നൂഹ് അക്രമം, കോണ്‍ഗ്രസ് എം.എല്‍.എക്ക് ഇടക്കാല ജാമ്യം; കുറ്റകരമായ തെളിവുകളില്ലെന്ന് കോടതി
national news
നൂഹ് അക്രമം, കോണ്‍ഗ്രസ് എം.എല്‍.എക്ക് ഇടക്കാല ജാമ്യം; കുറ്റകരമായ തെളിവുകളില്ലെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th October 2023, 4:15 pm

ഛണ്ഡിഗഢ്: ആറ് പേരുടെ മരണത്തിനിടയാക്കിയ നൂഹ് വര്‍ഗീയാക്രമണത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എക്ക് ഇടക്കാല ജാമ്യം. മൊബൈല്‍ ഫോണും സി.സി.ടി.വി ഫുട്ടേജും ഒഴികെ കുറ്റകരമായ തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടികാട്ടിയാണ് ഫിര്‍റോസ്പ്പൂര്‍ ജെര്‍ക്ക എം.എല്‍.എ മാമ്മന്‍ ഖാന് നൂഹ് കോടതി ചൊവാഴ്ച്ച ജാമ്യം അനുവദിച്ചത്. പരിശോധനക്കയച്ച മൊബൈല്‍ സി.സി.ടി.വി ഫുട്ടേജ് റിപ്പോട്ടുകള്‍ കോടതിയില്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ജൂലായ് 31ന് നടന്ന ആക്രമണവുമായി ബന്ധപ്പെട്ടാണ് എം.എല്‍.എയെ ഹരിയാന പൊലീസിന്റെ പ്രത്യേക സംഘം സെപ്റ്റംബര്‍ 16ന് അറസ്റ്റ് ചെയ്തത്.

കോടതി പരിഗണിച്ച നാല് എഫ്.ഐ.ആറില്‍ രണ്ടെണ്ണത്തിലാണ് കോടതി ഞായറാഴ്ച ജാമ്യം അനുവദിച്ചത്. അടുത്ത ഹിയറിങ്ങ് 18ലേക്ക് മാറ്റി. ഖാന്റെ മൊബൈല്‍ ഫോണിന്റെയും ഡി.വി.ആറിന്റെയും റിപ്പോര്‍ട്ടുകള്‍ എത്രയും പെട്ടെന്ന് കോടതിയില്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരന് വേണ്ടി ഹാജരായ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പ്രതാപ് സിംങ്ങിനോട് കോടതി ആവശ്യപ്പെട്ടു.

‘ഈ സംഭവത്തില്‍ കൃത്യമായ വീഡിയോകളോ സി.സി.ടി.വി ഫുട്ടേജുകളോ ഇല്ല. എഫ്.ഐ.ആറില്‍ ജാമ്യക്കാരന്റെ പേരില്ല, കൂടാതെ പരാതിയിലോ എഫ്.ഐ.ആറിലോ ആളുടെ പങ്കും വ്യക്തമല്ല. ഒരു പ്രത്യേക വിഭാഗം ആളുകള്‍ പരാതിക്കാരനെ ആക്രമിക്കുകയും കടയും വീടും നശിപ്പിച്ചതായുമാണ് എഫ്.ഐ.ആര്‍. എം.എല്‍.എയ്‌ക്കെതിരെ മറ്റു തെളിവുകളില്ല. ആക്രമണ സമയത്ത് ആള്‍ സംഭവസ്ഥലത്തില്ല. ഇതുമായി ബന്ധപ്പെട്ടതല്ലാതെ ഇയാളുടെ പേരില്‍ മുന്‍കാല കേസുകളുമില്ല. കഴിഞ്ഞ മാസം 15 മുതല്‍ കസ്റ്റഡിയിലുണ്ടായിട്ടും മൊബൈലില്‍ നിന്നും രേഖകള്‍ ഒന്നും കണ്ടെത്താനായില്ല. എങ്കിലും ഖാന്‍ ജൂലായ് 29 മുതല്‍31 വരെ നൂഹില്‍ പല മീറ്റിങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്,’ അഡിഷണല്‍ സെഷന്‍ ജഡ്ജി അജയ് ശര്‍മ പറഞ്ഞു.

എന്നാല്‍ മൊബൈല്‍ ഫോണ്‍ സി.സി.ടി.വി രേഖകളുടെ റിപ്പോര്‍ട്ട് ഡിടെകില്‍(ഡിജിറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ ട്രെയിനിംഗ് ആന്‍ഡ് അനാലിസിസ് സെന്റര്‍)നിന്ന് ലഭിക്കും വരെ ജാമ്യമനുവദിക്കരുതെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. അതില്‍നിന്നും എം.എല്‍.എയുടെ പങ്ക് വ്യക്തമാകുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ഫോര്‍മാറ്റ് ചെയ്ത രണ്ട് മൊബൈല്‍ ഫോണുകളും 22 ഡി.വി.ആര്‍/സി.സി.ടി.വി ഫുട്ടേജുകളുമാണ് ഡിടെക്കിനയച്ചത് എന്ന് ഹരിയാന പൊലീസ് കോടതിയെ അറിയിച്ചു.
എന്നാല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതിന്റെ കാരണം വിശദീകരിക്കാന്‍ ഖാന്റെ വക്കീലിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. എഫ്.ഐ.ആര്‍ ചെറിയ രേഖമാത്രമാണെന്നും ഡിടെക്കിലെ രേഖകള്‍ ലഭിക്കുന്നതോടെ പങ്കു വ്യക്തമാകുമെന്നും കൂടാതെ എം.എല്‍.എ നിയമസഭയില്‍ ജൂലായ് 30ന് നടത്തിയ പ്രസ്താവന ആക്രമണത്തിന്റെ പ്രേരണയായി കണക്കാക്കാമെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.

Content Highlight: Nuh Violence, Congress MLA Khan Gets Bail