വയനാട്ടിൽ 77 കടുവകളുടെ സ്ഥാനത്ത് ഇപ്പോൾ 120; എണ്ണം പെരുകിയത് ആക്രമണം വർധിപ്പിക്കുന്നുവെന്ന് വനം വകുപ്പ്
Kerala News
വയനാട്ടിൽ 77 കടുവകളുടെ സ്ഥാനത്ത് ഇപ്പോൾ 120; എണ്ണം പെരുകിയത് ആക്രമണം വർധിപ്പിക്കുന്നുവെന്ന് വനം വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th December 2023, 10:45 am

വയനാട്: വയനാട് മേഖലയിലെ കടുവകളുടെ എണ്ണത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 50 ശതമാനം വർധനയെന്ന് കടുവ സംരക്ഷണ അതോറിറ്റി. 120 കടുവകളെങ്കിലും ഇപ്പോൾ വയനാട് വന്യജീവി സങ്കേതത്തിൽ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പത്ത് വർഷങ്ങൾക്ക് മുമ്പ് 77 കടുവകൾ മാത്രമാണ് ഉണ്ടായിരുന്നത്.

കടുവകളുടെ എണ്ണം പെരുകിയതാണ് ആക്രമണങ്ങൾ വർധിക്കാൻ കാരണമെന്ന് വനം വകുപ്പ് പറയുന്നുണ്ട്. 2012ന് ശേഷം കടുവയുടെ ആക്രമണം വർധിച്ചുവരികയാണ്.

2012ൽ രണ്ട് കടുവകളുടെ അക്രമണങ്ങളാണ് ജില്ലയിൽ ഉണ്ടായത്. ഇതിൽ ഒന്നിനെ വെടിവെച്ചുകൊല്ലുകയായിരുന്നു. 2015ൽ മൂന്ന് പേർ കടുവയുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടിരുന്നു.

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ് എന്നതും വെല്ലുവിളിയാണ്. ഭക്ഷണത്തിനും വെള്ളത്തിനനും വേണ്ടി ജനവാസ മേഖലകളിലേക്ക് കടുവകൾ എത്തുന്നു. എണ്ണം പെരുകുമ്പോൾ തമ്മിലുള്ള ആക്രമണങ്ങളും വർധിക്കും. പരിക്കേറ്റ കടുവകൾക്ക് മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കാനുള്ള പ്രവണത കൂടുന്നു.

ഡിസംബർ 9ന് വയനാട് കുടല്ലൂരിൽ വയലിൽ പുല്ലരിയാൻ പോയ കർഷകനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. തുടർന്ന് കടുവ നരഭോജികളാണെങ്കിൽ കൊല്ലാൻ അനുമതി നൽകിക്കൊണ്ട് വനം വകുപ്പ് ഉത്തരവിറക്കിയിരുന്നു.

Content Highlight: Number of  Tigers in Wayanad increaed