| Wednesday, 24th March 2021, 8:02 pm

കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം സംഘപരിവാര്‍ പ്രൊപഗാണ്ട: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ ഉത്തര്‍പ്രദേശിലുണ്ടായ ആക്രമണം സംഘപരിവാറിന്റെ പ്രൊപഗാണ്ടയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്കെതിരെ യു.പിയില്‍ നടന്ന ആക്രമണം ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരാക്കാനും ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിക്കാനും സംഘപരിവാര്‍ നടത്തിയ നീചമായ പ്രചാരണത്തിന്റെ ഫലമാണ്. അത്തരം വിഘടനശക്തികളെ പരാജയപ്പെടുത്തുന്നതിനായി ആത്മപരിശോധന നടത്താനും തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളാനുമുള്ള സമയമാണിത്’, രാഹുല്‍ പറഞ്ഞു.

നേരത്തെ കന്യാസ്ത്രീകളെ ആക്രമിച്ചത് എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന വെളിപ്പെടുത്തലുമായി ഝാന്‍സി റെയില്‍വേ സൂപ്രണ്ട് രംഗത്തെത്തിയിരുന്നു. ഋശികേശിലെ സ്റ്റഡിക്യാംപ് കഴിഞ്ഞ് മടങ്ങിയ എ.ബി.വി.പി പ്രവര്‍ത്തകരാണ് കന്യാസ്ത്രീകളെ ആക്രമിച്ചതെന്നും മതപരിവര്‍ത്തനമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും സൂപ്രണ്ട് പറഞ്ഞു.

മാര്‍ച്ച് 19നാണ് ദല്‍ഹിയില്‍ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളടക്കമുള്ള നാല് പേര്‍ക്കെതിരെ ട്രെയ്‌നില്‍ വെച്ചും പിന്നീട് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ചും സംഘപരിവാര്‍ ആക്രമണമുണ്ടായത്. ഒഡിഷയില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീ വിദ്യാര്‍ത്ഥികളെ വീട്ടിലാക്കുന്നതിന് വേണ്ടി മലയാളിയായ കന്യാസ്ത്രീയും മറ്റൊരു കന്യാസ്ത്രീയും കൂടി ദല്‍ഹിയില്‍ നിന്നും വരികയായിരുന്നു. വിദ്യാര്‍ത്ഥികള്‍ സാധാരണ വസ്ത്രവും കന്യാസ്ത്രീകള്‍ സഭാവസ്ത്രത്തിലുമായിരുന്നു. തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍.

ഝാന്‍സി എത്താറായപ്പോള്‍ ട്രെയ്‌നിലെ ചിലര്‍ ഇവരുടെ അടുത്തെത്തി പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥിനികളെ കന്യാസ്ത്രീകള്‍ മതംമാറ്റാന്‍ ശ്രമിക്കുകയാണമെന്നായിരുന്നു അക്രമികളുടെ ആരോപണം. തങ്ങള്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുള്ളവരാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞെങ്കിലും ഇവര്‍ അംഗീകരിച്ചില്ല.

ജയ് ശ്രീരാം, ജയ് ഹനുമാന്‍ എന്നീ മുദ്രാവാക്യം വിളികളും ഭീഷണികളുമായി കൂടുതല്‍ പേരെത്തുകയായിരുന്നു. ഝാന്‍സി സ്റ്റേഷനിലെത്തിയപ്പോള്‍ യു.പി പൊലീസെത്തി കന്യാസ്ത്രീകളോടും വിദ്യാര്‍ത്ഥികളോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു.
അപ്പോഴേക്കും സ്റ്റേഷനില്‍ നൂറ്റമ്പതോളം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെത്തിയിരുന്നുവെന്ന് കന്യാസ്ത്രീകള്‍ പറയുന്നു.

ഇവരെ അറസ്റ്റ് ചെയ്ത് മാറ്റാന്‍ ശ്രമിക്കാതെ പൊലീസ് കന്യാസ്ത്രീ സംഘത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വനിതാ പൊലീസില്ലാതെ വരാനാകില്ലെന്ന് അറിയിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ലെന്നും ആധാര്‍ കാര്‍ഡും മറ്റും രേഖകളും കാണിച്ചെങ്കിലും രാത്രി 11 മണിക്ക് ശേഷമായിരുന്നു സ്റ്റേഷനില്‍ നിന്നും ബിഷപ്പ് ഹൗസിലേക്ക് വിട്ടയച്ചതെന്നും കന്യാസ്ത്രീകള്‍ പറയുന്നു.

ശനിയാഴ്ചയാണ് പിന്നീട് ഇവര്‍ യാത്ര തുടര്‍ന്നത്. സഭാവസ്ത്രം മാറ്റി സാധാരണ വസ്ത്രം ധരിച്ച് പൊലീസ് സംരക്ഷണത്തിലായിരുന്നു ഈ യാത്ര.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nuns Attack UP Rahul Gandhi

We use cookies to give you the best possible experience. Learn more