| Tuesday, 18th March 2014, 10:53 am

എയിംസ് ആശുപത്രിയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവം: നഴ്‌സുമാരുടെ സമരം ശക്തമാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ദല്‍ഹി: ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. സംഭവത്തെ തുടര്‍ന്ന് ഇപ്പോള്‍ എയിംസില്‍ നഴ്‌സുമാര്‍ ആശുപത്രിയിലെ ഭരണ വിഭാഗം ഉപരോധിക്കുകയാണ്.

തൊടുപുഴ സ്വദേശിനിയായ മോളി സിബിച്ചനെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി സ്ഥലത്തെ പീഡനം മൂലമാണ് ജീവനൊടുക്കിയത് എന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് ഇവരുടെ മൃതദേഹത്തിനു സമീപത്തു നിന്ന് ലഭിച്ചിരുന്നു.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എയിംസിലെ നഴ്‌സുമാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഉപരോധം നടത്താന്‍ ഇവര്‍ തീരുമാനിച്ചത്.

നഴ്‌സുമാരുടെ സമരം മറ്റു സാമൂഹിക പ്രവര്‍ത്തകരും ഏറ്റെടുക്കുമെന്ന് സൂചനയുണ്ട്.

ഐ.സി.യു വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന മോളിയെ മുന്നറിയിപ്പ് കൂടാതെ ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. അവധിക്ക് അപേക്ഷിച്ചപ്പോള്‍ അവധി നല്‍കാനും ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നില്ല. ഈ രണ്ടു സംഭവങ്ങളും മോളിയെ ഏറെ അലട്ടിയിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.

ഇതിനു പുറമെ മോളിയുടെ ആത്മഹത്യയില്‍ ആശുപത്രിയ്ക്കുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് മോളിയുടെ സഹപ്രവര്‍ത്തകരായ നഴ്‌സുമാര്‍ ഇപ്പോള്‍ സമരം നടത്തി വരുന്നത്.

ആലപ്പുഴ കാവാലം തൊട്ടുകടവില്‍ ടി.ജെ സിബിച്ചനാണ് മോളിയുടെ ഭര്‍ത്താവ്. രണ്ട് കുട്ടികളുമുണ്ട്.

We use cookies to give you the best possible experience. Learn more