'വൈകിയാണെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്'; ഫ്രാങ്കോയ്ക്ക് ശിക്ഷ നല്‍കിയാല്‍ മാത്രമേ നിയമപോരാട്ടം അവസാനിപ്പിക്കുകയുള്ളുവെന്നും കന്യാസ്ത്രീകള്‍
Kerala News
'വൈകിയാണെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്'; ഫ്രാങ്കോയ്ക്ക് ശിക്ഷ നല്‍കിയാല്‍ മാത്രമേ നിയമപോരാട്ടം അവസാനിപ്പിക്കുകയുള്ളുവെന്നും കന്യാസ്ത്രീകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st September 2018, 2:01 pm

കൊച്ചി: കന്യസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന പ്രതികരണവുമായി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍. ഇത്രയും വൈകിയാണെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്ന് നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്. സഭയില്‍ നിന്ന് ഇതുവരെ യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല. എന്നും തങ്ങളെ കുറ്റവാളികളാക്കുന്ന രീതിയിലാണ് സഭ പെരുമാറിയതെന്നും അവര്‍ പറഞ്ഞു.

അതേസമയം ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുക മാത്രം പോര. തക്കതായ ശിക്ഷ നല്‍കിയാല്‍ മാത്രമേ നിയമപോരാട്ടം അവസാനിപ്പിക്കുകയുള്ളു- എന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.


ALSO READ: ജലന്ധര്‍ പീഡനം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍


നീതി ലഭ്യമാക്കുന്നതില്‍ നാനാ-മതസ്ഥര്‍ തങ്ങളെ പിന്തുണച്ചു. കൂടെ നിന്ന എല്ലാ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും നന്ദി പറയുന്നുവെന്നാണ് സമരസമിതിയിലെ കന്യാസ്ത്രീകള്‍ പറഞ്ഞത്.

കന്യാസ്ത്രീകള്‍ നല്‍കിയ പീഡനപരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് വൈക്കം മജിസ്‌ട്രേറ്റിന് മുന്നില്‍ ബിഷപ്പിനെ ഹാജരാക്കും. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്.

ബിഷപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഐ.ജിയുടെ യോഗത്തില്‍ വിലയിരുത്തിയിരുന്നു. ഇതേതുടര്‍ന്ന് അറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണ സംഘം ഉന്നതതല യോഗത്തില്‍ അറിയിച്ചിരുന്നു.

അതേസമയം പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ സേനയെ പ്രദേശത്ത് വിന്യസിക്കുമെന്നാണ് സൂചന.