ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സവര്‍ക്കറുടെ പ്രതിമയില്‍ ചെരുപ്പുമാലയിട്ടും, മുഖത്ത് കരിപുരട്ടിയും എന്‍.എസ്.യു.ഐ
India
ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സവര്‍ക്കറുടെ പ്രതിമയില്‍ ചെരുപ്പുമാലയിട്ടും, മുഖത്ത് കരിപുരട്ടിയും എന്‍.എസ്.യു.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd August 2019, 11:44 am

 

ന്യൂദല്‍ഹി: ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അനധികൃതമായി എ.ബി.വി.പി സ്ഥാപിച്ച സവര്‍ക്കറുടെ പ്രതിമയില്‍ ചെരുപ്പുമാല അണിയിച്ച് എന്‍.എസ്.യു.ഐ നേതാക്കള്‍. എന്‍.എസ്.യു.ഐ പ്രസിഡന്റ് അക്ഷയ് ലക്രയാണ് പ്രതിമയുടെ മുഖത്ത് കരിപുരട്ടിയത്.

വ്യാഴാഴ്ച പുലര്‍ച്ച രണ്ടിനും രണ്ടരയ്ക്കും ഇടയില്‍ ലക്രയും അനുയായികളും സ്ഥലത്തെത്തുകയും സവര്‍ക്കറുടെ പ്രതിമയ്ക്കുമേല്‍ ചെരുപ്പുമാല അണിയിക്കുകയുമായിരുന്നു.

കഴിഞ്ഞദിവസമാണ് ഹിന്ദു മഹാസഭാ നേതാവ് സവര്‍ക്കറെ സ്വാതന്ത്ര്യ സമരസേനാനിയാക്കി ദല്‍ഹി യൂണിവേഴ്സിറ്റിയുടെ നോര്‍ത്ത് ക്യാമ്പസില്‍ എ.ബി.വി.പി പ്രതിമ സ്ഥാപിച്ചത്. ചൊവ്വാഴ്ച രാവിലെ മുതലാണ് വി.ഡി സവര്‍ക്കര്‍, ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ പ്രതിമയടങ്ങിയ തൂണ്‍ ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ ശ്രദ്ധയില്‍പ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യൂണിവേഴ്സിറ്റി അധികൃതരുടെ അനുമതിയില്ലാതെയാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ‘ഇത്തരമൊരു സ്മാരകം സ്ഥാപിക്കാന്‍ അനുമതി തേടി പലതവണ ഞങ്ങള്‍ യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് എഴുതിയിരുന്നു. കഴിഞ്ഞ നവംബറില്‍, മാര്‍ച്ചില്‍ ഏപ്രിലില്‍, ആഗസ്റ്റില്‍ എന്നിങ്ങനെയായി. പക്ഷേ യാതൊരു മറുപടിയും ലഭിച്ചില്ല. അതിനാല്‍ ഞങ്ങള്‍ തന്നെ അത് ചെയ്യാന്‍ തീരുമാനിച്ചു.’ ദല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ശക്തി സിങ് പറഞ്ഞത്.

പ്രതിമ സ്ഥാപിച്ചതിനെതിരെ എന്‍.എസ്.യു.ഐയും ഐസയും രംഗത്തെത്തിയിരുന്നു. സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചതിനെയാണ് ഇവര്‍ എതിര്‍ത്തത്.

‘ സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, സവര്‍ക്കര്‍ എന്നിവരുടെ പ്രതിമ ഒരുമിച്ചു സ്ഥാപിച്ചുകൊണ്ട് ഞങ്ങളുടെ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചിരിക്കുകയാണ്. കൊളോനിയല്‍ ഭരണാധികാരികളില്‍ നിന്നും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ പൊലീസ് അതിക്രമങ്ങളും, മര്‍ദ്ദനവും, അടിച്ചമര്‍ത്തലും നേരിട്ടവേളയില്‍, വലതുപക്ഷ ഭീകരവാദി സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ എഴുതുകയായിരുന്നു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഹിന്ദു മഹാസഭാ അംഗങ്ങള്‍ സ്വയം വിട്ടുനില്‍ക്കുമെന്ന് അറിയിച്ചുകൊണ്ട്.’ എന്‍.എസ്.യു.ഐ ദല്‍ഹി സ്റ്റേറ്റ് പ്രസിഡന്റ് അക്ഷയ് ലക്ര പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സവര്‍ക്കറെ സ്വാതന്ത്ര്യ സമര സേനാനിയാക്കാനും ചരിത്രം തിരുത്തിയെഴുതാനുമുള്ള ആര്‍.എസ്.എസ് നീക്കത്തിന്റെ ഭാഗമാണിതെന്ന് ഐസ ചൂണ്ടിക്കാട്ടിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ശക്തി സിങ്ങിനെതിരെ യൂണിവേഴ്‌സിറ്റി ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.