തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവായി. 25% മുതല്‍ 35 % വരെയാണു വര്‍ധന.
20 കിടക്കകളുള്ള ആസ്പത്രികളില്‍ ശമ്പളം 25 ശതമാനം വര്‍ധിക്കും. 20 മുതല്‍ 100 വരെ കിടക്കകളുള്ള ആസ്പത്രികളില്‍ വര്‍ധനവ് 31 ശതമാനമാണ്. 100 നുമുകളില്‍ കിടക്കകളുള്ള ആസ്പത്രികളില്‍ 35 ശതമാനവുമാണ് വര്‍ധനവ് നടപ്പാക്കുക. []
വന്‍കിട ആശുപത്രികളില്‍ ജോലിചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളം ബലരാമന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിപ്പിച്ചു വര്‍ധിപ്പിക്കാനും തീരുമാനമായി. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണുമായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ ആണു തീരുമാനം.
ഈ വര്‍ഷം ജനവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും വര്‍ധനവ്. ബലരാമന്‍ കമ്മിറ്റിയുടെ ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു.
ശമ്പള വര്‍ധന ശുപാര്‍ശ ചെയ്യാന്‍ കമ്മിഷന് അധികാരമില്ലെന്നായിരുന്നു ഇവരുടെ വാദം. തുടര്‍ന്ന് വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകളിലാണ് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചത്.
നഴ്‌സുമാര്‍ ഉള്‍പ്പെടെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു സമരം നടത്തിയിരുന്നു. വന്‍കിട ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന വേതനം 12,200 രൂപയായിരിക്കും.