| Monday, 8th October 2018, 8:06 am

ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീകള്‍ രണ്ടാംഘട്ട സമരം തുടങ്ങുന്നു; പി.സി. ജോര്‍ജിനെ ഉപരോധിക്കാനും തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീകള്‍ രണ്ടാംഘട്ട സമരം തുടങ്ങുന്നു. സേവ് അവര്‍ സിസ്റ്റേഴ്സ് (എസ്.ഒ.എസ്.) ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് രണ്ടാംഘട്ട സമരം തുടങ്ങുന്നത്. പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിക്കുന്ന സഭാനീക്കത്തിനെതിരെയും ബിഷപ്പ് ഫ്രാങ്കോയെ രാഷ്ട്രീയനേതാക്കള്‍ ജയിലില്‍ സന്ദര്‍ശിക്കുന്നതിലും പ്രതിഷേധിച്ചാണ് സമരം.

സമരപ്രഖ്യാപനവും സ്ത്രീസംഗമവും എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്നു. മറ്റ് ബിഷപ്പുമാരും രാഷ്ട്രീയക്കാരും ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.


പൊതുവേദികളില്‍ കന്യാസ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തുന്ന പി.സി. ജോര്‍ജിനെ ഉപരോധിക്കാനും തീരുമാനിച്ചു. പി.സി ജോര്‍ജിനെതിരേ കുറ്റപത്രം തയ്യാറാക്കാനും സംസ്ഥാന വ്യാപകമായി ഒപ്പുശേഖരണം നടത്തി നിയമസഭാ സ്പീക്കര്‍ക്ക് നല്‍കാനും യോഗം തീരുമാനിച്ചു.

ക്രിസ്തീയസഭകളേയും ക്ഷേത്രങ്ങളേയും മുസ്ലിം പള്ളികളേയും നയിക്കുന്നത് സവര്‍ണ വരേണ്യബോധമാണ്, അത് സ്ത്രീവിരുദ്ധവും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് എതിരേയുമാണ്. സ്ത്രീകളുടെ സംഘടിത ശക്തിക്കു മാത്രമേ ഈ ബോധത്തെ മറികടക്കാന്‍ കഴിയുകയുള്ളൂവെന്ന് സമരപ്രഖ്യാപനവേദിയില്‍ സംസാരിച്ച എഴുത്തുകാരി സാറാ ജോസഫ് അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ നീതിക്കുവേണ്ടി നടത്തുന്ന സമരങ്ങള്‍ അന്തിമഘട്ടത്തില്‍ അട്ടിമറിക്കപ്പെടുന്നതാണ് സമീപകാല ചരിത്രമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ. അജിത പറഞ്ഞു.

We use cookies to give you the best possible experience. Learn more