| Friday, 26th August 2022, 1:13 pm

ലിനിയെ കുറിച്ചുള്ള ഓരോ വാര്‍ത്ത വരുമ്പോഴും സുധയെ ഓര്‍മ്മ വരും; സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാരും നമ്മളും അവരെ ഒഴിവാക്കി

ഡോ. ജിനേഷ് പി.എസ്

ഓരോ തവണയും സിസ്റ്റര്‍ ലിനിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ വേദനയോടെ മറ്റൊരാളെ കുറിച്ച് ഓര്‍ക്കാറുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റേഡിയോളജി വിഭാഗത്തിലെ അസിസ്റ്റന്റ് ആയി ജോലി ചെയ്ത കാലത്ത് മരണമടഞ്ഞ സുധയെ. നിപ്പാ കാലത്ത് മരണമടഞ്ഞതാണ്. നിപ്പ ബാധിതനായ ഒരാളെ ജോലിയുടെ ഭാഗമായി സപ്പോര്‍ട്ട് ചെയ്യേണ്ടി വന്ന ആളാണ്. അതായത് ക്ലോസ് കോണ്‍ടാക്ട് വന്നിരുന്നു എന്ന്.

സുധ മരിക്കുന്നത് മെഡിക്കല്‍ കോളേജില്‍ വച്ച് പനി മൂര്‍ച്ഛിച്ചാണ്. ക്ലിനിക്കലി നിപ്പ എന്ന വിലയിരുത്തല്‍. പക്ഷേ ടെസ്റ്റ് ചെയ്തില്ല എന്ന് തോന്നുന്നു. ചിലപ്പോള്‍ അതിനുള്ള സമയം ലഭിച്ചിരിക്കില്ല.

പക്ഷേ രാജീവ് സദാനന്ദന്‍, ഡോക്ടര്‍ അരുണ്‍കുമാര്‍ എന്നിവര്‍ പ്രധാന ലേഖകരായി പബ്ലിഷ് ചെയ്യപ്പെട്ട അന്തര്‍ദേശീയ ജേര്‍ണലുകളില്‍ ഇതും നിപ്പ മരണം തന്നെയായി കണക്കാക്കിയിട്ടുണ്ട്. രാജീവ് സദാനന്ദന്‍ ആണ് അന്ന് ഹെല്‍ത്ത് സെക്രട്ടറി.

പക്ഷേ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാരും നമ്മളും അവരെ ഒഴിവാക്കി, മറന്നു. പക്ഷേ ടെസ്റ്റ് ചെയ്യാതെ തന്നെ ഇന്‍ഡക്‌സ് കേസ് നിപ്പ ആണ് എന്ന് പറയാന്‍ നമുക്ക് ഒരു മടിയുമില്ല.

സിസ്റ്റര്‍ ലിനിയെ കുറിച്ചുള്ള ഓരോ വാര്‍ത്ത വരുമ്പോഴും സുധയെ ഓര്‍മ്മ വരും. പലപ്പോഴും ഫേസ്ബുക്കില്‍ എഴുതണം എന്ന് കരുതും. പക്ഷേ എന്തിന് എന്നൊരു ചോദ്യം വരും. സര്‍ക്കാരോ ജനങ്ങളോ സമീപനം തിരുത്തുമെന്ന പ്രതീക്ഷയില്ല. എങ്കിലും ഇതൊന്നു പറയേണ്ട കടമയുണ്ട് എന്ന് കരുതിയതിനാല്‍ എഴുതിയതാണ്.

സജീഷിന് വിവാഹ ആശംസകള്‍, ഋതുലിനും സിദ്ധാര്‍ത്ഥിനും സജീഷിനും ഒക്കെ ആശംസകള്‍… സന്തോഷപൂര്‍ണ്ണമായ ഒരു ജീവിതം ആശംസിക്കുന്നു.

ഡോ. ജിനേഷ് പി.എസ്

We use cookies to give you the best possible experience. Learn more