|

നീറ്റ് യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ച; എന്‍.ടി.എയ്ക്ക് ക്ലീന്‍ ചീറ്റ് നല്‍കി സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നീറ്റ് യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എന്‍.ടി.എ(നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി) യ്ക്ക് ക്ലീന്‍ ചീറ്റ് നല്‍കി സി.ബി.ഐ. ദേശീയ പരീക്ഷാ ഏജന്‍സി ഉദ്യോഗസ്ഥര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കില്ലെന്നും മറിച്ച് പരീക്ഷാ കേന്ദ്രത്തിലെ ഒരു സംഘം ചോദ്യപേപ്പര്‍ മോഷ്ടിക്കുകയായിരുന്നെന്നും സി.ബി.ഐ വ്യക്തമാക്കി.

ഈ സംഘം, വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം കൈപ്പറ്റിയശേഷം ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളില്‍ നിന്ന് ആസൂത്രിതമായി ചോദ്യപേപ്പര്‍ ചോര്‍ത്തുകയായിരുന്നെന്നും സംഭവത്തില്‍ എന്‍.ടി.എയ്ക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്നും സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോട്ട് ചെയ്തു.

‘ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഏതെങ്കിലും എന്‍.ടി.എ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചതായോ ചോദ്യപേപ്പര്‍ വിതരണത്തില്‍ എന്തെങ്കിലും പ്രശ്‌നം നടന്നതായോ കണ്ടെത്തിയിട്ടില്ല. പരീക്ഷാര്‍ത്ഥിയില്‍ നിന്നോ അവരുടെ മാതാപിതാക്കളില്‍ നിന്നോ ഭീമമായ തുക കൈപ്പറ്റിയ ഏതോ സിന്‍ഡിക്കേറ്റാണ് ഹസാരിബാഗില്‍ നിന്ന് ചോദ്യപേപ്പര്‍ മോഷ്ടിച്ചത്,’ ഒരു മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഏകദേശം 150 ഓളം വിദ്യാര്‍ത്ഥികള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കാളികളായതായാണ് വിവരം.

ചോദ്യപേപ്പര്‍ ചോര്‍ച്ച, ഗ്രേസ് മാര്‍ക്ക് ദാനം എന്നിവയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം നടന്ന നീറ്റ് യു.ജി പരീക്ഷയില്‍ എന്‍.ടി.എയ്‌ക്കെതിരെ വലിയ രീതിയിലുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് വിവാദങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് എന്‍.ടി.എ മേധാവി സുബോധ് കുമാര്‍ സിങിനെ  സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

അന്വേഷണത്തിനിടെ സി.ബി.ഐ, ഒയായസിസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എഹ്‌സാനുള്‍ ഹഖ്, വൈസ് പ്രിന്‍സിപ്പല്‍ ഇംത്യാസ് ആലം എന്നിവരുള്‍പ്പെടെ 48 പേരെ അറസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റ് ഒന്നിനാണ് കേസിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്.

ഈ വര്‍ഷം രാജ്യത്തിനകത്തും വിദേശത്തുമായുള്ള 14 നഗരങ്ങളിലെ 571 നഗരങ്ങളിലായി 4,750 കേന്ദ്രങ്ങളിലായാണ് നീറ്റ് യു.ജി പരീക്ഷ നടന്നത്. എന്നാല്‍ ജൂണ്‍ 4ന് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒന്നാം റാങ്ക് കിട്ടിയത് വിവാദത്തിന് കാരണമായി.

ഇവരില്‍ കുറേപേര്‍ ഒരേ പരീക്ഷാ കേന്ദ്രത്തില്‍പ്പെട്ടവരായിരുന്നു എന്നതും പരീക്ഷാ നടത്തിപ്പിനെ ചോദ്യമുനയിലാക്കി. സംഭവത്തില്‍ സുപ്രീം കോടതി ഇടപെട്ടതോടെ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

Content Highlight: NTA got cleat cheat by CBI On NEET-UG question paper leak issue