|

മുസ്‌ലിങ്ങളുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുത്, പൂച്ചയും മുയലുകളെയും പോലെ പെറ്റുപെരുകുന്നു; കുര്‍ബാനയ്ക്കിടെ വര്‍ഗീയ പരാമര്‍ശവുമായി വൈദീകന്‍; പ്രതിഷേധവുമായി കന്യാസ്ത്രീകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കുര്‍ബാനയ്ക്കിടെ വൈദീകരന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതിനെതിരെ കന്യാസത്രീകളുടെ പ്രതിഷേധം. കുറുവിലങ്ങാട്ട് മഠത്തിലെ ചാപ്പലിലാണ് വൈദീകന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം.

മഠത്തിലെ ചാപ്പലിലെ കുര്‍ബാനക്കിടെ വൈദീകന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നും ഇതിനെ എതിര്‍ത്തുവെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. നാര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ച് പറയുകയും തുടര്‍ന്ന് പാല ബിഷപ് പറഞ്ഞത് ശരിയാണെന്ന് പറഞ്ഞ ശേഷം വര്‍ഗീയത വിതയ്ക്കുന്ന പരാമര്‍ശമാണ് വൈദീകന്‍ നടത്തിയതെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.

ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് വര്‍ഗീയത വിതയ്ക്കാനല്ലെന്നും സ്‌നേഹമെന്ന വാക്കിലൂടെയാണ് എല്ലാ പൂര്‍ത്തിയാക്കേണ്ടെന്നുമാണ് ക്രിസ്തു പഠിപ്പിച്ചിരിക്കുന്നതെന്നും പ്രതിഷേധിച്ച കന്യാസ്ത്രീകള്‍ പറഞ്ഞു.

മുസ്‌ലിങ്ങളുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുത്, ഓട്ടോയില്‍ കയറരുത് എന്നൊക്കെയായിരുന്നു പരാമര്‍ശമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

മുസ്‌ലിം സമുദായത്തില്‍പ്പെട്ടവര്‍ നടത്തുന്ന കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുത്. ഓട്ടോയില്‍ കയറരുത്. വണ്ടിയില്‍ കയറരുത്. പൂച്ചയും മുയലും പെറ്റുപെരുകുന്ന പോലെയാണ് മുസ്‌ലിങ്ങളും. മുന്‍പും വൈദികനും ഇത്തരം പ്രസംഗം നടത്തിയിട്ടുണ്ട്. ലൗ ജിഹാദ് ചര്‍ച്ചകള്‍ നടക്കുമ്പോഴും മുസ്‌ലിങ്ങളെ അവഹേളിച്ച് പ്രസംഗിച്ചിട്ടുണ്ട്. ഈശോ സിനിമയെക്കുറിച്ച് ചര്‍ച്ച നടന്നപ്പോഴും മുസ്‌ലിംവിരുദ്ധ പരാമര്‍ശം നടത്തിയിരുന്നെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

ബിഷപ് പറഞ്ഞ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്നും സിസ്റ്റര്‍ പറഞ്ഞു. നേരത്തെ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ.സി.ബി.സിയും പാല രൂപതയും കത്തോലിക്ക സഭയുടെ നിയന്ത്രണത്തിനുള്ള ദീപിക ദിനപ്പത്രവും രംഗത്തുവന്നിരുന്നു.

കേരളസമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകള്‍ വര്‍ഗീയ ലക്ഷ്യത്തോടെയാണെന്ന് മുന്‍വിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങള്‍ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിര്‍ത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങള്‍ ഏറ്റെടുക്കണമെന്നായിരുന്നു കെ.സി.ബി.സിയുടെ പ്രസ്താവന.

എന്നാല്‍ പാല ബിഷപ്പിന്റെ പ്രസ്താവന തള്ളി കല്ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം, മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു.

Video Stories