ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി എബോള രോഗം സ്ഥിരീകരിച്ചു. ഒരു നേഴ്‌സിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സ്‌കോട്‌ലന്റില്‍ നിന്നെത്തിയ ഇവര്‍ ഇപ്പോള്‍ ബ്രിട്ടനിലെ അറിയപ്പെടുന്ന എബോള ചികിത്സാ കേന്ദ്രമായ റോയല്‍ ഫ്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് അകമ്പടിയോടെയാണ് ആംബുലന്‍സില്‍ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
നിലവിലെ സാഹചര്യത്തില്‍ ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടിരിക്കുന്നു എന്ന് സ്‌കോട്ട്‌ലന്റ് പ്രഥമ മന്ത്രി നിക്കോള സ്റ്റര്‍ജിയോന്‍ പറഞ്ഞു.
പോളിന്‍ കാഫെര്‍കി എന്നാണ് നേഴ്‌സിന്റെ പേരെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഒരു സ്‌കോട്ടിഷ് ഹെല്‍ത്ത് സെന്ററില്‍ 16 വര്‍ഷമായി നേഴ്‌സ് ആയി ജോലിചെയ്യുകയായിരുന്നു ഇവര്‍ എന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ രോഗിയുടെ വിവരങ്ങള്‍ പുറത്തു വിടാനാവില്ലെന്ന് സ്റ്റര്‍ജിയോന്‍ പറഞ്ഞു. രോഗി ഇപ്പോള്‍ ആശുപത്രിയിലെ എകാന്ത ചികിത്സാ യൂണിറ്റിലാണ്.
കാഫെര്‍കിയില്‍ രോഗം നേരത്തെ കണ്ടെത്തിയിരുന്നെന്നും മറ്റുള്ളവര്‍ക്ക് പകരാനുള്ള സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം അവരുമായി ബന്ധമുള്ളവരെ നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ബ്രിട്ടനില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെുത്തിയിരിക്കുന്നത്. വിമാനത്താവളങ്ങളിലും മറ്റുമായി ആഫ്രിക്കയില്‍ നിന്നും എത്തുന്നവരെയും മറ്റുയാത്രക്കാരെയും കര്‍ശനമായ പരിശോധനകളിലൂടെയാണ് രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത്.