| Monday, 8th May 2017, 7:02 pm

മൂകരായ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ പുരോഹിതന്മാരെ സഹായിച്ച സിസ്റ്റര്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിലൂടെ പുറത്തു വന്നത് ഞെട്ടിക്കുന്ന പീഡനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അര്‍ജന്റീന: മൂകരായ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ പുരോഹിതന്മാരെ സഹായിച്ച സിസ്റ്റര്‍ അറസ്റ്റില്‍. 42 കാരിയായ കൊസാക്ക കുമികോയാണ് കേള്‍വി തകരാറുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ പുരോഹിതന്മാരെ സഹായിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്തത്.

ബ്യൂണസ് ഐറിസില്‍ നിന്നും 620 മൈലോളം ദൂരെയുള്ള മൂക വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികളെ കാലങ്ങളായി പുരോഹിതന്മാര്‍ പീഡനത്തിന് ഇരകളാക്കി വരികയായിരുന്നു. ഇതിന് വേണ്ട സഹായം ചെയ്തു കൊടുത്തത് കുമികോയായിരുന്നു. സ്‌കൂളിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കുമികോയെ അറസ്റ്റ് ചെയ്തത്.

പീഡനത്തെ തുടര്‍ന്ന് ശരീരത്തിലുണ്ടായ മുറിവ് മറയ്ക്കാന്‍ ഡൈപ്പര്‍ ധരിക്കാന്‍ സിസ്റ്റര്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് കാലങ്ങളായി നടന്നു വന്ന പീഡനപരമ്പരകളുടെ മുഖ്യകണ്ണിയായ സിസ്റ്ററുടെ അറസ്റ്റിലേക്ക് നയിച്ചത്. പുരോഹിതനായ ഹൊറാസിയോ കോര്‍ബച്ചോ തന്നെ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

അതേസമയം, സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിസ്റ്റര്‍. വിദ്യാര്‍ത്ഥികളെ മര്‍ദിച്ചെന്നും ഇവര്‍ക്കെതിരെ ആരോപണമുണ്ട്. സ്‌കൂളിലെ മേലധികാരികളായ പുരോഹിതന്മാരായ കോര്‍ബച്ചോയ്ക്കും നിക്കോളോ കൊറാഡിയോയ്ക്കുമെതിരെ പീഡന ആരോപണങ്ങളുമായി ഇതിനോടകം 24 പെണ്‍കുട്ടികളാണ് രംഗത്തെത്തിയിരിക്കുന്നത്.


Also Read: ‘വിലമതിക്കാനാവാത്ത സ്വത്താണ് ധോണി;വിരാട് കോഹ്ലിയെ നല്ല രീതിയില്‍ നയിക്കാന്‍ പറ്റിയ വ്യക്തി ധോണിയാണ്’; ധോണിയുഗം അവസാനിച്ചെന്നു പറയുന്നവര്‍ക്ക് ഇതാ മറുപടി


രണ്ട് പുരോഹിതന്മാരുള്‍പ്പടെ കുറ്റാരോപിതരായ അഞ്ച് പേരെ കേസില്‍ പൊലീസ് കഴിഞ്ഞ നവംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുണ്ടാകുന്നതും സിസ്റ്റര്‍ അറസ്റ്റ് ചെയ്യപ്പെടുന്നതും. കളിക്കാനെന്ന വ്യാജേന വിദ്യാര്‍ത്ഥിനികളെ ബാത്ത് റൂമിലും പൂന്തോട്ടത്തിലും ഡോര്‍മെട്രികളിലും മറ്റുമായി പീഡിപ്പിക്കുകയായിരുന്നു. മൂകരായതിനാല്‍ സംഭവങ്ങള്‍ മറ്റാരോടും പുറത്തു പറയില്ലെന്ന വിശ്വാസമായിരുന്നു പുരോഹിതരേയും സിസ്റ്ററേയും ക്രൂരത തുടരാന്‍ പ്രേരിപ്പിച്ചത്.

We use cookies to give you the best possible experience. Learn more