| Saturday, 17th December 2016, 6:46 pm

ക്രിസ്ത്യന്‍ വിശ്വാസത്തെ അപമാനിച്ചുവെന്നാരോപണം; മനോരമ പത്രം ബഹിഷ്‌കരിച്ച് ഏജന്റുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


മലയാള മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച അന്ത്യ അത്താഴത്തെയും കന്യാസ്ത്രീകളെയും അപമാനിക്കുന്ന ചിത്രത്തിനെതിരെ ക്രൈസ്തവര്‍ക്കിടയില്‍ നിന്നും സഭയില്‍ നിന്നും തന്നെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഏജന്റുമാര്‍ വ്യാപകമായി പത്രം ബഹിഷ്‌കരിക്കുന്ന വിവരം പുറത്തുവരുന്നത്.


കല്‍പ്പറ്റ: ക്രിസ്ത്യന്‍ വിശ്വാസത്തെ അപമാനിച്ചെന്നാരോപിച്ച് മലയാള മനോരമ ഏജന്റുമാര്‍ വ്യാപകമായി പത്രം ബഹിഷ്‌കരിക്കുന്നതായി റിപ്പോര്‍ട്ട്.

മലയാള മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച അന്ത്യ അത്താഴത്തെയും കന്യാസ്ത്രീകളെയും അപമാനിക്കുന്ന ചിത്രത്തിനെതിരെ ക്രൈസ്തവര്‍ക്കിടയില്‍ നിന്നും സഭയില്‍ നിന്നും തന്നെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഏജന്റുമാര്‍ വ്യാപകമായി പത്രം ബഹിഷ്‌കരിക്കുന്ന വിവരം പുറത്തുവരുന്നത്.

പത്രവരിക്കാര്‍ കുറയുന്നതിനാല്‍ 2017 ജനുവരി മുതല്‍ ഏജന്‍സി നിര്‍ത്തിത്തരണമെന്നാവശ്യപ്പെട്ട് വയനാട് കാട്ടിക്കുളം, ചേലൂര്‍ ഏജന്റ്, സര്‍ക്കുലേഷന്‍ മാനേജര്‍ക്കയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. സഭാവിശ്വാസത്തിനെതിരായി ഭാഷാപോഷിണിയില്‍ അന്ത്യ അത്താഴത്തെ മ്ലേച്ഛമാക്കിയും കന്യാസ്ത്രീക അപമാനിച്ച് അര്‍ദ്ധ നഗ്ന ചിത്രം പ്രസിദ്ധീകരിച്ചതുമാണ് ഇതിന് കാരണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പോലെ മറ്റു പല വിതരണക്കാരും പത്രം എടുക്കുവാന്‍ വിമുഖത കാണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.


നേരത്തെ ജാതിമത തീവ്രവാദികളുടെ ഭീഷണിയ്ക്കു വഴങ്ങി ശ്രീനാരായണ ഗുരുദേവനെ വികൃതമാക്കി ചിത്രീകരിച്ച് “ഭാഷാപോഷിണി”യുടെ കവര്‍ ചിത്രവും ഉള്ളിലെ ചിത്രവും മലയാള മനോരമ പിന്‍വലിച്ചിരുന്നു.

ഭാഷാപോഷിണിയില്‍ കവര്‍ ചിത്രമായി റിയാസ് കോമു 11 വര്‍ഷം മുന്‍പു നിര്‍മ്മിച്ച വിള്ളലും പൂപ്പലുമുള്ള ശ്രീനാരായണ ഗുരുവിന്റെ ചിത്രം പ്രസിദ്ധീകരിച്ചതിന് എസ്.എന്‍.ഡി.പി നേതൃത്വത്തെ നേരിട്ടു കണ്ടു മാപ്പ് അപേക്ഷിച്ച മനോരമ, കത്തോലിക്കാ സമുദായ നേതാക്കന്‍മാരെ നേരിട്ടു കണ്ടു ക്ഷമാപണം നടത്താത്തതും സഭയെ പ്രകോപിപ്പിച്ചിരുന്നു.

സ്വന്തം സമുദായത്തിന്റെ പത്രമായ  ദീപികയേക്കാള്‍ ക്രിസ്ത്യാനികള്‍ സ്‌നേഹിച്ച മനോരമ കത്തോലിക്കാസഭയുടെ വിശ്വാസങ്ങളില്‍ ബോധപൂര്‍വ്വം വിഷം ചേര്‍ക്കാന്‍ കുറച്ചു നാളുകളായി ശ്രമിക്കുന്നുവെന്നും സഭ ആരോപിച്ചിരുന്നു.


താമരശേരി രൂപത കെ.സി.വൈ.എം തിരുവമ്പാടി യൂണിറ്റ് പത്ര പ്രസിദ്ധീകരണങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇതിനകം ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിസംബര്‍ 18 ഞായാറാഴ്ച എല്ലാ ഇടവകളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കാനും പ്രസിദ്ധീകരണങ്ങള്‍ കത്തിക്കാനും നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.

ഈ വിഷയത്തില്‍ കത്തോലിക്കാ വിശ്വാസികളുടെയും നേതൃത്വത്തിന്റെയും വികാരം ഉള്‍ക്കൊണ്ട് കെ.സി.ബി.സി ഔദ്യോഗികമായി മനോരമ മാനേജ്‌മെന്റിനു കത്തയച്ചുവെങ്കിലും പ്രതികരിക്കാനോ കൂടുതല്‍ നടപടികള്‍ എടുക്കാനോ മാനേജ്‌മെന്റ് തയ്യാറാകാത്തതും രോഷത്തിന് ഇടയാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more