നഗ്നത എല്ലായ്‌പ്പോഴും ലൈംഗികതയായി കാണരുത്; സ്ത്രീയുടെ നഗ്ന ശരീരം ചിത്രീകരിക്കുന്നത് അശ്ലീലമല്ല: ഹൈക്കോടതി
Kerala News
നഗ്നത എല്ലായ്‌പ്പോഴും ലൈംഗികതയായി കാണരുത്; സ്ത്രീയുടെ നഗ്ന ശരീരം ചിത്രീകരിക്കുന്നത് അശ്ലീലമല്ല: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th June 2023, 9:41 pm

കൊച്ചി: സ്ത്രീകളുടെ നഗ്ന ശരീരം ചിത്രീകരിക്കുന്നത് എല്ലായ്‌പ്പോഴും ലൈംഗികമോ അശ്ലീലമോ അല്ലെന്ന് കേരള ഹൈക്കോടതി. ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരായ പോക്സോ കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കുന്ന വിധിയിലാണ് കോടതിയുടെ നിരീക്ഷണം.

സ്ത്രീകളുടെ ശരീരം പുരുഷാധിപത്യ വ്യവസ്ഥയില്‍ ഭീഷണിയിലാണെന്നും ജസ്റ്റിസ് കൗസര്‍ എഡപ്പഗതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു.

‘പുരുഷ ശരീരം അപൂര്‍വമായി മാത്രമേ ചോദ്യം ചെയ്യപ്പെടുന്നുള്ളൂ. അതേസമയം സ്ത്രീകളുടെ ശരീരം പുരുഷാധിപത്യ വ്യവസ്ഥയില്‍ ഭീഷണിയിലാണ്. സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നു, വിവേചനം നേരിടുന്നു, ഒറ്റപ്പെടുന്നു, അവരുടെ ജീവിതത്തെയും ശരീരത്തെയും കുറിച്ച് തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനാല്‍ വിചാരണ ചെയ്യപ്പെടുന്നു.

ഒരു അമ്മയുടെ ശരീരത്തില്‍ മക്കള്‍ വരക്കുന്ന ചിത്രങ്ങള്‍ ഒരു കലയാണ്. അതിനെ എല്ലായ്‌പ്പോഴും ലൈംഗിക നിയമങ്ങളുമായി ബന്ധപ്പെടുത്താന്‍ കഴിയില്ല. ഇത് ലൈംഗിക സംതൃപ്തിക്കോ ലൈംഗിക ഉദ്ദേശ്യത്തോടെയോ ചെയ്തതാണെന്ന് പറയാന്‍ സാധിക്കില്ല.

നിഷ്‌കളങ്കമായ ഈ പ്രവര്‍ത്തിയെ, ലൈംഗിക പ്രവര്‍ത്തനത്തില്‍ കുട്ടികളെ ഉപയോഗിക്കുന്നതാണെന്ന് പറയുന്നത് ക്രൂരമാണ്. ഇവിടെ കുട്ടികളെ അശ്ലീല ചിത്രീകരണത്തിന് ഉപയോഗിച്ചതായി കാണേണ്ടതില്ല. വീഡിയോയില്‍ ലൈംഗികതയെ സംബന്ധിച്ച ഒരു സൂചനയും ഇല്ല,’ കോടതി പറഞ്ഞു.

സന്ദര്‍ഭത്തിനനുസരിച്ച് മാത്രമേ ലൈംഗികതയാണോ എന്ന് വിലയിരുത്താന്‍ സാധിക്കുകയുള്ളൂവെന്നും കോടതി സൂചിപ്പിച്ചു.

‘വീഡിയോയുടെ ഉദ്ദേശം സ്ത്രീ ശരീരവുമായി ബന്ധപ്പെട്ട സ്ഥിരമായ ലൈംഗിക വല്‍ക്കരണത്തിനെതിരെയുള്ള രാഷ്ട്രീയ കാഴ്ചപ്പാടാണ് എന്ന് ഹരജിക്കാരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീയുടെ നഗ്നമായ ശരീരം ലൈംഗികമായി കാണരുത്. അതുപോലെ ഒരു സ്ത്രീയുടെ നഗ്നശരീരം ചിത്രീകരിക്കുന്നത് അശ്ലീലമോ ലൈംഗികതയാണെന്നോ വിശേഷിപ്പാക്കാനാകില്ല. സന്ദര്‍ഭത്തിനനുസരിച്ച് മാത്രമേ ഇവ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. ഹരജിക്കാരന്റെ രാഷ്ട്രീയവും കലാപരവുമായ പ്രകടനമാണ് ഇവിടുത്തെ സന്ദര്‍ഭം,’ കോടതി വ്യക്തമാക്കി.

പുരുഷമന്‍മാരുടെ ശരീരത്തില്‍ ചിത്രീകരണം നടത്തുമ്പോള്‍ ലൈംഗികതയോട് ഉപമിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

‘നഗ്നതയെ അടിസ്ഥാനപരമായി അശ്ലീലമോ അധാര്‍മികതയോ ആയി തരംതിരിക്കുന്നത് തെറ്റാണ്. മാറ് മറക്കാന്‍ വേണ്ടി ഒരു കാലത്ത് താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ സമരം നടത്തിയ സംസ്ഥാനമാണിത്. രാജ്യത്തുടനീളം അര്‍ധനഗ്നമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചുവര്‍ ചിത്രങ്ങളും പ്രതിമകളുമടങ്ങുന്ന ക്ഷേത്രങ്ങളുണ്ട്. എല്ലാ ദേവതകളുടെയും വിഗ്രഹങ്ങള്‍ നഗ്നമായ മാറിടത്തോടെയാണെങ്കിലും ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ലൈംഗികതയല്ല മറിച്ച് ദൈവികതയാണ് തോന്നുന്നത്.

തൃശൂരില്‍ പുലിക്കളിക്ക് വേണ്ടി പുരുഷന്മാരുടെ ശരീരത്തില്‍ ചിത്രം വരക്കുന്നത് പാരമ്പര്യമായി അംഗീകരിക്കുന്നു. തെയ്യം പോലെയുള്ള ആചാരങ്ങളില്‍ പുരുഷ ശരീരത്തില്‍ ചായം തേക്കുന്നുണ്ട്. സിക്‌സ് പാക്ക്, ബൈസെപ്‌സ് തുടങ്ങിയ രീതിയില്‍ പുരുഷ ശരീരം പ്രദര്‍ശിപ്പിക്കുന്നു.

പുരുഷന്മാര്‍ ഷര്‍ട്ടില്ലാതെ നടക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇതൊന്നും നീചവും അശ്ലീലവുമായി ചിത്രീകരിക്കുന്നില്ല. പുരുഷന്റെ അര്‍ധ ന്ഗന ശരീരം സാധാരണമായാണ് കണക്കാക്കുന്നത്. എന്നാല്‍ സ്ത്രീ ശരീരം ഇതേ രീതിയില്‍ പരിഗണിക്കുന്നില്ല. ഒരു സ്ത്രീയുടെ നഗ്ന ശരീരം ലൈംഗികതയായി പരിഗണിക്കുന്നു,’ കോടതി പറഞ്ഞു.

അതേസമയം പുരുഷാധിപത്യ സങ്കല്‍പ്പങ്ങളെ വെല്ലുവിളിക്കാനും സ്ത്രീ ശരീരത്തിലെ അമിത ലൈംഗികതയ്‌ക്കെതിരായ സന്ദേശം പ്രചരിപ്പിക്കാനുമാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നതെന്ന് രഹ്ന കോടതിയില്‍ വാദിച്ചു.

തിങ്കളാഴ്ചയാണ് രഹ്ന ഫാത്തിമക്കെതിരായ പോക്സോ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയത്. തന്റെ നഗ്‌ന ശരീരത്തില്‍ മക്കള്‍ ചിത്രം വരയ്ക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു അവര്‍ക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിരുന്നത്.

തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐ.ടി ആക്ടിലെ 67ാം വകുപ്പും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75ാം വകുപ്പും ഉള്‍പ്പെടുത്തിയായിരുന്നു കേസെടുത്തത്.

നഗ്‌നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രങ്ങള്‍ വരപ്പിക്കുന്ന യൂട്യൂബ് വീഡിയോ പുറത്തിറക്കിയതിന് പിന്നാലെ തിരുവല്ല സ്വദേശിയായ അഭിഭാഷകനാണ് പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്നായിരുന്നു പരാതിക്കാരന്‍ വാദിച്ചത്.

ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐ.ടി ആക്ടിലെ 67ാം വകുപ്പ് പ്രകാരവും, കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75ാം വകുപ്പ് പ്രകാരവുമാണ് പൊലീസ് കേസെടുത്തിരുന്നത്.

പുരുഷാധിപത്യ സങ്കല്‍പ്പങ്ങളെ വെല്ലുവിളിക്കാനും സ്ത്രീ ശരീരത്തിലെ അമിത ലൈംഗികതയ്‌ക്കെതിരായ സന്ദേശം പ്രചരിപ്പിക്കാനുമാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നതെന്ന് രഹ്ന കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് വീഡിയോ അശ്ലീലമായി കണക്കാക്കാനാകില്ലെന്ന് കോടതി പറഞ്ഞത്.

content highlight: Nudity should not be seen as sexual; Depicting a woman’s naked body is not obscene: High Court