| Thursday, 2nd May 2024, 3:21 pm

ഹരിതാ നേതാക്കളെ തിരിച്ചെടുത്തത് മാപ്പ് കത്ത് നല്‍കിയതിനാലെന്ന് നൂര്‍ബിന റഷീദ്; നിഷേധിച്ച് ഫാത്തിമ തെഹ്‌ലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യൂത്ത് ലീഗിലേക്ക് തിരിച്ചെടുത്ത ഹരിതാ നേതാക്കള്‍ക്കെതിരായ ലീഗ് നേതാവ് നൂര്‍ബിന റഷീദിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഫാത്തിമ തെഹ്‌ലിയ. മാപ്പ് പറഞ്ഞിട്ടല്ല യൂത്ത് ലീഗിലേക്ക് ഹരിത നേതാക്കളെ തിരിച്ചെടുത്തതെന്നും മാപ്പുപറയേണ്ടതിന്റെ ആവശ്യമില്ലെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞതായി റിപ്പോര്‍ട്ടര്‍.

പരസ്പരം മനസിലാക്കലാണ് സംഘടനയ്ക്കുള്ളില്‍ നടന്നതെന്നും റിപ്പോര്‍ട്ടറിനോട് ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. പാര്‍ട്ടിക്ക് നല്‍കിയ മാപ്പ് കത്തിന്റെ അടിസ്ഥാനത്തിലും പാര്‍ട്ടിയെ ധിക്കരിച്ച് വനിതാ കമ്മീഷന് നല്‍കിയ കേസ് പിന്‍വലിച്ചതിനും ശേഷമാണ് ഹരിത നേതാക്കളെ തിരിച്ചെടുത്തതെന്നാണ് നൂര്‍ബിന റഷീദ് പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

തലയിലിരിക്കുന്ന ഫെമിനിസ്റ്റ് കാഴ്ച്ചപ്പാടുകള്‍ വലിച്ചെറിയാന്‍ ഇനിയെങ്കിലും ഹരിത നേതാക്കള്‍ക്ക് കഴിയട്ടെയെന്നും നൂര്‍ബിന റഷീദ് കുറിച്ചു. ഹരിത നേതാക്കള്‍ ‘അടുക്കള ലീഗെന്ന്’ പറഞ്ഞ് വനിതാ ലീഗിനെ ആക്ഷേപിച്ചത് ഓര്‍മയുണ്ടെന്നും ഇന്ത്യന്‍ ജനാധിപത്യത്തില്‍ തന്റെ വിശ്വാസവും സ്വത്വവും മുറുകെപ്പിടിച്ച് മുസ്‌ലിം സ്ത്രീകള്‍ രംഗപ്രവേശം നടത്തിയ പ്രസ്ഥാനത്തിന്റെ പോഷക സംഘടയാണിതെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.

ഇതിനുപിന്നാലെയാണ് പ്രതികരണവുമായി ഫാത്തിമ തെഹ്‌ലിയ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് ഹരിതയുടെ മുന്‍ സംസ്ഥാന അധ്യക്ഷയും എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന ഫാത്തിമ തെഹ്‌ലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി നോമിനേറ്റ് ചെയ്തത്. യൂത്ത് ലീഗിന്റെ നേതൃ പദവിയിലേക്ക് ആദ്യമായിട്ടാണ് ഒരു വനിതാ പ്രതിനിധിയെത്തുന്നത്.

നൂര്‍ബിന റഷീദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

എം.എസ്.എഫിലും ഹരിതയിലും കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി നടപടി നേരിട്ടവരെ ഇപ്പോള്‍ തിരിച്ചെടുത്തിരിക്കുകയാണ്. കമ്മീഷനുകള്‍ വെച്ച് കൃത്യമായ അന്വേഷണം നടത്തി പാര്‍ട്ടിക്ക് ബോധ്യമായ സത്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് പാര്‍ട്ടി നടപടി കൈക്കൊണ്ടത്. ആ വിവാദം പാര്‍ട്ടിക്ക് ഉണ്ടാക്കിയ പരിക്ക് വളരെ ഗുരുതരമായതാണ്.

ഓരോ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെയും സ്ത്രീവിരുദ്ധരായും വികല കാഴ്ചപ്പാടുകാരായും കോഴിക്കോട്ടെ പ്രസ്‌ക്ലബ്ബില്‍ പോയി അവതരിപ്പിച്ച ആ പെണ്‍കുട്ടികള്‍ ഇപ്പോഴും ഇതെല്ലാം ആ പോരാട്ടത്തിന്റെ ഭാഗമായാണെന്ന് ധരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ‘താലിബാന്‍ ലീഗെന്ന്’ തലക്കെട്ടെഴുതി കേരളത്തിലെ മാധ്യമങ്ങള്‍ കൊഴുപ്പിച്ചെടുത്ത ചര്‍ച്ചകള്‍ക്ക് മുന്നില്‍ ശിരസ് കുനിക്കേണ്ടി വന്ന ഈ പാര്‍ട്ടിയിലെ ലക്ഷക്കണക്കായ പ്രവര്‍ത്തകരെ കുറിച്ച് ഇനിയെങ്കിലും അവര്‍ ചിന്തിക്കട്ടെ. പാര്‍ട്ടിക്ക് നല്‍കിയ മാപ്പ് കത്തിന്റെ അടിസ്ഥാനത്തിലും പാര്‍ട്ടിയെ ധിക്കരിച്ച് അന്ന് വനിതാ കമ്മീഷന് നല്‍കിയ കേസ് പിന്‍വലിച്ചതിന് ശേഷമാണ് ഇപ്പോള്‍ ഇവര്‍ കടന്നുവന്നിരിക്കുന്നത്.

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല മാധ്യമങ്ങള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും ഈ പാര്‍ട്ടിയെ കൊത്തിവലിക്കാന്‍ ഇട്ടുകൊടുത്ത നിങ്ങളോട് അന്ന് സ്വന്തം മക്കളെപോലെയാണ് ആ പ്രവര്‍ത്തികളില്‍ നിന്ന് പിന്മാറാന്‍ നമ്മുടെ നേതാക്കള്‍ ആവശ്യപ്പെട്ടത്. ഇന്ന് പശ്ചാത്തപിച്ച് നിങ്ങള്‍ മടങ്ങി വന്നപ്പോഴും സ്വീകരിക്കുന്നത് ആ സാത്വികരായ നേതാക്കള്‍ സ്വന്തം മക്കളായി കണ്ടതുകൊണ്ടാണ്. ഒരു ഉമ്മയായ ഞാന്‍ ഏറെ വികാരവായ്‌പോടെയാണ് ഇത് കണ്ടുകൊണ്ടിരിക്കുന്നത്.

നമ്മുടെ മക്കള്‍ തെറ്റ് തിരുത്തി കടന്നുവരുമ്പോള്‍ എത്ര സ്‌നേഹത്തോടെയാണ് നമ്മുടെ നേതാക്കള്‍ ആ കുട്ടികളെ ചേര്‍ത്ത് നിര്‍ത്തുന്നത്. തലയിലിരിക്കുന്ന ഫെമിനിസ്റ്റ് കാഴ്ച്ചപ്പാടുകള്‍ വലിച്ചെറിയാന്‍ ഇനിയെങ്കിലും അവര്‍ക്ക് കഴിയട്ടെ. ഇന്ത്യന്‍ ജനാധിപത്യത്തില്‍ തന്റെ വിശ്വാസവും സ്വത്വവും മുറുകെപ്പിടിച്ച് മുസ്‌ലിം സ്ത്രീകള്‍ രംഗപ്രവേശം നടത്തിയ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ പോഷക സംഘടനയാണ് വനിതാ ലീഗ്.

‘അടുക്കള ലീഗെന്ന്’ ഈ കുട്ടികളില്‍ ചിലര്‍ അന്ന് ആക്ഷേപിച്ചത് ഇപ്പോഴും ഓര്‍മ്മയുണ്ട്. വളരെ വേദന തോന്നിയ സമയമായിരുന്നു അത്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വനിതാ ലീഗ് പ്രസ്ഥാനത്തിന്റെ സാരഥ്യം പരിശോധിച്ചാല്‍, കാലഘട്ടത്തിന്റെ ഒഴുക്കിനെതിരെ പോരാടികൊണ്ടാണ് അഭ്യസ്തവിദ്യാരായ ഒരുപാട് വനിതകള്‍ പച്ചക്കൊടിയേന്തി മാതൃസംഘടനക്ക് കരുത്തേകിയത് കാണാനാകും.

മക്കളെ പോറ്റി വളര്‍ത്തുന്ന കുടുംബിനികളായ ഇവിടുത്തെ ഉമ്മമാര്‍ അഭിമാനത്തോടെ ഇവിടുത്തെ രാഷ്ട്രീയ മണ്ഡലത്തില്‍ എഴുന്നേറ്റ് നിന്നത് വനിതാ ലീഗ് പ്രസ്ഥാനത്തിലൂടെയാണ്. വിദ്യാര്‍ത്ഥിനികളായ മുസ്‌ലിം പെണ്‍കുട്ടികള്‍ കടന്നുവരേണ്ട അനിവാര്യതക്ക് വനിതാലീഗിന്റെ പങ്കും കണ്ടില്ല എന്നു നടിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്.

ഇസ്‌ലാമിന് നിരവധി ഹദീസുകള്‍ നല്‍കിയ സ്വഹാബത്തുകളെ നിരാകരിച്ചു കൊണ്ട് മുസ്‌ലിം പെണ്‍കുട്ടികളെ ലിബറിലിസത്തിലേക്ക് തള്ളിവിടാനായി നിര്‍മിച്ച ആശയമാണ് ‘ഇസ്‌ലാമിക ഫെമിനിസം’ ഈ ആശയം തലയിലുള്ളവര്‍ മുസ്‌ലിം ലീഗ് ആദര്‍ശത്തിന് തന്നെ വിരുദ്ധരാണ്. ഇത്തരത്തില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ ലിബറലിസം പ്രചരിപ്പിക്കുന്ന ഒരു പ്രവര്‍ത്തിയിലേക്കും ഇവര്‍ വരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Content Highlight: Nurbina Rasheed said that the green leaders were reinstated because they had given an apology letter

We use cookies to give you the best possible experience. Learn more