[]ന്യൂദല്‍ഹി: ആണവബാധ്യതാ നിയമം ദുര്‍ബലമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപണം. പാര്‍ലമെന്റ് പാസാക്കിയ ആണവബാധ്യതാ ബില്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി ദുര്‍ബലപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങിയിരിക്കുന്നത്.
രാജ്യത്ത് ആണവ ദുരന്തങ്ങളുണ്ടായാല്‍ അതിന്റെ ബാധ്യതയില്‍ നിന്ന് ആണവ നിലയങ്ങള്‍ സ്ഥാപിച്ച വിദേശ കമ്പനികളെ ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് അറിയുന്നത്.
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ആണവബാധ്യതാ നിയമത്തില്‍ മാറ്റം വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ മാസം 21 നാണ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുമായി മന്‍മോഹന്‍ സിങ് കൂടിക്കാഴ്ച നടത്തുന്നത്.
ഈ കൂടിക്കാഴ്ചയില്‍ ആണവോര്‍ജ കമ്മിഷന്റെ അനുമതിയില്ലാതെ തന്നെ അമേരിക്കന്‍ കമ്പനികളുമായി കരാര്‍ ഒപ്പുവയ്ക്കാനും ആലോചനയുണ്ടെന്നാണ് സൂചന.
ആണവബാധ്യതാ ബില്‍ പാര്‍ലമെന്റാണ് പാസ്സാക്കിയത്. എന്നാല്‍ ദീര്‍ഘനാളായി അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടത്തുന്ന സമ്മര്‍ദ്ദത്തിന്റെ ഫലമായി ബില്‍ ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
ഇപ്പോഴുള്ള നിയമപ്രകാരം ആണവ ദുരന്തങ്ങളുണ്ടാകുന്നത് പ്രസ്തുത കമ്പനിയുടെ കുഴപ്പം കൊണ്ടോ കമ്പനിയുടെ ഉപകരണങ്ങള്‍ കൊണ്ടോ ആണെങ്കില്‍ അതിന്റെ അതിന്റെ എല്ലാ ബാധ്യതയും ആ വിദേശ കമ്പനിക്ക് തന്നെ ആയിരിക്കുമെന്നതാണ്.
അത്തരം അപകടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഈ റിയാക്ടറുകള്‍ നിര്‍മിച്ചു നല്‍കിയ വിദേശകമ്പനികളില്‍ ഈടാക്കണമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്
എന്നാല്‍ ഈ നിയമമാണ് ദുര്‍ബലമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ആണവ ദുരന്തങ്ങളുണ്ടായാല്‍ അതിന്റെ ബാധ്യതയില്‍ നിന്നു നിലയങ്ങള്‍ സ്ഥാപിക്കുന്ന വിദേശ കമ്പനികളെ ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കാണു സര്‍ക്കാര്‍ തയാറെടുക്കുന്നത്.
ഇതിന്റെ ഭാഗമായി ആണബാധ്യതാ നിയമത്തില്‍ നല്‍കാവുന്ന ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ അറ്റോര്‍ണി ജനറലില്‍ നിന്ന് നിയമോപദേശം തേടിയിട്ടുണ്ട്.