ജയ്പുര്‍: ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് മാറ്റിയിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അംഗസംഖ്യ ഉറപ്പിക്കാനാണ് എം.എല്‍.എമാരെ മാറ്റിയത്.
22 എം.എല്‍.എമാരെയായിരുന്നു രാജസ്ഥാനിലെ ശിരോഹി റിസോര്‍ട്ടിലേക്കെത്തിച്ചത്. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഇവരില്‍ പലരും മടങ്ങിയെന്നാണ് വിവരം. പത്ത് പേര്‍ മാത്രമാണ് ഇനി ശിരോഹിയില്‍ അവശേഷിക്കുന്നത്. ജൂണ്‍ 19 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. അതിന് അടുത്തുള്ള ദിവസങ്ങള്‍ വരെ എം.എല്‍.എമാരെ റിസോര്‍ട്ടില്‍ താമസിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം.
സ്വന്തം മണ്ഡലങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് ഇവര്‍ മടങ്ങിയതെന്നാണ് സൂചന. റേഷന്‍ വിതരണത്തിലടക്കം നേരിട്ട് ഇടപെടല്‍ നടത്താനും പ്രധാന യോഗങ്ങള്‍ നടത്താനുമാണ് ഇതെന്നാണ് വിവരം.
‘എം.എല്‍.എമാര്‍ക്കും ഗുജറാത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കുമായി ജൂണ്‍ 18 വരെയാണ് റിസോര്‍ട്ട് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ പദ്ധതിയില്‍നിന്നും മാറി പകുതിയോളം എം.എല്‍.എമാര്‍ തിരിച്ചുപോയിക്കഴിഞ്ഞു. ഇവരെ വോട്ടിങിന്റെ സമയം വരെ പുറത്തുകടക്കാതെ സൂക്ഷിക്കുന്നതിന് പകരം മടങ്ങാന്‍ അനുവദിച്ചത് അസ്വാഭാവികമാണ്’, ഗുജറാത്തില്‍നിന്നുള്ള ഒരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.
ജൂണ്‍ 15 ന് ശേഷം കൂടുതല്‍ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി രണ്ട് ബസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും നിരവധി റൂമുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യസ്ഥാനം എന്താണെന്ന് അന്തിമ തീരുമാനമായിട്ടില്ല. എന്താണെങ്കിലും അത് ഗുജറാത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളിലായിരിക്കും. മാര്‍ച്ചുമുതല്‍ എട്ട് എം.എല്‍.എമാര്‍ രാജിവെച്ച കോണ്‍ഗ്രസിനെ സുരക്ഷിതമാക്കാനുള്ള കേന്ദ്രങ്ങളാവും തെരഞ്ഞെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ