സിസ്റ്റര്‍ ജെസീനയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
Kerala
സിസ്റ്റര്‍ ജെസീനയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th February 2021, 7:49 pm

കൊച്ചി: വാഴക്കാല മൂലേപ്പാടം റോഡിലെ സെയ്ന്റ് തോമസ് കോണ്‍വെന്റിലെ കന്യാസ്ത്രീയായ ഇടുക്കി കീരിത്തോട് കുരിശുംമൂട്ടില്‍ തോമസിന്റെ മകള്‍ ജെസീനയെയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

അതേസമയം ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിച്ചാലെ മരണകാരണം അറിയാനാകൂ എന്ന പൊലീസ് അറിയിച്ചു.

ഞായറാഴ്ചയാണ് കന്യാസ്ത്രീയെ മഠത്തിന് സമീപമുള്ള പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ഞായറാഴ്ച ഉച്ചഭക്ഷണത്തിനായി വിളിക്കാനെത്തിയപ്പോള്‍ സിസ്റ്റര്‍ ജെസീനയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കോണ്‍വെന്റ് അധികൃതര്‍ തിരച്ചില്‍ നടത്തിയപ്പോള്‍ വൈകീട്ടോടെ സിസ്റ്ററെ മഠത്തിന്റെ തൊട്ടുപിറകിലുള്ള മൂലേപ്പാടം കരിങ്കല്‍ ക്വാറിയില്‍ കാണപ്പെടുകയായിരുന്നു.

ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും, ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. പായല്‍ നിറഞ്ഞ പാറമടയില്‍ പൂര്‍ണമായും മുങ്ങിയിട്ടില്ലാത്ത നിലയിലായിരുന്നു മൃതദേഹം. ശിരോവസ്ത്രം കുടുങ്ങിയ നിലയിലായിരുന്നു.

2018-ലായിരുന്നു ജെസീന സെയ്ന്റ് തോമസ് കോണ്‍വെന്റിലെത്തിയത്. അതേസമയം ജെസീന മാനസിക വിഭ്രാന്തിയെ തുടര്‍ന്ന് 2011 മുതല്‍ ചികിത്സയിലായിരുന്നെന്ന് കന്യാസ്ത്രീമഠം അധികൃതര്‍ പറഞ്ഞു.

എന്നാല്‍, മാനസികപ്രശ്‌നമുള്ള കാര്യം തങ്ങള്‍ക്ക് അറിയില്ലെന്ന് സ്ഥലത്തെത്തിയ ബന്ധുക്കള്‍ വ്യക്തമാക്കി. ശനിയാഴ്ച വീട്ടിലേക്ക് വിളിച്ചപ്പോള്‍പ്പോലും യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും, ജെസീനയെ കാണാതായ വിവരം അധികൃതര്‍ തങ്ങളെ അറിയിച്ചത് പള്ളിയില്‍ പോയിട്ട് തിരികെ എത്തിയിട്ടില്ലെന്നുമാണെന്ന് ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.

ഈ വ്യാഴാഴ്ച സിസ്റ്റര്‍ വീട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. മഠത്തിന്റെ വളപ്പില്‍നിന്ന് പാറമടയിലേക്കിറങ്ങാന്‍ പടികള്‍ ഉണ്ട്. വിവിധ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ ഉള്‍പ്പെടെ 12 കന്യാസ്ത്രീകളാണ് ഇവിടത്തെ താമസക്കാര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nuns Death Primary Postmortem Report