| Monday, 10th September 2018, 5:08 pm

പാപത്തെ വെറുത്തോളൂ പക്ഷേ പാപിക്ക് ഒത്താശ ചെയ്യരുത്

കെ.എസ്.എ കരീം

അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നോര്‍ക്കും അത്തണിയായുളേളാനേ കര്‍ത്താവേ യേശുനാഥാ… പണ്ട് കേട്ടിട്ടുള്ള ക്രിസ്തീയ ഭക്തഗാനമാണ്.
യേശു ദേവാലയം ശുദ്ധീകരിക്കുന്നു
……………………………………………………………..
യഹൂദരുടെ പെസഹ അടുത്തതിനാല്‍ യേശു ജറൂസലമിലേക്ക് പോയി.
കാള, ആട്‌. പ്രാവ് എന്നിവ വില്‍ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദേവാലയത്തില്‍ അവന്‍ കണ്ടു.

അവന്‍ കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടക്കി അവരെയെല്ലാം ആടുകളോടും കാളകളോടും കൂടെ ദേവാലയത്തില്‍ നിന്നു പുറത്താക്കി,നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്തു.

പ്രാവുകളെ വില്‍ക്കുന്നവരോട് അവന്‍ കല്‍പിച്ചു, ഇവയെ ഇവിടെ നിന്ന് എടുത്തുകൊണ്ട് പോകുവിന്‍, എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്.

അനന്തരം കേരളാ പൊലീസ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ മൊഴിയെടുക്കാന്‍ ജലന്ധറി എത്തി. പൊലിസിനെ പ്രതിരോധത്തിലാക്കാന്‍ സന്ദര്‍ശനാനുമതി നിഷേധിച്ചു. വാട്ട്സ്ആപ്പില്‍ സന്ദേശം അയച്ച് വിശ്വാസികളെ കൂട്ടി.

ക്രിസ്തീയ വിശ്വാസത്തിന്റെ ആണിക്കല്ലുകളാണ് പത്തുകല്‍പനകള്‍. അതില്‍ പ്രധാനപ്പെട്ടതാണ് കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, കളളസാക്ഷി പറയരുത്, അന്യന്റെ ഭാര്യയെ മോഹിക്കരുത്, എന്നിവ. പറഞ്ഞിട്ടെന്താ കാര്യം, കത്തോലിക്കാ സഭയുടെ ജലന്ധര്‍ രൂപതയിലെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നു. അതേസമയം തന്നെ പരാതി ഒത്തുതീര്‍പ്പാക്കാനും കേസ് അട്ടിമിക്കാനും സഭാതലത്തില്‍ നീക്കങ്ങള്‍ സജീവം. കുര്യനാട് ആശ്രമത്തിന്റെ പ്രയോറും സ്‌കൂളിന്റെ മാനേജറുമായ ഡോ ജെയിംസ് ഏര്‍ത്തയിലാണ് ദല്ലാള്‍.

കന്യാസ്ത്രീ പരാതി പിന്‍വലിച്ചാല്‍ കാഞ്ഞിരപ്പളളി രൂപതയുടെ പരിധിയില്‍ പത്തേക്കര്‍ സ്ഥലം വാങ്ങി മഠം നിര്‍മിച്ചുനല്‍കാം എന്നാണ് ഓഫര്‍. കുമ്പസാര രഹസ്യം ഉപയോഗിച്ച് ബ്ളാക്ക്മെയില്‍ ചെയ്ത് വീട്ടമ്മയെ ലൈംഗികമായി ഉപയോഗിച്ച മലങ്കര ഓര്‍ത്തഡോക് സഭയിലെ നാല് പുരോഹിതന്‍മാര്‍ക്കെതിരെ പൊലീസ് അന്വേഷണം നടക്കുന്നു.ഒരാള്‍ കീഴടങ്ങി മറ്റുള്ളവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച് ഒളിവില്‍ കഴിയുന്നു.

പക്ഷേ ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് കെ.സി.ബി.സി വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ നിലപാട്. സര്‍ക്കാര്‍ സംവിധാനങ്ങളാകട്ടെ. സാമൂഹിക പ്രത്യാഘാത പഠനം നടത്തിയ ശേഷമേ മേല്‍നടപടികളുണ്ടാവൂ എന്ന നിലപാടിലാണ്.

വിവിധ മതങ്ങളുടെ മഠങ്ങള്‍, ആശ്രമങ്ങള്‍, ശിശു മന്ദിരങ്ങള്‍, ധ്യാനകേന്ദ്രങ്ങള്‍ ഇവ ആരോപണങ്ങളില്‍ നിന്ന് മുക്തമല്ല.സത്നാംസിങ്ങും നാരായണന്‍കുട്ടിയും നമ്മുടെ മുന്നിലുണ്ട്. വള്ളിക്കാവും, പുട്ടപര്‍ത്തിയും സംശയത്തിന്റെ നിഴലിലാണ്. ആശാറാം ബാപ്പുവും ഗുര്‍മീത് റാം റഹീമും നിത്യാനന്ദയും സന്തോഷ് മാധവനും തോക്ക് സ്വാമിയും വാഴുന്ന നാട്ടില്‍ ഇത് മഹാസംഭവമൊന്നുമല്ല. എന്നല്‍ മതമേധാവികള്‍ തന്നെ കുറ്റവാളികളെ സംരക്ഷിക്കാനും ന്യായീകരിക്കാനും ഇറങ്ങിത്തിരിച്ചാല്‍ അത് സാമാന്യജനത്തിന്റെ സാമാന്യബോധത്തെ കൊഞ്ഞനം കുത്തലാവും

2017 ഫെബ്രുവരിയില്‍ കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിവികാരി ഫാദര്‍ റോബിന്‍ വടക്കാഞ്ചരി അദ്ദേഹം മാനേജരായ സ്‌കൂളിലെ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും സഭയുടെ കീഴിലുള്ള ആശുപത്രയില്‍ പ്രസവിപ്പിക്കുകയും കുഞ്ഞിനെ വൈത്തിരിയിലുള്ള സഭയുടെ തന്നെ അനാഥാലായത്തിലേക്ക് മാറ്റുകയും ചെയ്തു. വിവരം ചോര്‍ന്നതോടെ കുട്ടിയേയും മാതാപിതാക്കളെയും പ്രലോഭിപ്പിച്ച് പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ആരെങ്കിലും ചോദിച്ചാല്‍ ഗര്‍ഭത്തിനുത്തരവാദി സ്വന്തം പിതാവാണെന്ന് പറയാന്‍ പെണ്‍കുട്ടിയെ ചട്ടംകെട്ടുകയും ചെയ്തു.

ഫാദര്‍ റോബിന്‍ വടക്കാഞ്ചരി ചില്ലറക്കാരനല്ല. സഭയുടെ പത്രത്തിന്റെയും ചാനലിന്റെയും താക്കോല്‍ സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നയാളും സഭാമേലധ്യക്ഷന്‍മാരുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമാണ്. അതുകൊണ്ട്തന്നെ നൈമിഷികമായ പ്രലോഭനത്തില്‍ വീണുപോയ പാപിയുമല്ല. ഒരു രൂപ പോലും വേതനം പറ്റാത്ത പുരോഹിതന് പത്തുലക്ഷം വാഗ്ദാനം ചെയ്യാനും സഭയുടെ നിയന്ത്രണത്തിലുള്ള പള്ളി, പള്ളിക്കുടം. ആശുപത്രി, അനാഥാലയം, കന്യാസ്ത്രീ മഠം, അഡോപ്ഷന്‍ സെന്റര്‍, സര്‍ക്കാര്‍ സംവിധാനമായ ചൈഡ് വെല്‍ഫെയര്‍ കമ്മിറ്റി തുടങ്ങിയ സ്ഥാപനങ്ങളെയും അവയുടെ ചുമതലക്കാരായ വികാരിയും വയനാട് സി.ഡബ്ല്യു.സി ചെയര്‍മാനുമായ ഫാദര്‍ മോമസ് ജോസഫ് തേരകത്ത് കന്യാസ്ത്രീകളായ ആന്‍സി മാത്യു, ഒഫീലിയ, ലിസ്സിമേരി, അനീറ്റ എന്നിവരെയും തന്റെ പാപം മൂടിവെക്കാന്‍വേണ്ടി ഉപയോഗപ്പെടുത്തനും എങ്ങനെ കഴിഞ്ഞു.

ഇവിടെയാണ് സഭയുടെ കാപട്യം മറനീക്കി പുറത്ത് വരുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും സഭയ്ക്ക് പങ്കില്ലെന്നും പ്രശ്നം പഠിച്ച് സഭാനിയമങ്ങള്‍ അനുസരിച്ച് നടപടി സ്വീകരിക്കും തുടങ്ങിയ പതിവ് നമ്പറുകള്‍ ഇറക്കി പിടിച്ച് നിന്ന സഭ വിചാരണ തുടങ്ങിയതോടെ ഇറങ്ങിക്കളിച്ചു. വാദികളും സാക്ഷികളും നൈസായി കൂറുമാറി. ഫാദര്‍ റോബിന്‍ വടക്കാഞ്ചരിയോടൊപ്പം കുടുംബജീവിതം ആഗ്രഹിച്ച് ഉഭയസമ്മതപ്രകാരമായിരുന്നു ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടത്.ആ സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നത്രെ. കേസിന്റെ കൈ്ളമാക്സ് എന്തായിരിക്കും എന്നതിനെപറ്റി എകദേശ സൂചനയായി.

1984 ല്‍ കോട്ടയം ജില്ലയിലെ കുറിച്ചി ബഥനി ആശ്രമത്തില്‍ ജോളി മാത്യൂ (19) എന്ന വിദ്യര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ കെല്ലപ്പെടുന്നു. ആശ്രമത്തിലെ ഫാമില്‍ പാലുവാങ്ങന്‍ വരുമായിരുന്ന പെണ്‍കുട്ടിയെ പഠനകാര്യങ്ങള്‍ തിരക്കാന്‍ മുറിയില്‍ വിളിച്ചുവരത്തി രവിയച്ചന്‍ എന്നു വിളിക്കുന്ന ഫാദര്‍ ജോര്‍ജ് ചെറിയാന്‍ ഉപദ്രവിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി കൊല്ലപ്പെട്ടു. കേസന്വേഷണം നടത്തിയ പൊലീസ് അച്ചന്റെ മുറിയില്‍ നിന്ന് പെണ്‍കുട്ടിയുടെ നീണ്ട മുടിയും രക്തവും ഉമിനീരും തെളിവായി കണ്ടത്തെുകയും ചെയ്തു. എന്നാല്‍ സഭാനേതൃത്വത്തിന്റെ പ്രതികരണം എന്തായിരുന്നു.

മലങ്കര സഭയെ അപകീര്‍ത്തിപ്പെടുത്തനുളള ശ്രമമാണിത്. ആശ്രമത്തിലുള്ള അച്ചന്‍മാര്‍ നീണ്ട താടിയുള്ളവരാണ് അതിനാല്‍ നീണ്ട മുടിപെണ്‍കുട്ടിയുടേതാണെന്ന് പറയാന്‍ കഴിയില്ല എന്നായിരുന്നു.

2014 ല്‍ ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി സെന്റ്പോള്‍സ് ചര്‍ച്ച് വികാരിയായിരുന്ന ഫാദര്‍ രാജു കോക്കന്‍ ആദ്യകുര്‍ബാന സ്വീകരണ ചടങ്ങില്‍ ധരിക്കാനുളള പുതുവസ്ത്രം വാങ്ങികൊടുക്കാമെന്ന് പ്രലോഭിപ്പിച്ചാണ് പത്തുവയസ്സുകാരി ദരിദ്ര ബാലികയെ ലൈംഗികമായി പീഡിപ്പിച്ചത്. പൊലിസ് അറസ്റ്റ് ചെയ്ത പ്രതി വിചാരണ നേരിടുന്നു. ഇക്കാര്യത്തിലും സഭാവക്താവിന്റെ പ്രതികരണം- “ആരോപണത്തിന്റെ സത്യം അറിയാന്‍ ശ്രമിക്കുന്നു, തെറ്റുകാരനെന്ന് കണ്ടത്തെിയാല്‍ സഭാ നിയമമനുസരിച്ചുുള്ള അച്ചടക്കനടപടി അയാള്‍ നേരിടേണ്ടിവരും.”

2016 ല്‍ എറണാകുളം പുത്തന്‍ വേലിക്കരയിലെ ലൂര്‍ദ് മാതാ ചര്‍ച്ചിലെ വികാരി എഡ്വിന്‍ ഫിഗറസ് ക്വയറില്‍ പാട്ടുപാടന്‍ വന്ന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചകേസില്‍ ഇരട്ട ജീവപര്യന്തം അനുഭവിക്കുകയാണ്. പാട്ടുകാരനും സംഗീത സംവിധായകനുമായ വികാരി കുട്ടിയുടെ സംഗീതത്തിലുള്ള താല്‍പര്യം മുതലെടുക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം, വിദേശത്തേക്ക് കടക്കല്‍, ഇരയുടെ ബന്ധുക്കളെ സ്വാധീനിക്കല്‍ എല്ലാം പരജായപെട്ടപ്പോഴാണ് കോടതിയില്‍ കീഴടങ്ങുന്നത്. എല്ലാം സഭയുടെ ഒത്താശയോടെ തന്നെ.

2013 കോയമ്പത്തൂരിലെ ഫാത്തിമ സോഫിയ എന്ന പതിനേഴുകാരി വാളയറിലെ സെന്റ് സ്റ്റാന്‍സ്ലാവോസ് ചര്‍ച്ചിലെ അഥിതിമുറിയല്‍ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കാനോന്‍ കോടതി വിചാരണ നടത്തി ലൈംഗിക പീഡനം നടന്നിട്ടില്ല എന്ന് കണ്ടത്തെിയിരുന്നു. എന്നാല്‍ ഇരയുടെ അമ്മ ശാന്തി റോസ്ലിന്‍ നടത്തിയ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഫാദര്‍ കുളന്തരാജ്, ഫാദര്‍ മുദലൈമുത്തു, ഫാദര്‍ ലോറന്‍സ്, ബിഷപ്പ് തോമസ് അക്വിനാസ് എന്നിവര്‍ പിടിയിലായി ലൈംഗിക പീഡനം പ്രതികള്‍ ഏറ്റുപറയുകയും ചെയ്തു.

2010 ല്‍ ആലപ്പുഴ കൈതവനയിലെ കൗസലിംഗ് അന്റ് അഫ്റ്റര്‍ കെയര്‍ സെന്ററില്‍ ധ്യാനത്തിന് വന്ന ശ്രേയ എന്ന പന്ത്രണ്ടുകാരിയെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്ഥാപനത്തിന്റെ ചുമതലയിലുണ്ടായിരുന്ന അച്ചനും കന്യാസ്ത്രീയും സംശയത്തിന്റെ നിഴലില്‍ വന്നെങ്കിലും കാര്യക്ഷമമായ അന്വേഷണം നടന്നില്ല. ഉന്നതങ്ങളിലെ ഇടപെടല്‍ അത്രക്ക് ശക്തമായിരുന്നു.

2008 ല്‍ കൊല്ലം തങ്കശ്ശേരിയിലെ സെന്റ് മേരീസ് കോണ്‍വെന്റിലെ സിസ്റ്റര്‍ അനുപാ മേരിയെ കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. മുതിര്‍ന്ന കന്യാസ്ത്രിയുടെ പീഡനം സഹിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നു. മുതിര്‍ന്ന കന്യാസ്ത്രി തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് അനുപാ മേരി പറഞ്ഞിരുന്നതായി പിതാവ് പാപ്പച്ചന്‍ മൊഴി നല്‍കിയെങ്കിലും അന്വേഷണം ഉണ്ടായില്ല.

1992 ല്‍ തുടങ്ങിയ സിസ്റ്റര്‍ അഭയാ കൊലക്കേസിന്റെ അലയൊലികള്‍ കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും അവസാനിച്ചിട്ടില്ല. കേസ് അട്ടിമറിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുവരെ ഇടപെടലുണ്ടായി എന്നുപറഞ്ഞ് കേസന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥന്‍ വര്‍ഗീസ്.പി.തോമസ് രാജിവെച്ചു. അവസാനം ഫാദര്‍ തോമസ് കോട്ടൂരാന്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. അവര്‍ ജയിലിലുമായി.

അപ്പോഴും സഭ ഗൂഢാലോചനാസിദ്ധാന്തം അവതരിപ്പിച്ച് തടിയൂരുകയായിരുന്നു. ക്രിമിനല്‍ കേസില്‍ പ്രതിയായി ജയിലില്‍ പോയ ജീവനക്കാരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നാണ് കേരളാ സ്റ്റേറ്റ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍ അനുശാസിക്കുന്നത്. എന്നാല്‍ അഭയാകേസില്‍ പ്രതികളായ രണ്ട് അധ്യാപകരെയും സഭ സസ്പെന്‍ഡ് ചെയ്തില്ല. അതിന് സഭാ വക്താവ് പറയുന്ന വിശദീകരണം കോടതി കുറ്റവാളിയെന്ന് കണ്ടത്തെുന്നത് വരെ നിരപരാധയായി കണക്കാക്കണമെന്നാണ്. എന്നാല്‍ കാനോന്‍ നിയമമനുസരിച്ച് അയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമത്രെ.

2006 ലാണ് കത്തോലിക്കാ സഭയുടെ കീഴിലുളള മുരിങ്ങൂരിലെ ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി അന്വേഷിക്കാന്‍ വിന്‍സെന്റ് എം പോള്‍ ഐ.പി.എസി ന്റെ നേതൃത്വത്തില്‍ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയേഗിക്കുന്നത്. ഹൈക്കോടത്തിക്ക് ലഭിച്ച കത്ത് ഹര്‍ജിയായി പരിഗണിച്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു. സെന്ററിലെ ദുരുഹ മരണങ്ങള്‍, ലൈംഗിക ചൂഷണം, വിദേശ നാണയ വിനിമയ ചട്ടലംഘനം, നിരോധിത മയക്കുമരുന്നുകളുടെ ഉപയോഗം, ക്രൂരമായ ശാരീരിക പീഡനം എന്നിവയായിരുന്നു ആരോപണങ്ങള്‍.

സെന്ററിനു സമീപത്തെ ദേശീയപാതയോരത്തും റെയില്‍വേ ട്രാക്കിലും ഇടക്കിടെ കാണുന്ന അജ്ഞാത മൃതദേഹങ്ങളെ പറ്റിയും ഹൈക്കോടതിക്ക് ലഭിച്ച കത്തില്‍ സൂചനകളുണ്ടായിരുന്നു. അന്വേഷണം തുടങ്ങിയെങ്കിലും മുന്നോട്ടുപോയില്ല. ഭരണത്തിലുണ്ടായിരുന്ന പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ നേതാവ് ധ്യനകേന്ദ്രം സന്ദര്‍ശിച്ചതോടെ അനേഷണം നിലച്ചു. കാലാകാലങ്ങളില്‍ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളെ വോട്ട് ബാങ്ക് കാണിച്ച് വിരട്ടിയും പ്രലോഭിപ്പിച്ചും കാര്യം നേടാന്‍ സംഘടിത മതങ്ങള്‍ക്ക് പ്രത്യേക മെയ് വഴക്കമാണല്ലോ.

ഇത്തരം സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിച്ചിട്ടും സഭയൂടെ ഭാഗത്തുനിന്ന് ഒരു തിരുത്തല്‍ പ്രക്രിയ ഉണ്ടകുന്നില്ലെന്നതാണ് നിര്‍ഭാഗ്യകരം. എന്നാല്‍ തങ്ങള്‍ക്ക് പരിക്കേല്‍ക്കാത്ത മദ്യം, ഗര്‍ഭഛിദ്രം, ദയാവധം, സ്വവര്‍ഗ ലൈംഗികത പോലുള്ള വിഷയങ്ങളില്‍ വലിയവായില്‍ ഒച്ചയുണ്ടാക്കുകയും ചെയ്യും. ഏത് സമൂഹത്തിലും തിരുത്തല്‍ ശക്തിയാകുന്നത് പലപ്പോഴും യുവാക്കളും സ്ത്രീകളുമാണ് .ക്രിസ്തീയ വിഭാഗത്തിലെ യുവജനസംഘടനകളോ വനിതാസംഘടനകളോ (അങ്ങനെ ഒന്നുണ്ടോ) ഇത്തരം വിഷയങ്ങളില്‍ ഇക്കലമത്രയും ഒരക്ഷരം മിണ്ടിയിട്ടില്ല. തെമ്മാടിക്കുഴി, കുമ്പസാര രഹസ്യം തുടങ്ങിയവ പറഞ്ഞ് സഭ ഇവരെ ബ്ളാക്മെയില്‍ ചെയ്യുകയാണെന്ന് വേണം കരുതാന്‍.

പാപിയായ മഗ്ദലന മറിയത്തെ കല്ലെറിയാന്‍ വന്ന ജനത്തോട് യേശുദേവന്‍ പറഞ്ഞു നിങ്ങളില്‍ പാപം ചെയ്യത്തവര്‍ ആദ്യം കല്ലെറിയട്ടെ.

കത്തോലിക്കാ സഭയുടെ ഔദ്യോഗിക പത്രം സണ്‍ഡേ ശാലോമൊന്നും യേശുവിന്റെ ഈ മാതൃക പിന്‍പറ്റാന്‍ തയാറല്ല. കൊട്ടിയൂര്‍ ലൈംഗിക പീഡനക്കേസിലെ ഇരയെ അവര്‍ എപ്രകാരമാണ് കല്ലെറിയുന്നത്.

“ഇവിടെ തെറ്റില്‍ പങ്കുകാരിയായ കുട്ടിയുടെ പ്രായം 15ന് മുകളിലാണ്. എന്റെ മകളുടെ സ്ഥാനത്ത് ആ കുട്ടിയെ കണ്ട് പറയുകയാണ്. മോളെ നിനക്കും തെറ്റുപറ്റി. നാളെ ദൈവത്തിന്റെ മുമ്പില്‍ നീ ആയിരിക്കും ആദ്യം കുറ്റം ഏറ്റുപറയേണ്ടി വരിക. കുഞ്ഞേ ഒരു വൈദികന്‍ ആരാണെന്ന് എന്തുകൊണ്ട് നീ മറന്നു”. ഒരു വൈദികന്റെ വിശുദ്ധിയുടെ വില നമ്മുടെ ഈശോമിശിഹായുടെ തിരുഹൃദയത്തോളം അമൂല്യമാണെന്ന് എന്തുകൊണ്ട് നീ അറിഞ്ഞില്ല? വൈദികനും ജഡികശരീരം ഉള്ള വ്യക്തിയാണ്. പ്രലോഭനങ്ങള്‍ സംഭവിക്കുന്നതാണ്. വി. കുര്‍ബാനയില്‍ ഈശോയെ സ്വീകരിച്ച എന്റെ കുഞ്ഞേ സ്നേഹത്തോടെയോ കര്‍ക്കശമായോ ആ വൈദികനെ നിനക്ക് തിരുത്തിക്കൂടായിരുന്നോ? ഒരിക്കലും എനിക്ക് നിന്നോട് സഹതാപം ഇല്ല മോളേ (സണ്‍ഡേ ശാലോം)

പാപത്തെ വെറുക്കാനല്ലേ കര്‍ത്താവ് പറഞ്ഞിട്ടുള്ളൂ പാപിയെ വെറുക്കാന്‍ പറഞ്ഞിട്ടില്ലല്ലോ.

പിന്‍കുറി :

പ്രേഷിതര്‍ക്ക് ലൈംഗിക സ്വാതന്ത്ര്യവും കുടുംബജീവിതവും അനുവദിച്ചു കൊടുക്കുക എന്നതാണ് അവര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനുള്ള ഏകപോംവഴി.

കെ.എസ്.എ കരീം

We use cookies to give you the best possible experience. Learn more