ജീവിതത്തില്‍ അഭിമുഖീകരിച്ച തടസങ്ങളെ തട്ടിമാറ്റി അതിജീവിതയാണെന്ന് ലോകത്തോട് ഉറക്കെ തുറന്നു പറഞ്ഞ ധീരയാണ് ഭാവന. നേരിട്ട ദുരനുഭവങ്ങളെ കവച്ചുവെച്ച് ധീരയായി അവള്‍ നടന്നുവന്ന പാതയിലെ പുതിയ നാഴികക്കല്ലാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ‘തിരിച്ചുവരവ്’ എന്ന ഒറ്റവാക്കില്‍ അത്ര ലളിതമായി ഒതുക്കി നിര്‍ത്താനാകാത്ത കാരണങ്ങളുള്ളതിനാല്‍ തന്നെ ഭാവനയുടെ ഈ ‘തിരിച്ചുവരവിന്റെ’ തിളക്കം അളക്കാന്‍ കഴിയാത്തതാണ്.
നിത്യ എന്നാണ് ഭാവനയുടെ കഥാപാത്രത്തിന്റെ പേര്. നിത്യ കടന്നുവന്ന വഴികളുടെ കാഠിന്യം പ്രേക്ഷകരുടെ മുന്നില്‍ ആഴത്തില്‍ പ്രതിഫലിപ്പിക്കുന്നതില്‍ ഭാവന പൂര്‍ണവിജയമായിരുന്നു. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്ന ചിത്രം പ്രണയത്തെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പുകള്‍ക്കുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്.
മറിയം എന്ന കുഞ്ഞു കഥാപാത്രത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. അവള്‍ക്ക് പറയാനുള്ളത് അവളുടെ പ്രിയപ്പെട്ട ഇക്കാക്കയെക്കുറിച്ചാണ്, ഇക്കാക്കയുടെ പ്രണയത്തെക്കുറിച്ചാണ്. ആ പ്രണയകഥകയിലെ കേന്ദ്രകഥാപാത്രമായാണ് ഭാവനയുടെ നിത്യയെത്തുന്നത്. പിന്നീടങ്ങോട്ടേക്ക് സിനിമയെ നയിക്കുന്നത് ഭാവനയാണ്.
സ്‌കൂള്‍ കാലഘട്ടം മുതല്‍ പ്രണയിച്ച വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെന്ന് മടിക്കാതെ വീട്ടുകാരോട് തുറന്ന് പറഞ്ഞ പെണ്‍കുട്ടിയാണ് നിത്യ. എന്നാല്‍ ഷറഫുദ്ദീന്‍ അവതരിപ്പിച്ച ജിമ്മിക്ക് അവളുടെ ധൈര്യം ഇല്ലാതായതിന്റെ പേരില്‍ മനപൂര്‍വം തന്റെ പ്രണയത്തെ അവള്‍ക്ക് മറക്കേണ്ടി വന്നു. വീണ്ടും ഒരിക്കല്‍ കൂടി കണ്ടുമുട്ടുന്നതിലൂടെ ഉള്ളിലെ ഉറവ വറ്റാത്ത സ്‌നേഹം ഇരുവരും തിരിച്ചറിയുന്നു.
പിന്നീടങ്ങോട്ടേക്ക് നിത്യയിലൂടെ ഒരുപാട് കാര്യങ്ങള്‍ സിനിമ സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഭാവന സ്‌ക്രീനിലേക്ക് എത്തുന്നതോടെ ഭാവനയെ അല്ലാതെ മറ്റാരെയും ചിത്രത്തില്‍ ഒരുവേള കാണാന്‍ കഴിയുന്നില്ല. വിവാഹം കഴിച്ചതിന്റെ പേരില്‍ പുരുഷന്റെ അടിമയാക്കപ്പെടുന്ന, സ്വന്തമായി ചിന്തിക്കാനോ തീരുമാനങ്ങളെടുക്കാനോ സാധിക്കാത്ത ഒരുപാട് സ്ത്രീകള്‍ നമുക്ക് മുന്നിലുണ്ട്. അവരെ പോലെ ഒമ്പത് വര്‍ഷം ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ തുടരേണ്ടി വന്ന സ്ത്രീയാണ് നിത്യ. എന്നാല്‍ വിവാഹം കഴിച്ചതിന്റെ പേരില്‍ താന്‍ ഇതൊന്നും സഹിക്കേണ്ടതില്ലെന്ന തിരിച്ചറിവില്‍ അതില്‍ നിന്നെല്ലാം മോചിതയാകുന്ന നിത്യയെയാണ് സിനിമ കാണിക്കുന്നത്.
പക്ഷെ പൂര്‍ണമായും അതിന് സാധിക്കാതെ പലപ്പോഴും പതറിപ്പോകുന്ന നിത്യക്ക് താങ്ങാവുന്നത് തന്റെ ആദ്യ പ്രണയമാണ്. ഷറഫുദ്ദീന്‍ അവതരിപ്പിച്ച ജിമ്മി വീണ്ടും തന്റെ ജീവിതത്തിലേക്ക് കടന്നുവന്നില്ലായിരുന്നെങ്കില്‍ വിവാഹമോചിതയായി സന്തോഷത്തോടെ ജീവിക്കാന്‍ നിത്യക്ക് ഇനിയും നാളുകള്‍ തള്ളി നീക്കേണ്ടി വരുമായിരുന്നു.
ഭാവനയുടെ കഥാപാത്രം സമൂഹത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ സിനിമയില്‍ കാണാം. വിവാഹിതയായി എന്നുവെച്ച് തന്റെ ഇഷ്ടങ്ങളും സന്തോഷങ്ങളും മാറ്റിവെക്കേണ്ടവളാണോ സ്ത്രീ എന്ന് ഭാവനയിലൂടെ സിനിമ ചോദിക്കുന്നുണ്ട്. എത്രമാത്രം സംഘര്‍ഷങ്ങളാണ് ഇത്തരം ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ അകപ്പെടുന്നവര്‍ അനുഭവിക്കുന്നതെന്ന് തുറന്നുകാട്ടുന്നതില്‍ സിനിമ പൂര്‍ണമായും വിജയമാണ്.
പ്രണയത്തിന്റെ തീവ്രതയും പ്രണയബന്ധങ്ങള്‍ കാലാന്തരങ്ങള്‍ക്ക് ശേഷവും ഒന്നിക്കുമെന്ന വലിയ പ്രതീക്ഷയും സിനിമ പങ്കുവെക്കുന്നുണ്ട്. നിത്യ എന്ന കഥാപാത്രത്തെ പോലെ തന്നെ ജിമ്മിക്കും തന്റേതായ വേദനകളും നിസ്സഹായതയുമുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ ആഴം പ്രേക്ഷകരിലെത്തിക്കാന്‍ ആദിലിന് സാധിച്ചു. ജിമ്മിയെ മനോഹരമായാണ് ഷറഫുദ്ദീന്‍ അവതരിപ്പിച്ചത്. ഒരിക്കല്‍ തന്റെ മൗനം കാരണം നഷ്ടപ്പെട്ട പ്രണയത്തെ തന്നോട് ചേര്‍ക്കാന്‍ ജിമ്മി ഒരുപാട് പരിശ്രമിക്കുന്നുണ്ട്. വീട്ടുകാരോടുള്ള ഭയത്തിന്റെ പേരില്‍ തന്റെ പ്രണയം കൈവിട്ടുകളയേണ്ടി വന്നതിന്റെ ദുഖം ആഴത്തില്‍ അയാളില്‍ പ്രകടമാണ്.
നിത്യയുടെ അതിജീവനത്തെക്കുറിച്ച് പറയാന്‍ ശ്രമിക്കുന്ന പോലെ ആദില്‍ ജിമ്മിയെക്കുറിച്ചും വിശാലമായി തന്നെ പറഞ്ഞുവെക്കുന്നുണ്ട്. വീട്ടുകാരുടെ നിര്‍ബന്ധത്തിന്റെ മുന്നില്‍ തന്റെ ആഗ്രഹങ്ങള്‍ ഒന്നും സാധിക്കാതെ പോയ ജിമ്മിയും ആ വേലികെട്ടുകള്‍ ഭേദിച്ച് പുറത്ത് കടക്കുന്നതായി സിനിമയില്‍ കാണാം. സ്‌ക്രീനില്‍ ഭാവനയോളം നിറഞ്ഞ് നില്‍ക്കാന്‍ ഷറഫുദീനും സാധിച്ചു. ജിമ്മിയെ എന്തൊരു ലാളിത്യത്തോടെയാണ് ഷറഫുദ്ദീന്‍ അവതരിപ്പിച്ചത്. ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഷറഫുദ്ദീന്റെ മികച്ച കഥാപാത്രം തന്നെയാണ് ജിമ്മി.
സിനിമയില്‍ മിന്നി മറഞ്ഞു പോയ ചില കഥാപാത്രങ്ങള്‍ പോലും മികച്ച പ്രകടനം കാഴ്ച വെച്ചു. അത്തരത്തില്‍ എടുത്തു പറയേണ്ട പെര്‍ഫോമന്‍സാണ് സാനിയ റാഫിയെന്ന കുഞ്ഞ് കഥാപാത്രത്തിന്റേത്. ഇക്കാക്കയുടെ പ്രണയത്തിനൊപ്പം നില്‍ക്കുന്ന കുഞ്ഞിപെങ്ങള്‍. ഷറഫുദ്ദീനും കുഞ്ഞിപെങ്ങളും തമ്മിലുള്ള രസകരമായ നിമിഷങ്ങള്‍ സിനിമയോട് ഇഴകി ചേരുന്നതാണ്. ജിമ്മിയുടെ ബാപ്പയായി അഭിനയിച്ച അശോകനും മികച്ച രീതിയില്‍ കഥാപാത്രത്തെ അവതരിപ്പിച്ചു.
സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരില്‍ നിറഞ്ഞ് നില്‍ക്കുന്ന മറ്റൊരു പ്രധാന കഥാപാത്രമാണ് ഫിദ. ജിമ്മിക്ക് വിവാഹം ആലോചിച്ച കുട്ടിയാണെങ്കിലും ജിമ്മിയുടെ നിത്യയോടുള്ള പ്രണയത്തിന്റെ ആഴം തിരിച്ചറിഞ്ഞതിലൂടെ പിന്നെ ഫിദ ജിമ്മിക്കൊപ്പം നില്‍ക്കുന്ന നല്ലൊരു സുഹൃത്താണ്. അനാര്‍ക്കലിയാണ് ഫിദയായി അഭിനയിച്ചത്.
ചില ഇടങ്ങളില്‍ ലാഗും തുടക്കത്തില്‍ ഡബ്ബിങ്ങും ചെറിയ പാകപ്പിഴകളുമുണ്ടായിരുന്നുവെങ്കിലും ഭാവനയുടെ എന്‍ട്രിയോടെ അവയൊന്നും സിനിമ ആസ്വദനത്തിന് തടസമല്ലാതായി തീരുന്നു. കൂടാതെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തോട് ഇഴകിചേര്‍ന്നിരിക്കുന്നത് തന്നെയാണ്.
നഷ്ടപ്രണയങ്ങളെ ഇന്നും ഹൃദയത്തോടെ ചേര്‍ത്തുവെക്കുന്നവര്‍ക്ക് ആശ്വാസവും പ്രതീക്ഷയും പകരുന്ന അനുഭൂതിയായിരിക്കും ഈ സിനിമ. പ്രണയത്തിനായി പോരാടാനുറച്ചവര്‍ക്കും ഒരിക്കലും മടുക്കാതെ പ്രണയിക്കുന്നവര്‍ക്കും ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ നല്‍കുന്ന ഊര്‍ജം സുന്ദരമായിരിക്കും.
content highlight: ntikkakkakkoru premandaarnnu movie review