ന്യൂദല്‍ഹി: നീറ്റ് യു.ജി കൗണ്‍സിലിങ് മാറ്റിവെച്ച് ദേശീയ പരീക്ഷ ഏജന്‍സി (എന്‍.ടി.എ). ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ കൗണ്‍സിലിങ് ഉണ്ടാകില്ലെന്ന് എന്‍.ടി.എ അറിയിച്ചു. ഇന്ന് നടക്കാനിരുന്ന കൗണ്‍സിലിങ്ങാണ് എന്‍.ടി.എ മാറ്റിവെച്ചത്. കൗണ്‍സിലിങ്ങിന്റെ പുതിയ തീയതി അറിയിക്കുമെന്നും എന്‍.ടി.എ അറിയിച്ചിട്ടുണ്ട്.
നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഭൂരിഭാഗം ഹരജികളിലും നീറ്റ് കൗണ്‍സിലിങ് നീട്ടിവെക്കണമെന്നും നടത്തരുതെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നീറ്റ് കൗണ്‍സിലിങ് നീട്ടി വെക്കാനാകില്ലെന്നാണ് ഈ ഹരജികള്‍ പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കിയത്. നിരവധി വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനം ഇതിന് പിന്നിലുണ്ട്, അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമര്‍ശം.
എന്നാല്‍ ഇതിനുശേഷവും കൗണ്‍സിലിങ് നിര്‍ത്തിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് നിരവധി ഹരജികളാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. ഇവ ജൂലൈ എട്ടിന് കോടതി പരിഗണിക്കാനിരിക്കവെയാണ് എന്‍.ടി.എയുടെ തീരുമാനം.
കഴിഞ്ഞ ദിവസം നീറ്റ് പുനഃപരീക്ഷ തടയണമെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ നിന്നുള്ള 50 ഓളം ഉദ്യോഗാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
2024ലെ യു.ജി-നീറ്റ് ടെസ്റ്റ് റദ്ദാക്കാനും പരീക്ഷ വീണ്ടും നടത്താനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെയും ദേശീയ പരീക്ഷ ഏജന്‍സിയുടെയും തീരുമാനത്തിനെതിരെയാണ് ഗുജറാത്തില്‍ നിന്നുള്ള 56 വിദ്യാര്‍ത്ഥികള്‍ ബുധനാഴ്ച സുപ്രീം കോടതിയെ സമീപിച്ചത്.
മെയ് അഞ്ചിനായിരുന്നു 4,750 കേന്ദ്രങ്ങളില്‍ നീറ്റ് പരീക്ഷ നടന്നത്. ഏകദേശം 24 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ജൂണ്‍ നാലിനാണ് ഈ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായുള്ള പരാതികള്‍ ഉയരുന്നത്. ചോദ്യ പേപ്പര്‍ ചോര്‍ന്നതായും ഇതിന് പിന്നാലെ വ്യക്തമായി.
ജൂണ്‍ 28ന്, പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് പേരെ ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്ന് സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇതേ കേസില്‍ ബീഹാറിലെ പട്‌നയില്‍ നിന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.
Content Highlight: NTA changed the date of NEET UG counseling