കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോര്‍ജിനെതിരെ കേസെടുത്തു
Kerala News
കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോര്‍ജിനെതിരെ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th September 2018, 8:43 pm

കോഴിക്കോട്: കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ കേസെടുത്ത് പൊലീസ്. കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച പരാതി അന്വേഷണത്തിനായി വൈക്കം ഡി.വൈ.എസ്പി കെ.സുഭാഷിന് കൈമാറി.

പീഡനത്തിനിരയായ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ചായിരുന്നു പി.സി ജോര്‍ജ് അധിക്ഷേപിച്ചത്. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്‌സും വച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണ്. ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീയ്ക്ക് വേണ്ടി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ സഭയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നുവരാണെന്നും പി.സി.ജോര്‍ജ് ആരോപിച്ചിരുന്നു.


Read Also : “എന്റെ അപ്പനാണ് അകത്തുള്ളത് അത് കൊണ്ടാണ് പോയി കണ്ടത്”; ഫ്രാങ്കോയെ ജയില്‍ അടക്കാന്‍ കാരണമായ പത്രക്കാര്‍ക്ക് മുകളില്‍ ഇടിത്തീ വിഴും; പി.സി ജോര്‍ജ് (വീഡിയോ)


 

പി.സി.ജോര്‍ജിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വനിതാ കമ്മീഷന്‍ തന്റെ മൂക്ക് ചെത്തുമോയെന്നായിരുന്നു പിസിയുടെ മറുപടി. പീഡനപരാതിയില്‍ കൃത്യമായി തെളിവില്ലാതെ പി.കെ.ശശി എംഎല്‍എയ്‌ക്കെതിരെ കേസെടുക്കരുതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇരയാണെന്നും പിസി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കോട്ടയം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി സി ജോര്‍ജ് കന്യാസ്ത്രീയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതിനെതുടര്‍ന്ന് ഈ പരാമര്‍ശം ജോര്‍ജ് പിന്‍വലിച്ചിരുന്നു.