[]ടോക്കിയോ: ജപ്പാനിലെ തൊകൈമുറയിലെ പരീക്ഷണ ശാലയില്‍ ആണവ വികിരണ പദാര്‍ത്ഥം ചോര്‍ന്ന് നാലുപേര്‍ക്ക് വികിരണമേറ്റു. പരീക്ഷണത്തിനിടെ സ്ഥലത്തുണ്ടായിരുന്ന 55 പേര്‍ക്കും വികിരണമേറ്റതായ റിപ്പോര്‍ട്ടുകളുണ്ട്.[]
ജപ്പാനിലെ ടൊകെയ്മുറയിലുള്ള ആണവ നിലയത്തിലെ ന്യൂക്ലിയര്‍ ഫിസിക്‌സ് ലബോറട്ടറിയിലാണ് റേഡിയോ ആക്ടീവ് പദാര്‍ത്ഥം ചോര്‍ന്നത് കണ്ടെത്തിയത്.
എന്നാല്‍ ഇക്കാര്യം ജപ്പാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നതെങ്കിലും റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.
2011ലെ ജപ്പാനിലെ ഫുകുഷിമ ആണവ ദുരന്തത്തിനു ശേഷം ആണവ റിയാക്ടറുകള്‍ പുനരാരംഭിക്കണമോ എന്ന ചര്‍ച്ചകള്‍ക്കിടെയാണ് സുരക്ഷാ സംവിധാനങ്ങളെ പ്രതിക്കൂട്ടിലാക്കി വീണ്ടും ആണവ ചോര്‍ച്ചയുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ചെര്‍ണോബില്‍ ആണവ ദുരന്തമുണ്ടായതിന് ശേഷം ലോകംകണ്ട ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഫുകുഷിമയിലെ ആണവ നിലയത്തിലുണ്ടായത്. ഇതിനുശേഷം അമ്പതോളം ആണവ റിയാക്ടറുകളുള്ള ജപ്പാനില്‍ രണ്ടെണ്ണം മാത്രമാണ് പ്രവര്‍ത്തനം പുനരാംരംഭിച്ചത്. മറ്റുള്ളവ സുരക്ഷാ പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്