കൊച്ചിയില്‍ സമരം നടത്തുന്ന കന്യാസ്ത്രീകളെ പറ്റി സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജ് എം.എല്‍.എക്കെതിരെ കേസ് കൊടുക്കാനൊരുങ്ങി കുടുംബാംഗങ്ങള്‍. പി.എസി ജോര്‍ജ്ജിനെതിരെ നിയമസഭാ സ്പീക്കര്‍ക്കും, പൊലീസിനും, ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ പറഞ്ഞു.
സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയാല്‍ അറിയാം അവര്‍ പരിശുദ്ധകളാണോ എന്നാണ് പി.സി ജോര്‍ജ്ജ് ഇവരെ അധിക്ഷേപിച്ച് കൊണ്ട് പറഞ്ഞത്.
പീഡനത്തിനിരയായ കന്യാസ്ത്രീ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നെന്നും, പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും എന്താണ് പരാതി നല്‍കാഞ്ഞത് എന്നുമാണ് പി.സി ജോര്‍ജ്ജിന്റെ അധിക്ഷേപകരമായ മറ്റൊരു പ്രസ്താവന.
പീഡനത്തിന് ഇരയായ കന്യാസ്ത്രീ തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ലെന്നും, പീഡനം നടന്നപ്പോള്‍ ഇവര്‍ കന്യക അല്ലാതായെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. ഇതിനെതിരെയാണ് കുടുംബം പരാതി നല്‍കാന്‍ ഒരുങ്ങുന്നത്.
നീതി ലഭിക്കും എന്ന പ്രതീക്ഷയില്‍ തെരുവില്‍ ഇറങ്ങുമ്പോള്‍, തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി മോശമായ പരാമര്‍ശം നടത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു. പി.സി ജോര്‍ജ്ജിന്റെ പരാമര്‍ശത്തെ തുടര്‍ന്ന മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍ മാറുന്നതായും കന്യാസ്ത്രീയുടെ ബന്ധുക്കള്‍ വ്യക്തമാക്കി.
ബിഷപ്പ് ഫ്രാങ്കൊ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ഇന്ന് ഹൈക്കൊടതി ജംഗ്ഷനില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയിരുന്നു.