| Friday, 23rd April 2021, 9:16 am

ഒറ്റവര്‍ഷം കൊണ്ട് രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിയായി; ദാരിദ്രത്തിന്റെ കാര്യത്തില്‍ ഇന്ത്യ 45 വര്‍ഷം മുമ്പത്തെ അവസ്ഥയിലെന്നും പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ഒറ്റവര്‍ഷം കൊണ്ട് ദരിദ്രരുടെ എണ്ണം ഇരട്ടിയായെന്ന് പഠനം. കഴിഞ്ഞ വര്‍ഷം 6 കോടിയായിരുന്നു രാജ്യത്തെ ദരിദ്രരുടെ എണ്ണം. എന്നാല്‍ കൊവിഡ് കാലത്തോടെ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് രാജ്യത്തെ ദരിദ്രരുടെ എണ്ണം 13.4 കോടിയായി ഉയര്‍ന്നു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യൂ റിസര്‍ച്ച് സെന്ററാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. 45 വര്‍ഷം മുമ്പത്തെ അവസ്ഥയിലാണ് ഇന്ത്യ ഇപ്പോള്‍ ദാരിദ്രത്തിന്റെ കാര്യത്തില്‍ എന്നും പഠനം സൂചിപ്പിക്കുന്നു.

ലോകബാങ്കിന്റെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറവ് സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ വര്‍ഷമായിരുന്നു. ഇതിനിടെയാണ് കൊവിഡ് രോഗവും രാജ്യത്ത് വെല്ലുവിളിയായത്.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിന്നുപോയതും കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായതുമാണ് ദരിദ്രരുടെ എണ്ണം ഇരട്ടിയാവുന്നതിലെ പ്രധാന കാരണങ്ങളില്‍ ഒന്ന്.

പ്രതിദിനം 150 രൂപയില്‍ താഴേ വരുമാനമുള്ളവരെയാണ് ദരിദ്രരായി കണക്കാക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും കുറഞ്ഞ വരുമാന ശ്രേണിയില്‍ പെടുന്നവരാണ്. പ്രതിദിനം 150 മുതല്‍ 700 വരെ വരുമാനം നേടുന്നവരാണ് ഇവര്‍. മുന്‍ വര്‍ഷങ്ങളില്‍ 119.7 കോടി ആളുകളായിരുന്നു ഈ ശ്രേണിയില്‍ ഉണ്ടായതെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് അത് 116.2 കോടിയായി ചുരുങ്ങി, അതായത് ഏകദേശം 3.5 കോടി പേര്‍ കൂടി ദാരിദ്ര്യരേഖയ്ക്ക് താഴെയായി.

ഇടത്തരം വരുമാനക്കാര്‍ 10 കോടിയില്‍ നിന്ന് 6.6 കോടിയായി കുറഞ്ഞെന്നും പഠനം സൂചിപ്പിക്കുന്നു. അതേസമയം, ഇന്ത്യയിലെ സമ്പന്ന ജനസംഖ്യ 30 ശതമാനം ഇടിഞ്ഞ് 1.8 കോടി ആയി മാറി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:   number of poor people in India has doubled in a single year; Pew Research Center study

We use cookies to give you the best possible experience. Learn more