| Tuesday, 25th November 2014, 3:02 pm

മനുഷ്യക്കടത്തില്‍ കുറ്റവാളികളാകുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു: യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ലോകത്ത് മനുഷ്യക്കടത്തില്‍ പിടിക്കപ്പെടുന്നവരില്‍ പത്തില്‍ മൂന്നുപേരും സ്ത്രീകളാണ് എന്ന് ഐക്യരാഷ്ട്രസഭയുടെ പഠന റിപ്പോര്‍ട്ട്. മറ്റു പ്രധാന കുറ്റകൃത്യങ്ങളേക്കാളേറെ മനുഷ്യക്കടത്തില്‍ സ്ത്രീകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2010-2012 കാലഘട്ടത്തില്‍ മനുഷ്യക്കടത്തില്‍ പിടിക്കപ്പെട്ടവരില്‍ 28 ശതമാനം പേര്‍ സ്ത്രീകളാണെന്ന് യു.എന്‍ ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്റ് ക്രൈം (യു.എന്‍.ഒ.ഡി.സി) പറയുന്നു. ഗാഡുകളായും റിക്രൂട്ടര്‍മാരായും പണം ശേഖരിക്കുന്നവരായൂമാണ് അവര്‍ ഇരകളായ സ്ത്രീകളുടെ വിശ്വാസം നേടിയെടുക്കുന്നത്. ഗൗരവമേറിയ കുറ്റകൃത്യങ്ങളുടെ 10 ശതമാനത്തിനും 15 ശതമാനത്തിനും ഇടയിലുള്ളവര്‍ സ്ത്രീകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മനുഷ്യക്കടത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം താരതമ്യേന കൂടുതലാണെന്ന് ആഗോള മനുഷ്യക്കടത്തിനെ കുറിച്ചുള്ള യു.എന്‍.ഒ.ഡി.സിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയ കമ്മറ്റിയുടെ മേധാവി ക്രിസ്റ്റിന കംഗാസ്പുന്റ അഭിപ്രായപ്പെട്ടു. “അവരില്‍ ചിലര്‍ മറ്റുള്ളവരെ റിക്രൂട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണ്. മനുഷ്യക്കടത്തില്‍ പങ്കാളികളാകുന്ന സ്ത്രീകളില്‍ പലരും ഇരകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. അവര്‍ പറഞ്ഞു.

ഇരകള്‍ നല്‍കുന്ന തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് മനുഷ്യക്കടത്തിനേക്കുറിച്ചുള്ള അന്വേഷണം നടക്കാറുള്ളത്. ഇതില്‍ തിരിച്ചറിയപ്പെടുന്നതും പിടിക്കപ്പെടുന്നതുമെല്ലാം വലിയൊരു ശൃംഗലയിലെ താഴെക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ മാത്രമാണ്. ഇതിലെ വലിയ കണ്ണികളായ തലപ്പത്തിരിക്കുന്ന പുരുഷന്മാര്‍ പലപ്പോഴും പിടിക്കപ്പെടാറില്ല.

പിടിക്കപ്പെടുന്നവരില്‍ 33 ശതമാനം പേര്‍ കുട്ടികളാണ്. അവരില്‍ മൂന്നില്‍ രണ്ടുപേരും പെണ്‍കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരകള്‍ കുറ്റവാളികളാവുന്നു

തന്റെ കൂട്ടാളികള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ പലപ്പോഴും മനുഷ്യക്കടത്തില്‍ പിടിക്കപ്പെടാറുള്ളതെന്ന് യു.എന്‍.ഒ.ഡി.സിയുടെ റിപ്പോര്‍ട്ട് പറയുന്നു.

30 രാജ്യങ്ങളില്‍ ഉണ്ടായിട്ടുള്ള 100 മനുഷ്യക്കടത്ത് കേസുകളില്‍ പിടിക്കപ്പെടുന്ന സ്ത്രീകളില്‍ പലരും അടുത്ത ബന്ധുക്കളില്‍ നിന്നും നിര്‍ബന്ധിത തൊഴിലിനോ ലൈംഗിക ചൂഷണത്തിനോ നിര്‍ബന്ധിതരായവരണെന്നും യു.എന്‍.ഒ.ഡി.സി പറയുന്നു.

ബിലാരസില്‍ നിന്നും യുറോപ്യന്‍ രാജ്യങ്ങളിലേക്ക് ആറ് സ്ത്രീകളെ കടത്തുകയും അവിടെ നിശാക്ലബ് ഉടമകള്‍ക്ക് വില്‍ക്കുകയും ചെയ്‌തെന്ന പേരില്‍ ഒരു സ്ത്രീയും ഭര്‍ത്താവും അഞ്ചുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച സംഭവം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2010നും 2012നും ഇടയ്ക്ക് കിഴക്കന്‍ യൂറോപ്പിലും മധ്യ ഏഷ്യയിലും പുരുഷന്‍മാരേക്കാളും കൂടുതല്‍ സ്ത്രീകള്‍ മനുഷ്യക്കടത്തിന് പിടിയിലായിട്ടുണ്ട്.വടക്കന്‍ അമേരിക്കയിലും തെക്കെ അമേരിക്കയിലും 40 ശതമാനം മനുഷ്യക്കടത്ത് കുറ്റവാളികളും സ്ത്രീകളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

തെക്കെ ഏഷ്യ,കിഴക്കെ ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ പിടിക്കപ്പെടുന്ന വനിതാ കുറ്റവാളികള്‍ 30 ശതമാനത്തോളമാണ്. അതേസമയം കിഴക്കന്‍ യൂറോപ്പിലേയും മധ്യ യൂറോപ്പിലേയും കണക്ക് 20 ശതമാനം മാത്രമാണ്.

സ്ത്രീ കുറ്റവാളികളുള്ളിടത്ത് ഇരകളാകുന്ന വനിതകളുടെ എണ്ണവും കൂടുതലാണ്.

മനുഷ്യക്കടത്തിന്റെ ഫലമായി ക്രൂരമായ അനുഭവങ്ങളുണ്ടായിട്ടുള്ള ചില പെണ്‍കുട്ടികള്‍ക്കും സത്രീകള്‍ക്കും ചൂഷണങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ വേണ്ടി മനുഷ്യക്കടത്തിനായി പ്രവര്‍ത്തിക്കേണ്ടി വരുന്നൂമുണ്ടെന്ന് ആന്റി സ്ലാവറി ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍ എയ്ഡന്‍ മക്വേഡ്. പറഞ്ഞു.മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ പലയിടത്തും ഇരകള്‍ തന്നെ കുറ്റവാളികളായി മാറുന്നു എന്നത് ഖേദകരമായ സത്യമാണെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more