| Thursday, 27th July 2023, 4:29 pm

ചരിത്രത്തിലെ മൂന്നാമനാകാന്‍ പാക് ബൗളര്‍, സഹതാരങ്ങള്‍ അതിന് അനുവദിക്കുമോ? കൊളംബോയില്‍ ലങ്കന്‍ വധം

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ പന്തുകൊണ്ട് വിരുത് കാട്ടി സൂപ്പര്‍ താരം നുമാന്‍ അലി. രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ലങ്കയെ പിടിച്ചുകെട്ടിയാണ് നുമാന്‍ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടുന്നത്.

ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്‌സ് 61 ഓവര്‍ പിന്നിടുമ്പോള്‍ 172 റണ്‍സിന് ആറ് എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്. നിലവില്‍ ലങ്ക 238 റണ്‍സിന് പിറകിലാണ്.

ലങ്കന്‍ നിരയില്‍ വീണ വിക്കറ്റുകളെല്ലാം നുമാന്‍ അലി എന്ന വെറ്ററന്‍ ബൗളറുടെ പേരിലാണ് എഴുതിച്ചേര്‍ക്കപ്പെട്ടത്. നിലവില്‍ ഏഴ് മെയ്ഡന്‍ അടക്കം 21 ഓവര്‍ പന്തെറിഞ്ഞ് 66 റണ്‍സ് വഴങ്ങിയാണ് തരം ആറ് വിക്കറ്റും വീഴ്ത്തിയിരിക്കുന്നത്.

നിഷാന്‍ മധുശങ്കയെ വീഴ്ത്തിക്കൊണ്ടാണ് നുമാന്‍ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. മധുശങ്കയെ ക്ലീന്‍ ബൗള്‍ഡാക്കിയ നുമാന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെയെ ഇമാം ഉള്‍ ഹഖിന്റെ കയ്യിലെത്തിച്ചും പുറത്താക്കി.

പിന്നാലെ കുശാല്‍ മെന്‍ഡിസ്, ദിനേഷ് ചണ്ഡിമല്‍, ധനഞ്ജയ ഡി സില്‍വ, സധീര സമരവിക്രമ എന്നിവരെയും നുമാന്‍ മടക്കി.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് നുമാന്‍ അലിയെ തേടിയെത്തിയിരിക്കുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത് പ്രായം ചെന്ന പാക് താരം എന്ന റെക്കോഡാണ് നുമാന്‍ സ്വന്തമാക്കിയത്. തന്റെ 36ാം വയസിലാണ് താരം ഫൈഫര്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഇതിന് പുറമെ കഴിഞ്ഞ 72 വര്‍ഷത്തിനുള്ളില്‍ 34 വയസിന് ശേഷം ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുകയും അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ആദ്യ പാക് താരം എന്ന റെക്കോഡും താരം സ്വന്തമാക്കിയിരുന്നു.

നുമാന്‍ തന്റെ വിക്കറ്റ് വേട്ട തുടരുമ്പോള്‍ ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡ് ബുക്കില്‍ പാകിസ്ഥാന്റെ പേരും എഴുതിവെക്കുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.

നിലവില്‍ രണ്ടേ രണ്ട് താരങ്ങള്‍ മാത്രമാണ് ഈ റെക്കോഡ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയുടെ അനില്‍ കുംബ്ലെയും ന്യൂസിലാന്‍ഡിന്റെ അജാസ് പട്ടേലുമാണ് ഇതിന് മുമ്പ് ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റ് നേട്ടം കൈവരിച്ചത്.

ആദ്യ ടെസ്റ്റ് വിജയിച്ച പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റും വിജയിച്ച് പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.

രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്ക 166 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അബ്ദുള്ള ഷഫീഖിന്റെ ഇരട്ട സെഞ്ച്വറിയുടെയും ആഘാ സല്‍മാന്റെയും കരുത്തില്‍ പാകിസ്ഥാന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. ഒടുവില്‍ അഞ്ച് വിക്കറ്റിന് 576 എന്ന നിലയില്‍ നില്‍ക്കവെ പാക് നായകന്‍ ബാബര്‍ അസം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

അബ്ദുള്ള ഷഫീഖ് 326 പന്തില്‍ നിന്നും 201 റണ്‍സ് നേടിയപ്പോള്ഡ 154 പന്തില്‍ പുറത്താകാതെ 132 റണ്‍സാണ് ആഘാ സല്‍മാന്‍ സ്വന്തമാക്കിയത്.

Content Highlight: Numan Ali took 6 wickets against Sri Lanka

We use cookies to give you the best possible experience. Learn more