Football
മെസിയോ റോണോയോ? ആരാണ് ഹാട്രിക്കുകളുടെ രാജാവ്; കണക്കുകള്‍ പരിശോധിക്കാം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Feb 14, 06:25 pm
Tuesday, 14th February 2023, 11:55 pm

ഫുട്ബോള്‍ പ്രേമികളെ എപ്പോഴും കുഴയ്ക്കുന്ന, വീറോടെയുള്ള സംവാദത്തിന് അവരെ പ്രേരിപ്പിക്കുന്ന, ഉച്ചത്തിലുള്ള ഫാന്‍ ഫൈറ്റുകള്‍ക്ക് കാരണമാകുന്ന ഒരു ചോദ്യമുണ്ട്.

മെസിയോ? റൊണാള്‍ഡോയോ? ആരാണ് മികച്ചവന്‍? ആരാണ് GOAT? (Greatest Of All Time). ഇന്നേവരെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം.

കരിയറില്‍ മെസിയാണോ റൊണാള്‍ഡോയാണോ കൂടുതല്‍ ഹാട്രിക്കുകള്‍ നേടിയതെന്ന ചോദ്യമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ പ്രധാന ചര്‍ച്ച. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അഞ്ച് ഹാട്രിക്കുകള്‍ കൂടുതല്‍ നേടി റൊണാള്‍ഡോയാണ് മുന്നില്‍.

കരിയറിലുടനീളം മെസി 56ഉം റൊണാള്‍ഡോ 61ഉം ഹാട്രിക്കുകളാണ് നേടിയിരുക്കുന്നത്. എന്നാല്‍ ഹാട്രിക്കുകളുടെ അടിസ്ഥാനത്തില്‍ ഇരുവരില്‍ ആരാണ് മികച്ചതെന്ന് പറയാനാകില്ലെന്നതാണ് സത്യം.

2003ല്‍ 16വയസ്സ് പ്രായമുള്ളപ്പോള്‍ പോര്‍ട്ടോക്കെതിരെയാണ് ബാഴ്സക്കായി മെസി തന്റെ അരങ്ങേറ്റമത്സരം കളിച്ചത്. റൊണാള്‍ഡോ 2002ല്‍ പതിനെട്ടാം വയസ്സില്‍ സ്പോര്‍ട്ടിങ് ലിസ്ബണിലൂടെ മുഖ്യധാരാ ഫുട്ബോളിലേക്കെത്തി.

ക്ലബ്ബ് ഫുട്ബോള്‍ കരിയറില്‍ നിന്നും ഇതുവരെ 701 ഗോളുകള്‍ റോണോ സ്വന്തമാക്കിയപ്പോള്‍, മെസിയുടെ സമ്പാദ്യം 695 ഗോളുകളാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയായിരുന്നു റൊണാള്‍ഡോ തന്റെ 700ാം ഗോള്‍ നേടിയത്. ഇതോടെ ക്ലബ്ബ് ഫുട്ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന ആദ്യ ഫുട്ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരുന്നു.

ക്ലബ്ബ് ഫുട്ബോള്‍ ഗോള്‍ കണക്കില്‍ മെസിയെക്കാള്‍ മുന്നിലാണ് റൊണാള്‍ഡോ. പക്ഷെ റൊണാള്‍ഡോ കളി ആരംഭിച്ച് രണ്ട് സീസണുകള്‍ കഴിഞ്ഞപ്പോഴാണ് മെസി ക്ലബ്ബ് ഫുട്ബോള്‍ മത്സരങ്ങളില്‍ സജീവമായത്.

2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം.

എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.

ലോക ഫുട്ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്. 183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.

എന്നാല്‍ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മെസിക്ക് റോണോയേക്കാള്‍ മുന്‍തൂക്കമുണ്ട്. റോണോ 22 ലോകകപ്പ് മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍. 25 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരവും മെസിയാണ്.

Content Highlights: Number of hatricks Messi and Ronaldo got in their career