ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം സൈന്യത്തിലെ ജവാന്മാരുടെ കൊഴിഞ്ഞുപോക്ക് അഞ്ചുമടങ്ങ് വര്‍ധിച്ചതായി കണക്കുകള്‍. ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകൡാണ് ഇക്കാര്യം പറയുന്നത്.
2015 മുതല്‍ കൊഴിഞ്ഞുപോകുന്ന ജവാന്മാരുടെയും പാരാമിലിറ്ററി ഉദ്യോഗസ്ഥരുടെയും എണ്ണം അഞ്ചിരട്ടിയായെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍. സി.ആര്‍പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, സി.ഐ.എസ്.എഫ് എന്നീ പാരാമിലിറ്ററി സേനയില്‍ നിന്നായി ഗസറ്റഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 14,587 പേര്‍ രാജിവെക്കുകയോ വളണ്ടറി റിട്ടയര്‍മെന്റ് എടുക്കുകയോ ചെയ്തിട്ടുണ്ട്. 2017ല്‍ ഇത് 3422 പേരാണ്.
സി.ആര്‍.പി.എഫില്‍ നിന്നും ബി.എസ്.എഫില്‍ നിന്നുമാണ് പ്രധാനമായും ജവാന്മാര്‍ വിട്ടുപോകുന്നത്. 11198 പേരാണ് ബി.എസ്.എഫ് വിട്ടത്. സി.ആര്‍.പി.എഫിലെ 10,620 പേരും ജോലി ഉപേക്ഷിച്ചു.
2015ല്‍ 35 ഗസറ്റഡ് ഓഫീസര്‍മാരാണ് സി.ആര്‍.പി.എഫ് വിട്ടതെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത് 59ആയി വര്‍ധിച്ചു.
സൈന്യത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ജവാന്മാര്‍ക്ക് ഏറ്റവും മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ ആരോപണം ഉന്നയിച്ച തേജ് ബഹദൂര്‍ യാദവ് എന്ന കോണ്‍സ്റ്റബിളിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
ജോലി വേണ്ടെന്നുവെച്ച 11198 പേരില്‍ 5505 ജവാന്മാരും 839 കീഴ്ജീവനക്കാരും, 71 ഗസറ്റഡ് ഓഫീസര്‍മാരുമാണ് കഴിഞ്ഞവര്‍ഷം വി.ആര്‍.എസ് എടുത്തത്.