| Saturday, 8th September 2012, 11:39 am

മദര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂര്‍ മദര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തില്‍. ആശുപത്രിയിലെ 200 ഓളം നഴ്‌സുമാരാണ് സമരം ചെയ്യുന്നത്. അടിസ്ഥാന ശമ്പളം ഉറപ്പാക്കുക, മൂന്ന് ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുക, നഴ്‌സ് – രോഗി അനുപാതം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നഴ്‌സുമാര്‍ ഉയര്‍ത്തുന്നത്.[]

നേരത്തെ ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച്  നഴ്‌സുമാര്‍ സമരം ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരം പിന്‍വലിക്കുകയായിരുന്നു.

എന്നാല്‍ സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ മാനേജ്‌മെന്റ് പ്രതികാര നടപടി സ്വീകരിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഇവര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. സമരം ചെയ്തവരെ മാനേജ്‌മെന്റ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇവര്‍ ആരോപിച്ചിരുന്നു.

മാനേജ്‌മെന്റ് ആവശ്യപ്പെട്ടത് പ്രകാരം സൂചനാ പണിമുടക്കില്‍ പങ്കെടുത്ത അഞ്ച് നഴ്‌സുമാരെ പോലീസ് അറസ്റ്റ് ചെയ്തത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ജനപ്രതിനിധികള്‍ ഇടപെട്ടതിനെ തുടര്‍ന്ന് മൊഴിയെടുത്തശേഷം പോലീസ് ഇവരെ വെറുതെ വിടുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും സമരവുമായി  നഴ്‌സുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നത് വരെ സമരം ചെയ്യുമെന്ന് നഴ്‌സുമാര്‍ അറിയിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇവിടെ സമരം നടക്കുന്നത്. യു.എന്‍.എയുടെ നേതൃത്വത്തില്‍ ആദ്യം സമരം നടന്നതും മദര്‍ ആശുപത്രിയിലായിരുന്നു.

We use cookies to give you the best possible experience. Learn more