ന്യൂദല്‍ഹി: യു.ജി.സി നെറ്റ് റദ്ദാക്കിയതിന് പിന്നാലെ സി.എസ്.ഐ.ആര്‍ നെറ്റ് മാറ്റിവെക്കുന്നതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നാണ് വിശദീകരണം. ഒഴിവാക്കാനാകാത്ത കാരണങ്ങളും ചില ലോജിസ്റ്റിക് കാരണങ്ങളാലുമാണ് പരീക്ഷ മാറ്റിവെക്കുന്നത് എന്നാണ് അറിയിപ്പിലുള്ളത്.
ജൂണ്‍ 25 മുതല്‍ ആരംഭിക്കേണ്ടിയിരുന്ന പരീക്ഷയാണ് കേവലം ദിവസങ്ങള്‍ക്ക് മുമ്പ് മാറ്റിവെച്ചതായി എന്‍.ടി.എ അറിയിച്ചത്. ജൂണ്‍ 25 മുതല്‍ 27 വരെയായിരുന്നു പരീക്ഷ നടക്കേണ്ടിയിരുന്ന തീയതി. വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കെയാണ് എന്‍.ടി.എയുടെ തീരുമാനം.
നേരത്തെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് അവസാനം നടത്തിയ യു.ജി.സി നെറ്റ് എന്‍.ടി.എ റദ്ദാക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം എന്‍.ടി.എക്കെതിരെയും കേന്ദ്രസര്‍ക്കാറിനെതിരെയും ഉയരുന്നതിനിടയിലാണ് ഇപ്പോള്‍ സി.എസ്.ഐ.ആര്‍ നെറ്റ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്.
അതേസമയം യു.ജി.സി-നെറ്റ് പരീക്ഷ ക്രമക്കേടില്‍ ചോദ്യപേപ്പര്‍ ഡാര്‍ക്ക് വെബില്‍ വിറ്റത് ആറ് ലക്ഷം രൂപക്കാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പരീക്ഷ നടക്കുന്നതിന്റെ 48 മണിക്കൂര്‍ മുമ്പ് ചോദ്യപേപ്പര്‍ ടെലിഗ്രാമിലടക്കം ചോര്‍ന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സി.ബി.ഐയുടെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. എന്നാല്‍ എവിടെ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് കണ്ടെത്താന്‍ സി.ബി.ഐക്ക് സാധിച്ചിട്ടില്ല. ഇതിന് വേണ്ടിയുള്ള അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നതായും സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. ചില നെറ്റ് കോച്ചിങ് സെന്ററുകള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് സി.ബി.ഐയുടെ നിഗമനം. സംശയമുള്ള കോച്ചിങ് സെന്ററുകള്‍ നിരീക്ഷണത്തിലാണെന്നും സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.
ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് സി.ബി.ഐ നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേസെടുത്തിരിക്കുന്നത്. ജൂണ്‍ 18ന് രാത്രിയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കിയത്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണല്‍ ടെസ്ടിങ് ഏജന്‍സി സംശയ മുനയില്‍ നില്‍ക്കുന്നതിനിടെയായിരുന്നു നെറ്റിലും ക്രമക്കേട് നടന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.
നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ടെലിഗ്രാം വഴി ചോര്‍ന്നെന്ന് നേരത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സമ്മതിച്ചിരുന്നു. ടെലിഗ്രാമില്‍ പ്രചരിച്ച ചോദ്യപേപ്പര്‍ യഥാര്‍ത്ഥ ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നതായി വ്യാഴാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര മന്ത്രി പറഞ്ഞു.
നെറ്റ് പരീക്ഷയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ചില പ്രദേശങ്ങളില്‍ പിഴവുകള്‍ സംഭവിച്ചെന്ന് ഇതുവരെ നടന്ന അന്വേഷണത്തില്‍ നിന്ന് വ്യക്തമായന്നെും മന്ത്രി കൂട്ടിച്ചേര്‍ത്തു. നീറ്റ് പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കുന്ന ബീഹാര്‍ പൊലീസുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് പരീക്ഷ റദ്ദാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. രണ്ട് ഷിഫ്റ്റുകളിലായി 11 ലക്ഷം വിദ്യാര്‍ത്ഥികളാണ് ചൊവ്വാഴ്ച നീറ്റ് പരീക്ഷ എഴുതിയത്.
അതിനിടെ, ബീഹാറില്‍ നിന്ന് നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളിലൊരാള്‍ പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് ചോദ്യപേപ്പര്‍ ലഭിച്ചെന്നും തനിക്ക് ലഭിച്ച ചോദ്യപേപ്പറിലെ ഭൂരിഭാ?ഗം ചോദ്യങ്ങളും പരീക്ഷയില്‍ ചോദിച്ചെന്നും മൊഴി നല്‍കിയിരുന്നു. തന്റെ ബന്ധു വഴിയാണ് ചോദ്യപേപ്പര്‍ ലഭിച്ചതെന്നും വിദ്യാര്‍ത്ഥി സമ്മതിച്ചു.
ചോദ്യപേപ്പറിന് വേണ്ടി 30 മുതല്‍ 32 ലക്ഷം രൂപ വരെ ഇടനിലക്കാര്‍ ചോദിച്ചെന്നും വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി. കേസില്‍ ഇതുവരെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.
content highlights: NTA postpones CSIR UGC NET