മൂന്നാര്‍: ഡി.വൈ.എഫ്.ഐ. നേതാവിന്റേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ നഗ്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ പരാതിയുമായി നേതാവ് രംഗത്ത്.
ദൃശ്യങ്ങള്‍ വ്യാജമായി നിര്‍മിച്ചതാണെന്നും ഇത് നിര്‍മിച്ച യുവതിയെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ നേതാവ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വീഡിയോകോളില്‍ വിളിച്ച യുവതി, ദൃശ്യങ്ങള്‍ കൃത്രിമമായി നിര്‍മിച്ചതാണെന്നും പരാതിയിലുണ്ട്.
രാഷ്ട്രീയ എതിരാളികളാണ് ഇതിനുപിന്നിലെന്നും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇയാള്‍ മൂന്നാര്‍ എസ്.എച്ച്.ഒ.ക്ക് പരാതി നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങള്‍ക്കുപിന്നില്‍ തട്ടിപ്പുസംഘമാണെന്ന് സംശയിക്കുന്നതായും ഇയാള്‍ പറഞ്ഞു.
സി.പി.ഐ.എം. മൂന്നാര്‍ ഏരിയാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗവുമായ യുവാവിന്റേതെന്ന് പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. അജ്ഞാത നമ്പരില്‍നിന്ന് ഒരു സ്ത്രീ വീഡിയോകോള്‍ ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നെന്നാണ് പരാതി.
കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ ഇവര്‍ നഗ്നയായിരുന്നെന്നും ഇത് കണ്ടയുടന്‍ താന്‍ ഫോണ്‍ കട്ട് ചെയ്തെന്നും നേതാവ് പറയുന്നു. പിന്നീട് ദൃശ്യം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് പരാതി.
ദേശീയപാതയോരത്തുനിന്ന് വാക്സിന്‍ ചലഞ്ച് എന്ന പേരില്‍ രണ്ടു മാസം മുന്‍പ് ഇരുമ്പു സാമഗ്രികള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആരോപണവിധേയനാണ് ഈ നേതാവ്. ഇതിന് പിന്നാലെ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്നും ഇയാളെ നീക്കിയിരുന്നു.