| Friday, 1st July 2022, 11:08 am

നുപുര്‍ ശര്‍മ സുപ്രീം കോടതിയില്‍; കേസുകള്‍ ഒന്നായി ദല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രവാചക നിന്ദ നടത്തിയ സംഭവത്തില്‍ പ്രതിയായ ബി.ജെ.പി മുന്‍ വക്താവ് നുപുര്‍ ശര്‍മ സുപ്രീം കോടതിയെ സമീപിച്ചു. തനിക്കെതിരായ കേസുകള്‍ ഒന്നായി ദല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് നുപുര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജീവന് ഭീഷണിയുണ്ടെന്നും നുപുര്‍ ശര്‍മ സുപ്രീം കോടതിയെ അറിയിച്ചു.

പ്രവാചകനെതിരായ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും നുപുര്‍ ശര്‍മയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നുപുറിനെതിരെ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

രാജസ്ഥാന്‍ ,പശ്ചിമ ബംഗാള്‍, ബീഹാര്‍, ആന്ധ്രപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നുപുറിനെതിരെ നിലവില്‍ കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ കേസുകളെല്ലാം ദല്‍ഹി പൊലീസിന്റെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരണം എന്നാവശ്യപ്പെട്ടാണ് നുപുര്‍ ശര്‍മ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ജീവന് ഭീഷണിയുള്ളതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കോടതിയില്‍ ഹാജരാകണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും അവിടേയ്ക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും നുപുര്‍ കോടതിയില്‍ വ്യക്തമാക്കി.

ടൈംസ് നൗവില്‍ ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് നുപുര്‍ ശര്‍മ പ്രവാചകനെതിരെ രംഗത്തെത്തിയത്.

സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ പാര്‍ട്ടി നേതൃത്വം ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെ സംബന്ധിച്ചും പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്.

നുപുര്‍ ശര്‍മയെ പുറത്താക്കിയ നടപടി സ്വാഗതാര്‍ഹമാണെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍, നടപടി തെറ്റാണെന്നാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ അഭിപ്രായം. പാര്‍ട്ടിയുടെ ആശയം മാത്രമാണ് നുപുര്‍ ചര്‍ച്ചയില്‍ പറഞ്ഞതെന്നും ഇതിന് ബി.ജെ.പി സ്വീകരിച്ച നടപടി ശരിയല്ലെന്നുമായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ വാദം.

പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയത്. റാഞ്ചിയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ മരിച്ചിരുന്നു.

റാഞ്ചി മെയിന്‍ റോഡില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് മുസ്ലിങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ പത്തിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 12 പൊലീസുകാര്‍ക്കും ആക്രമത്തില്‍ പരിക്കേറ്റിരുന്നു.

അതേസമയം വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധത്തിനിറങ്ങിയവരുടെ വീടുകള്‍ യു.പി സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.

കാന്‍പൂരിലും പ്രയാഗ് രാജിലുമാണ് ആക്രമണങ്ങള്‍ നടന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ പ്രാദേശിക രാഷ്ട്രീയ നേതാവായ ജാവേദ് അഹമദിന്റെ വീടും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. പ്രതിഷേധത്തില്‍ ആസൂത്രകന്‍ ജാവേദാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം.

Content Highlight: Nupur sharma in supreme court

We use cookies to give you the best possible experience. Learn more