[] എറണാകുളം: നഴ്‌സുമാരുടെ ശമ്പള പരിഷ്‌ക്കരണം അട്ടിമറിച്ചതിന്റെ തെളിവുകള്‍ പുറത്തായി. എറണാകുളം ലിസി, അമൃത ആശുപത്രികളാണ് സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ചത്. []
എറണാകുളം ലിസി ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം കുറച്ച് കാണിച്ചാണ് നഴ്‌സുമാര്‍ക്ക് നല്‍കുന്ന അലവന്‍സ് കുറയ്ക്കുന്നത്.
ലിസി ആശുപത്രിയില്‍ 1000 കിടക്കകളാണ് ഉള്ളത്. ഇത് പ്രകാരം 30 ശതമാനം അലവന്‍സ് ലഭിക്കണം. എന്നാല്‍ അവര്‍ കാണിക്കുന്നത് ഇതിലും കുറഞ്ഞ എണ്ണമാണ്.
അതുകൊണ്ട് തന്നെ 15 ശതമാനം മാത്രമാണ് അലവന്‍സായി ലഭിക്കുന്നത്. കൂടുതലുള്ള കിടക്കകള്‍ ജനറല്‍ വാര്‍ഡിലാണെന്ന് പറഞ്ഞാണ് ഇവിടെ തട്ടിപ്പ് നടക്കുന്നത്.
20 കിടക്കകളുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളത്തില്‍ 25 ശതമാനം വര്‍ധനയും അതിനു മുകളില്‍ 100 കിടക്കകള്‍ വരെയുള്ള ആശുപത്രിയിലെ ശമ്പളത്തില്‍ 31 ശതമാനം വര്‍ധനവുമാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്.
അതേസമയം നിയമനത്തിലെ വ്യക്തതയില്ലായ്മയാണ് ഇതിന് കാരണമെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.
എറണാകുളത്തെ തന്നെ അമൃതയിലെ തട്ടിപ്പ് മറ്റൊരു രീതിയിലാണ്. കൊല്ലം വള്ളിക്കാവിലുള്ള അമൃത കൃപ ആശുപത്രിയുടെ പേരില്‍ നിയമനം നടത്തുകയും ഡെപ്യൂട്ടേഷനിലൂടെ എറണാകുളം അമൃത ആശുപത്രിയില്‍ നിയമിക്കുകയും ചെയ്താണ് അമൃത ആശുപത്രി തട്ടിപ്പ് നടത്തുന്നത്.
മെഡിക്കല്‍ കോളേജായ എറണാകുളം അമൃതയില്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കിടക്കകള്‍ കുറവുള്ള വള്ളിക്കാവിലുള്ള ആശുപത്രിയില്‍ നിയമിതരായി എന്നതുകൊണ്ട് ലഭിക്കില്ല.
എറണാകുളം അമൃതയിലെ 60 ശതമാനം നഴ്‌സുമാരും ഇത്തരത്തില്‍ ഡെപ്യൂട്ടേഷനില്‍ നിയമിതരായവരാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ഡെപ്യൂട്ടേഷന്‍ പാടില്ലെന്ന ഉത്തരവ് നിലനില്‍ക്കെയാണ് ഈ തട്ടിപ്പ്.
നഴ്‌സുമാരുടെ ഏറെ നാളത്തെ സമരത്തിന് ശേഷമാണ് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനമായത്.
വന്‍കിട ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം ബലരാമന്‍ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് വര്‍ധിപ്പിച്ചിരുന്നത്. വന്‍കിട ആശുപത്രികളില്‍ 35 ശതമാനം വരെയാണ് വര്‍ധന.
നഴ്‌സുമാര്‍ക്ക് പ്രത്യേക അലവന്‍സ് അടക്കം 48 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്.
100 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 12,916 രൂപയാണ്. 500 മുതല്‍ 1250 രൂപ വരെ അലവന്‍സ് നല്‍കാനും തീരുമാനമായിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ മിക്ക സ്വാകാര്യ ആശുപത്രികളും ഈ നിയമങ്ങളൊക്കെ കാറ്റില്‍ പറത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
നേരത്തെ ബലരാമന്‍ കമ്മിറ്റിയുടെ ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ സംഘടന വ്യക്തമാക്കിയിരുന്നു.
ശമ്പള വര്‍ധന ശുപാര്‍ശ ചെയ്യാന്‍ കമ്മിഷന് അധികാരമില്ലെന്നായിരുന്നു ഇവരുടെ വാദം. തുടര്‍ന്ന് വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകളിലാണ് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചത്.