|

പ്രതിഷേധം ഫലം കണ്ടു ; നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ വിജ്ഞാപനത്തില്‍ നിയമ സെക്രട്ടറി ഒപ്പു വെച്ചു; മിനിമം വേതനം 20000 രൂപയാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേയ്ക്ക് ലോങ് മാര്‍ച്ച് നടത്തിയുള്ള നഴ്‌സുമാരുടെ സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമം. നഴ്‌സുമാരുടെ പ്രതിഷേധം ഫലമായി എല്ലാ സ്വകാര്യാശുപത്രികളിലെയും നഴ്‌സുമാരുടെ മിനിമം വേതനം 20000 രൂപയാക്കി സര്‍ക്കാര്‍ നിശ്ചയിച്ചു. ഇത് സംബന്ധിച്ച് ശമ്പളപരിഷ്‌കരണ വിജ്ഞാപനത്തില്‍ നിയമ സെക്രട്ടറി ഒപ്പു വെച്ചു.

ജനറല്‍, ബി.എസ്.സി നഴ്‌സുമാര്‍ക്കും, പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ എ.എന്‍.എം നഴ്‌സുമാര്‍ക്കും 20000 രൂപയായിരിക്കും ശമ്പളം,നേരത്തെ ഹൈക്കോടതിയില്‍ കേസുള്ളതിനാലാണ് വിജ്ഞാപനമിറക്കാന്‍ താമസമുണ്ടായതെന്ന് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.


Also Read ‘ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിന് ഡോക്ടറെ കരുവാക്കരുത്’; കഫീല്‍ ഖാനെതിരെ നടക്കുന്നത് ഗൂഢാലോചനയെന്ന് ഐ.എം.എ


എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും ഉത്തരവുമായി ബന്ധപ്പെട്ട് വ്യക്തത വന്നതിന് ശേഷം സമരം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാമെന്നും നഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക് പോകാനായിരുന്നു നഴ്‌സുമാരുടെ തീരുമാനം ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ നിന്ന് സെക്രട്ടേറിയറ്റിലേയ്ക്ക് 170 കിലോ മീറ്ററില്‍ അധികം ദൂരം ലോങ് മാര്‍ച്ച് നടത്താനായിരുന്നു നഴ്‌സുമാരുടെ തീരുമാനം.