| Monday, 27th February 2023, 12:25 pm

ടോക്‌സിക് പാരന്റിങ്ങും ഷറഫുദ്ദീന്റെ ജിമ്മിയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഭാവന തിരിച്ചുവന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷറഫുദ്ദീനും പ്രധാന കഥാപാത്രമായുണ്ട്. ജിമ്മി എന്നാണ് ഷറഫുദ്ദീന്റെ കഥാപാത്രത്തിന്റെ പേര്. ഭാവനയാണ് നിത്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ടോക്‌സിക് പാരന്റിങ്ങിന്റെ ഇരയാണ് ജിമ്മിയെന്ന് പറയാന്‍ സാധിക്കും. കുട്ടിക്കാലം മുതല്‍ എന്താണ് മകന്റെ താല്‍പര്യമെന്ന് പോലും ചോദിക്കാതെ സ്വന്തം ഇഷ്ടങ്ങള്‍ മകനില്‍ അടിച്ചേല്‍പ്പിച്ച വാപ്പയാണ് ജിമ്മിക്കുള്ളത്. സ്‌പോര്‍ട്‌സ് തനിക്ക് ഇഷ്ടമില്ലാത്ത മേഖലയാണെന്ന് പോലും ജിമ്മിക്ക് വാപ്പയോട് പറയാന്‍ സാധിച്ചില്ല.

നിത്യയും ജിമ്മിയും തമ്മിലുള്ള പ്രണയം വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ ജിമ്മിയെ മാത്രമെ വിവാഹം കഴിക്കുകയുള്ളൂവെന്ന് ഉറച്ച ശബ്ദത്തില്‍ നിത്യ പറയുമ്പോഴും ജിമ്മിക്ക് തന്റെ വാപ്പയുടെ ഭീഷണിയുടെ മുന്നില്‍ മൗനമായി നില്‍ക്കേണ്ടി വരുന്നത് കാണാം. നിത്യയെ പ്രണയിച്ചതിന്റെ പേരില്‍ പിന്നീട് വര്‍ഷങ്ങളോളം ജിമ്മിക്ക് നാടുവിട്ട് വിദേശത്ത് നില്‍ക്കേണ്ടി വരുന്നുണ്ട്. ഇത്തരത്തില്‍ തന്റെ ആഗ്രഹങ്ങള്‍ക്ക് വിപരീതമായി ജീവിക്കേണ്ടി വന്ന ചെറുപ്പക്കാരനാണ് ജിമ്മി.

മുതിര്‍ന്നപ്പോള്‍ പോലും ജിമ്മിക്ക് സ്വന്തം ജീവിതത്തില്‍ തീരുമാനം എടുക്കാന്‍ കഴിയാതെ വരുന്നത് സിനിമയില്‍ കാണാം. പിന്നീട് തന്റെ ആദ്യ പ്രണയിനിയെ വീണ്ടും കണ്ട് മുട്ടുന്നതിലൂടെ ആദ്യ പ്രണയവും നഷ്ടബോധവും അയാളെ വേട്ടയാടുന്നുണ്ട്. എന്നാല്‍ ഇനിയും തന്റെ ഇഷ്ടങ്ങള്‍ ഇല്ലാതാക്കാന്‍ പാടില്ലെന്ന് ജിമ്മി തീരുമാനം എടുക്കുന്നുണ്ട്. ഉറച്ച ബോധത്തോടെ വീട്ടുകാര്‍ക്ക് എതിരെ അയാള്‍ പ്രതികരിക്കുന്നു.

വീട് വിട്ടിറങ്ങുന്ന ജിമ്മി തന്റെ പ്രണയിനിയേയും സ്വപ്‌നങ്ങളെയും തിരിച്ചുപിടിക്കുന്നുമുണ്ട്. നിത്യ എന്ന കഥാപാത്രത്തെ പോലെ തന്നെ ജിമ്മിക്കും തന്റേതായ വേദനകളും നിസ്സഹായതയുമുണ്ട്.

ജിമ്മിയെ മനോഹരമായാണ് ഷറഫുദ്ദീന്‍ അവതരിപ്പിച്ചത്. സ്‌ക്രീനില്‍ ഭാവനയോളം നിറഞ്ഞ് നില്‍ക്കാന്‍ ഷറഫുദീനും സാധിച്ചു. ജിമ്മിയെ ലാളിത്യത്തോടെയാണ് ഷറഫുദ്ദീന്‍ അവതരിപ്പിച്ചത്. ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഷറഫുദ്ദീന്റെ മികച്ച കഥാപാത്രം തന്നെയാണ് ജിമ്മി.

ഒരുപാട് സിനിമകളില്‍ ഷറഫുദ്ദീനെ കണ്ടിട്ടുണ്ടെങ്കിലും ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നില്‍ പുതുമയുള്ള അഭിനയമായിരുന്നു. ഭാവനയുമൊത്തുള്ള റൊമാന്റിക് സീനുകളെല്ലാം മനോഹരമായി തന്നെ ഷറഫുദ്ദീന്‍ ചെയ്തു. പ്രണയത്താലുള്ള അയാളുടെ നോട്ടവും നാണത്തോടെയുള്ള പെരുമാറ്റവും തന്മയത്വത്തോടെ തന്നെ അദ്ദേഹം അവതരിപ്പിച്ചു.

പലര്‍ക്കും ജീവിതത്തോട് കണക്ട് ചെയ്യാന്‍ പറ്റുന്ന കഥാപാത്രം തന്നെയാണ് ജിമ്മി. നമുക്ക് ചുറ്റും ഒരുപാട് ജിമ്മിമാരുണ്ട്. ഒരു തരത്തിലുള്ള ഏച്ചുകെട്ടലും അനുഭവപ്പെടാതെ തന്നെ ഷറഫുദ്ദീന്‍ ജിമ്മിയെ മനോഹരമാക്കി.

content highlight: ntikkakkakkoru premandaarnnu movie and sharafudeen’s performance

We use cookies to give you the best possible experience. Learn more