| Saturday, 3rd March 2018, 9:53 pm

ചര്‍ച്ചയില്‍ തീരുമാനമായില്ല; ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് നഴ്‌സ് സമരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല നഴ്‌സ് സമരം. സംസ്ഥാന ലേബര്‍ കമ്മീഷണര്‍ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി (യു.എന്‍.എ) നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടങ്ങാന്‍ തീരുമാനിച്ചത്.

നഴ്സുമാരുടെ സമരം ഹൈക്കോടതി ഉത്തരവിലൂടെ തടഞ്ഞ സാഹചര്യത്തില്‍ കൂട്ട അവധിയെടുത്തായിരിക്കും നഴ്സുമാര്‍ പണിമുടക്ക് നടത്തുന്നതെന്ന് യു.എന്‍.എ നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ മാസം അഞ്ചിന് വിധിക്കെതിരേ ഹൈക്കോടതിയില്‍ സംഘടന കക്ഷി ചേരാനും തീരുമാനിച്ചിട്ടുണ്ട്.

ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കുക, സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നടപ്പിലാക്കുക, നേരത്തെ സമരം നടത്തിയതിന്റെ പേരില്‍ സ്വകാര്യആശുപത്രി മാനേജ്മെന്റുകള്‍ നടത്തുന്ന പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ നഴ്സുമാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, നഴ്സുമാരുമായും സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുമായും ഒരുവട്ടം കൂടി ലേബര്‍ കമ്മീഷണര്‍ ചര്‍ച്ച നടത്തുന്നുണ്ട്. സമരം നടത്തുമെന്ന് അറിയിച്ചിട്ടുള്ള ആറാം തിയതിയാണ് അടുത്തതവണ ചര്‍ച്ചക്ക് തീരുമാനിച്ചിട്ടുള്ളത്.

We use cookies to give you the best possible experience. Learn more