടെ ശമ്പളം ഇരട്ടിയാക്കുന്നു എന്ന പ്രചരണം അടിസ്ഥാന രഹിതം: നടക്കുന്നത് തെളിവെടുപ്പ് മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നു എന്ന തരത്തിലുളള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതം. “സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ വേതനം കൂട്ടാനൊരുങ്ങി സര്‍ക്കാര്‍” എന്ന തലക്കെട്ടില്‍ മംഗളം പത്രത്തില്‍ വന്ന വാര്‍ത്തയുടെ ചുവടുപിടിച്ചാണ് നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരണങ്ങളുണ്ടായത്.

നഴ്‌സുമാര്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരങ്ങളെ തുടര്‍ന്ന് മൂന്നുവര്‍ഷം കൂടുമ്പോള്‍ ശമ്പളം പരിഷ്‌കരിക്കും എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. 2013ലാണ് അവസാനമായി ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. ഈ സാഹചര്യത്തില്‍ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായുള്ള തെളിവെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്.

സര്‍ക്കാര്‍ രൂപം നല്‍കിയ അവലോകന സമിതി ശമ്പള വര്‍ധനവ് സംബന്ധിച്ച റിപ്പോര്‍ട്ടു നല്‍കുമെന്നായിരുന്നു മംഗളം വാര്‍ത്ത. എന്നാല്‍ തനിക്ക് ഇക്കാര്യം അറിയില്ല എന്നാണ് തിരുവനന്തപുരത്ത് ഇത്തരമൊരു യോഗം നടന്നിരുന്നോയെന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് ലേബര്‍ കമ്മീഷണര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്.

നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സ്വകാര്യ ആശുപത്രിയില്‍ തെളിവെടുപ്പ് നടക്കുന്നുണ്ട്. ഈ തെളിവെടുപ്പിനുശേഷം ഒക്ടോബറില്‍ സര്‍ക്കാറിനു ശുപാര്‍ശ നല്‍കണം. ഇതു പരിശോധിച്ചശേഷം സര്‍ക്കാരാണ് ശമ്പള വര്‍ധനവ് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്.

തെളിവെടുപ്പാണ് ഇപ്പോള്‍ നടക്കുന്നതെന്ന കാര്യം യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷായും ഡൂള്‍ ന്യൂസിനോടു സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും ഈ തെളിവെടുപ്പ് പൂര്‍ത്തിയായെന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രതിദിനം ആയിരം രൂപയെങ്കിലും വേതനം വേണമെന്ന് സമിതിയോട് നഴ്‌സുമാരുടെ സംഘടന ആവശ്യപ്പെട്ടതായി ജാസ്മിന്‍ ഷായെ ഉദ്ധരിച്ച് മംഗളം റിപ്പോര്‍ട്ടു ചെയ്തിരുന്നു.

തിരുവനന്തപുരത്ത് അവലോകന സമിതിയുടെ അവസാന യോഗം വ്യാഴാഴ്ച നടക്കുമെന്നും ഒക്ടോബര്‍ ആദ്യം കമ്മീഷന്‍ സര്‍ക്കാറിനു ശുപാര്‍ശ സമര്‍പ്പിക്കുമെന്നുമായിരുന്നു മംഗളം റിപ്പോര്‍ട്ടില്‍ പറഞ്ഞത്. എന്നാല്‍ ഈ അവലോക സമിതി എന്നൊന്നില്ല. വ്യാഴാഴ്ച നടക്കാനാരുന്ന തെളിവെടുപ്പിനെയാണ് ഇത്തരത്തില്‍ വ്യാഖ്യാനിച്ചത്. തെളിവെടുപ്പ് നടക്കാനിരുന്നത് കൊല്ലം ജില്ലയിലുമായിരുന്നു.

ഈ തെളിവെടുപ്പ് വ്യാഴാഴ്ച നടന്നിട്ടുമില്ല. ഇത്തരമൊരു വാര്‍ത്ത വന്നതാണ് തെളിവെടുപ്പ് മുടങ്ങാന്‍ കാരണമെന്ന പ്രചരണങ്ങളുണ്ടെന്നും ജാസ്മിന്‍ ഷാ പറയുന്നു.

വസ്തുത ഇതൊക്കെയാണെന്നിരിക്കെയാണ് നഴ്‌സുമാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. ഈ വാര്‍ത്തയുടെ ചുവടുപിടിച്ച് ശമ്പള വര്‍ധനവ് “നടപ്പിലാക്കിയ” സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിച്ച് സംവിധായകന്‍ ആഷിഖ് അബു ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയകളില്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന തെളിവെടുപ്പ് അട്ടിമറിക്കാന്‍ സ്വകാര്യ മാനേജ്‌മെന്റുമായുള്ള ഒത്തുകളിയാണ് ഇത്തരം വാര്‍ത്തകള്‍ക്കു പിന്നില്‍ എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ശമ്പള വര്‍ധനവ് നടപ്പാക്കിയെന്ന പ്രതീതി സൃഷ്ടിച്ച് തെളിവെടുപ്പില്‍ നഴ്‌സുമാരുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.

We use cookies to give you the best possible experience. Learn more