| Saturday, 4th January 2020, 10:42 pm

'ആരോടും സംസാരിക്കാന്‍കൂടി അനുവാദമുണ്ടായിരുന്നില്ല'; ലൈംഗിക അതിക്രമത്തെത്തുടര്‍ന്ന് മഠം ഉപേക്ഷിച്ച മുന്‍ കന്യാസ്ത്രീയുടെ വിവാഹം നടത്താന്‍ പിരിവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലൈംഗികാതിക്രമത്തെത്തുടര്‍ന്ന് മഠമുപേക്ഷിച്ച മുന്‍ കന്യാസ്ത്രീയുടെ വിവാഹം നടത്താന്‍ പിരിവ്. കന്യാസ്ത്രീ മഠത്തില്‍നിന്നും നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം യുവതി മഠം ഉപേക്ഷിച്ചത്. ഇവരെ പിന്തുണയ്ച്ച് രംഗത്തെത്തിവരാണ് കൊച്ചിയില്‍ പിരിവ് നടത്തിയത്.

പച്ചാളത്തെ സെന്റ് ജോസഫ് പ്രൊവിന്‍ഷ്യലേറ്റിന് സമീപത്താണ് പിരിവ് നടത്തിയത്. ഇതേ മഠത്തില്‍നിന്നാണ് കന്യാസ്ത്രീയായിരിക്കെ യുവതിക്കുനേരെ ലൈംഗികാതിക്രമമുണ്ടായത്. അസീസി സിസ്റ്റേഴ്‌സ് മേരി ഇമ്മാക്യുലേറ്റ് സന്യാസ സഭയിലെ അംഗമായിരുന്നു ഇവര്‍.

സഭ കന്യാസ്ത്രീയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പതിനൊന്ന് വര്‍ഷത്തെ സന്യസ്ത ജീവിതത്തിനൊടുവിലാണ് ഇവര്‍ സഭാവസ്ത്രമുപേക്ഷിച്ച് പിരിഞ്ഞുപോന്നത്.

കര്‍ണാടകയിലെ ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് ഇവരിപ്പോള്‍. മഠത്തിനുള്ളില്‍നിന്നും നേരിടേണ്ടിവന്ന അതിക്രമങ്ങള്‍ രൂക്ഷമായപ്പോഴാണ് താന്‍ സന്യാസ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് യുവതി ദ ന്യൂസ് മിനുട്ടിനോട് പറഞ്ഞു.

’12ാം തരത്തിലെ പരീക്ഷയ്ക്ക് പിന്നാലെ ഞാന്‍ സന്യാസ ജീവിതം തെരഞ്ഞെടുത്തത്. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് സഭയിലെ എല്ലാ സുപീരിയര്‍മാരുടെയും സ്വഭാവം സമാനമല്ലെന്ന് എനിക്ക് മനസിലായത്. എല്ലാ നിലയിലും അവരെന്നെ നിയന്ത്രിക്കുകയായിരുന്നു. ഞാന്‍ ഒരു സമൂഹ ജീവി കൂടിയാണ്. എന്നാലാകട്ടെ, എനിക്ക് ആരോടും സംസാരിക്കാന്‍കൂടി അനുവാദമുണ്ടായിരുന്നില്ല. ഞാന്‍ ഞാനായിരിക്കുന്നതില്‍ അവര്‍ക്കെന്തോ പ്രശ്‌നമുള്ളതുപോലെയായിരുന്നു’, യുവതി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഠത്തില്‍നിന്നും തിരിച്ചുപോരാനുള്ള തന്റെ തീരുമാനത്തിന് കുടുംബത്തില്‍നിന്നും സുഹൃത്തുക്കളുടെയിടയില്‍നിന്നും പൂര്‍ണ പിന്തുണയായിരുന്നെന്നും അവര്‍ പറഞ്ഞു. യുവതി യാതൊരു നഷ്ടപതിഹാരവും നല്‍കാന്‍ സഭ തയ്യാറായിട്ടില്ല.

‘സാധാരണ മഠത്തില്‍നിന്നും പിരിഞ്ഞുപോകുന്നവര്‍ക്ക് ആ സഭ ഉപജീവന മാര്‍ഗം ഒരുക്കിക്കൊടുക്കാറുണ്ട്. അല്ലെങ്കില്‍ സാമ്പത്തിക സഹായം നല്‍കും. എന്നാല്‍ ഈ യുവതിയുടെ കാര്യത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ പോലും സന്യാസ സഭ തയ്യാറാവുന്നില്ല. കന്യാസ്ത്രീയായപ്പോള്‍ ഇവരുടെ വീട്ടുകാര്‍ മഠത്തിന് നല്‍കിയ പൈതൃക സ്വത്ത് തിരിച്ചുനല്‍കുന്നതുമില്ല’, കേരള ക്രിസ്ത്യന്‍ റീഫോര്‍മേഷന്‍ മൂവ്‌മെന്റിലെ അംഗം ജോര്‍ജ് ജോസഫ് ദ ന്യൂസ് മിനുട്ടിനോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more