ന്യൂദല്‍ഹി: ഹരിയാനയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായ നൂഹിലെ പൊലീസ് മേധാവി വരുണ്‍ സിംഗ്ലയെ സ്ഥലംമാറ്റി. ബിവാനി ജില്ലയിലേക്കാണ് ഇയാളെ മാറ്റിയത്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ നരേന്ദ്ര ബിജാര്‍നിയ നൂഹിലെ പൊലീസ് മേധാവിയാകും. 2020 ഫെബ്രുവരി മുതല്‍ 2021 ഒക്ടോബര്‍ വരെ നൂഹ് ജില്ലയിലെ പൊലീസ് സേനയുടെ തലവനായിരുന്നു അദ്ദേഹം.
സംഘര്‍ഷം തുടങ്ങിയ സമയത്ത് സിംഗ്ല അവധിയിലായിരുന്നതിനാല്‍ ബിജാര്‍നിയയെ ബിവാനി ജില്ലയില്‍ നിന്നും നൂഹിലേക്ക് എത്തിച്ചിരുന്നു. എസ്.പിയായുള്ള സ്ഥിര ഉത്തരവ് ഇപ്പോഴാണ് പുറത്തിയിരിക്കുന്നത്. സംഘര്‍ഷത്തില്‍ ഇതുവരെ ഒരു പുരോഹിതനും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്. നിരവധി വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആള്‍ക്കൂട്ടം തീവെച്ചു. അക്രമത്തിന് കാരണമായത് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ പ്രചരിപ്പിച്ച അഭ്യൂഹങ്ങളാണ് ബിജാര്‍നിയ എന്‍.ഡി.ടി.വിയോട് പറഞ്ഞു.
‘മേവത്ത് സാഹോദര്യം കൊണ്ടും സംസ്‌കാരത്താലും ഏറെ അറിയപ്പെടുന്നവരാണ്. ചില ആളുകള്‍ ആക്രമണത്തെ സോഷ്യല്‍ മീഡിയ വഴി പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഘോഷ യാത്രകള്‍ മുന്‍പും ക്ഷേത്രത്തിനടുത്ത് കൂടിയായിരുന്നു പോയിരുന്നത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു ആക്രമണം ഉണ്ടാകുന്നത്. ചില കുഴപ്പക്കാര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അക്രമം ഉണ്ടാക്കുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലൊരു സംഘര്‍ഷം ഉണ്ടാകുമെന്ന് തങ്ങള്‍ കരുതിയില്ലെന്നും ബിജാര്‍നിയ പറഞ്ഞു. മോനു മനേസര്‍ നൂഹിലെ പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച അഭ്യൂഹമാണ് സംഘര്‍ഷത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ നിരീക്ഷിച്ചുവരികയാണ്. ഇതിനുള്ള സൗകര്യങ്ങള്‍ ജില്ലാ പൊലീസ് ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലൊരു അക്രമം നടക്കുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. വീഴ്ചയുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ഇത്തരത്തിലൊരു ആക്രമണം ഉണ്ടായത്. ഇനിയും സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ അതിനെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
ബജ്‌റംഗ്ദളും വി.എച്ച്.പിയും സംഘടിപ്പിച്ച ബ്രജ്മണ്ഡല്‍ ജലാഭിഷേക് യാത്രക്ക് പിന്നാലെയാണ് ഹരിയാനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഫെബ്രുവരിയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബജ്‌റംഗ്ദള്‍ നേതാവ് മോനു മനേസറിന്റെ സാന്നിദ്ധ്യമാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. ഗുരുഗ്രാം അല്‍വാര്‍ ദേശീയപാതയില്‍ വെച്ച് റാലിക്ക് നേരെ കല്ലെറിഞ്ഞെന്നും ആരോപണമുണ്ട്.
ഗുരുഗ്രാമില്‍ അഞ്ച് ഗോഡൗണുകള്‍ക്കും കടകള്‍ക്കും ചൊവ്വാഴ്ച ആള്‍ക്കൂട്ടം തീയിട്ടു. 20 കേന്ദ്രസൈന്യ കമ്പനിയെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ 170 ആളുകളെ അറസ്റ്റ് ചെയ്യുകയും 90 ആളുകളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. 41 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ ഇന്റര്‍നെറ്റ് വീണ്ടും പുനസ്ഥാപിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരെയാണ് പൊലീസ് ഏഴ് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2300 വീഡിയോകള്‍ പരിശോധിച്ചു. സംഘര്‍ഷം നടന്ന അന്ന് പ്രകോപനപരമായ ഉള്ളടക്കം പോസ്റ്റ് ചെയ്ത മൂന്ന് അക്കൗണ്ടുകള്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Content Highlights: Nuh police chief transferred