ഡെറാഡൂണ്‍: ആര്‍.എസ്.എസിന്റെ കോട്ടയായ ഉത്തരാഖണ്ഡിലെ എം.കെ.വി വനിതാ കോളജില്‍ എ.ബി.വി.പി തകര്‍ന്നതടിഞ്ഞതോടെ വീണ്ടും വോട്ടെണ്ണണമെന്ന ബഹളവുമായി ബി.ജെ.പി നേതൃത്വം. തെരഞ്ഞെടുപ്പ് വിജയം പ്രഖ്യാപിച്ചതിനു പിന്നാലെ എം.എല്‍.എ ഖജാന്‍ ദാസ് ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ കോളജിലെത്തുകയും വീണ്ടും വോട്ടെണ്ണണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയുമായിരുന്നു.
ഭരണകക്ഷിയായ ബി.ജെ.പിയുടെ സമ്മര്‍ദ്ദം ശക്തമായതോടെ കോളജ് അധികൃതര്‍ റീകൗണ്ടിങ്ങിന് ഉത്തരവിട്ടു. അര്‍ധരാത്രിയോടെയാണ് ഇതിന്റെ ഫലം പ്രഖ്യാപിച്ചത്. ഫലം മുമ്പത്തേതിന് സമാനമാണെന്ന് അറിഞ്ഞതോടെ ബഹളംവെച്ച ബി.ജെ.പി നേതാക്കളും കോളജിലെ എ.ബി.വി.പി പ്രവര്‍ത്തകരും ഉടന്‍ സ്ഥലംവിട്ടു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം.
ശനിയാഴ്ചയാണ് കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പു നടന്നത്. തെരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിനായി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് എന്‍.എസ്.യു.ഐ കോളജ് അധികൃതരോടും ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടുകൂടിയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
തിങ്കളാഴ്ച ഉച്ചയോടെ ഫലംവന്നപ്പോള്‍ എന്‍.എസ്.യു.ഐ അട്ടിമറി വിജയം സ്വന്തമാക്കി. ഞെട്ടല്‍ മാറാതെ എ.ബി.വി.പി, ബി.ജെ.പി പ്രവര്‍ത്തകര്‍ വോട്ടെണ്ണലില്‍ പിശകുണ്ടെന്ന് പറഞ്ഞ് ബഹളംവെയ്ക്കുകയായിരുന്നു. ഇതോടെയാണ് റീകൗണ്ടിങ് നടത്തിയത്.
എന്‍.എസ്.യു.ഐ. എ.ബി.വി.പിയുടെ ഏഴുവര്‍ഷത്തെ ആധിപത്യത്തിനാണ് എന്‍.എസ്.യു.ഐ തടയിട്ടത്.
ആര്‍.എസ്.എസിന്റെ വനിതാ വിഭാഗത്തിന്റെ ദേശീയ ക്യാമ്പ് നടന്ന കോളജില്‍ നേടിയ അട്ടിമറി വിജയം ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസിന് തെല്ലൊന്നുമല്ല ആശ്വാസം നല്‍കുന്നത്.
ആകെയുള്ള ഏഴ് സീറ്റിലും എന്‍.എസ്.യു.ഐ നേടിയ വിജയം എ.ബി.വി.പിയ്ക്കും ആര്‍.എസ്.എസിനും കനത്ത തിരിച്ചടിയാണ്.
ദീപ്തി താക്കൂറിനെ കോളജ് സ്റ്റുഡന്റ് കൗണ്‍സില്‍ പ്രസിഡന്റായും നീലത്തെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. സരിത റാവത്താണ് ജനറല്‍ സെക്രട്ടറി.