എ.ബി.വി.പി നേതാവിനു ശേഷം എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറിക്കു നേരെയും ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം
national news
എ.ബി.വി.പി നേതാവിനു ശേഷം എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറിക്കു നേരെയും ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th September 2018, 10:14 pm

ന്യൂദല്‍ഹി: ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റും എ.ബി.വി.പി നേതാവുമായ അങ്കിവ് ബസോയയ്ക്കു ശേഷം വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദത്തിലകപ്പെട്ട് എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറിയും. ബുദ്ധിസ്റ്റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അഡ്മിഷന്‍ നേടുന്നതിനായി എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി അക്ഷയ് കുമാര്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നാണ് ദല്‍ഹി യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥന്റെ ആരോപണം.

പി.എച്ച്.ഡി. കോഴ്‌സുകള്‍ക്ക് എന്റോള്‍ ചെയ്തിട്ടുള്ളവരുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് തിരിമറി ശ്രദ്ധയില്‍പ്പെട്ടതെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. അക്ഷയ് കുമാറിന്റെ എം.എ ഇംഗ്ലീഷ് മാര്‍ക്ക്ഷീറ്റുകളാണ് വ്യാജമാണെന്നു തെളിഞ്ഞത്.

 

Also Read: ഗര്‍ഭഛിദ്രങ്ങളും സ്ത്രീധനക്കൊലപാതകങ്ങളും കൂടുതല്‍ ഹിന്ദുക്കള്‍ക്കിടയിലെന്ന് ഒവൈസി; മുത്തലാഖ് ഓര്‍ഡിനന്‍സ് എടുത്തുമാറ്റണമെന്നും ആവശ്യം

 

ഹിമാചല്‍ പ്രദേശിലെ മാനവ് ഭാരതി സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റുകളായിരുന്നു അക്ഷയ് കുമാര്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, അന്വേഷണത്തില്‍ സര്‍വകലാശാല ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നു തെളിഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരാതിയിന്മേല്‍ അക്ഷയ്‌ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അഡ്മിഷന്‍ റദ്ദു ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റ്.

അതേസമയം, ബസോയയുടെ കേസില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള എ.ബി.വി.പിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ വിവാദമെന്ന് എന്‍.എസ്.യു.ഐയുടെ ദേശീയ മീഡിയാ മാനേജര്‍ സൈമണ്‍ ഫാറൂഖി പറയുന്നു.

“യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് എ.ബി.വി.പിയുടെ ശ്രമം. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത് മാസങ്ങള്‍ക്കു മുന്‍പാണെങ്കില്‍, ഇപ്പോള്‍ എന്തിനിത് കുത്തിപ്പൊക്കുന്നു? വിഷയം ശ്രദ്ധയില്‍പ്പെട്ടാല്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കും.” ഫാറൂഖി കൂട്ടിച്ചേര്‍ത്തു.