ബെയ്ജിങ്: ചാർജ് ചെയ്യാതെ 50 വർഷം വരെ ഉപയോഗിക്കാവുന്ന ന്യൂക്ലിയർ ബാറ്ററി വികസിപ്പിച്ച് ചൈനീസ് കമ്പനി.
ഒരു നാണയത്തെക്കാൾ ചെറിയ മൊഡ്യൂളിൽ 63 ന്യൂക്ലിയർ ഐസോടോപ്പുകൾ ചേർത്താണ് ബാറ്ററി വികസിപ്പിച്ചതെന്ന് നിർമാതാക്കളായ ബെറ്റാവോൾട്ട് അറിയിച്ചു.
നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ബാറ്ററി ഉടൻ തന്നെ ഫോണുകളിലും ഡ്രോണുകളിലും ഉപയോഗിക്കുന്നതിനായി വിപണിയിലെത്തിക്കുമെന്നും കമ്പനി അറിയിച്ചു.
എ.ഐ സാങ്കേതിക വിപ്ലവത്തിന്റെ മുൻനിരയിൽ നിന്ന് നയിക്കാൻ പുതിയ കണ്ടുപിടിത്തം ചൈനയെ സഹായിക്കുമെന്ന് ബെറ്റാവോൾട്ട് പറഞ്ഞു.
ഏറോസ്‌പേസ്, എ.ഐ, മെഡിക്കൽ ഉപകരണങ്ങൾ, മൈക്രോ പ്രൊസസറുകൾ, സെൻസറുകൾ, ഡ്രോണുകൾ തുടങ്ങിയവയുടെ ദീർഘ കാലത്തെ പ്രവർത്തനത്തിന് പുതിയ ബാറ്ററികൾ ഉചിതമാണെന്ന് കമ്പനി പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു.
നശിച്ചുകൊണ്ടിരിക്കുന്ന ഐസോടോപ്പുകളിലെ ഊർജം വൈദ്യുതിയാക്കി മാറ്റിയാണ് ബാറ്ററികൾ പ്രവർത്തിക്കുക. 20-ാം നൂറ്റാണ്ടിലാണ് ഈ പ്രക്രിയ ആദ്യമായി പരീക്ഷിക്കപ്പെട്ടത്.
സ്പേസ്ക്രാഫ്റ്റുകൾ, ജല സംവിധാനങ്ങൾ തുടങ്ങിയവയിൽ പ്രയോഗിക്കുന്നതിന് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത് സോവിയറ്റ് യൂണിയനിലെയും യു.എസിലെയും ശാസ്ത്രജ്ഞരായിരുന്നു. എന്നാൽ ന്യൂക്ലിയർ ബാറ്ററികൾ ചിലവേറിയതും വലിപ്പമേറിയതുമായിരുന്നു.
ന്യൂക്ലിയർ ബാറ്ററികളുടെ വലിപ്പം കുറയ്ക്കാനും വിപണിയിൽ എത്തിക്കാനുമുള്ള പദ്ധതി ചൈനയുടെ പതിനാലാമത് പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. 2021നും 2025നുമിടയിൽ രാജ്യത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അതേസമയം യു.എസും യൂറോപ്പും ഈ മേഖലയിൽ പരീക്ഷണങ്ങൾ നടത്തിവരുന്നുണ്ട്.
Content Highlight: Nuclear battery produces power for 50 years without needing to charge