| Friday, 28th August 2020, 2:35 pm

ജെ.ഇ.ഇ,നീറ്റ് പരീക്ഷക്കെതിരെ 50 മണിക്കൂറിലേറെയായി നിരാഹാര സമരം; എന്‍.എസ്.യു.ഐ നേതാവ് കുഴഞ്ഞു വീണു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ക്കെതിരെ രണ്ട് ദിവസത്തിലേറെയായി നിരാഹാരമിരുന്ന എന്‍.എസ്.യു.ഐ നേതാവ് കുഴഞ്ഞ് വീണു. നിരാഹാരമിരുന്ന നവ്ദീപ് ദലാല്‍ ആണ് കുഴഞ്ഞ് വീണത്.

നവ്ദീപിനെ ദല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയിലേക്ക് മാറ്റി. രാജ്യത്ത് കൊവിഡ് പടര്‍ന്ന് പിടിക്കുന്നതിനിടയില്‍ ജെ.ഇ.ഇ നീറ്റ് പരീക്ഷകള്‍ നടത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെയാണ് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എന്‍.എസ്.യു.ഐ പ്രതിഷേധിച്ച് കൊണ്ട് രംഗത്തെത്തിയത്.

ബുധനാഴ്ചയാണ് എന്‍.എസ്.യു.ഐ നിരാഹാര സമരം ആരംഭിച്ചത്. എട്ട് അംഗങ്ങള്‍ക്കൊപ്പം എന്‍.എസ്.യു.ഐ പ്രസിഡന്റ് നീരജ് കുന്ദനും ദല്‍ഹി വിഭാഗം പ്രസിഡന്റും നിരാഹാരമിരിക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ച ജെ.ഇ.ഇ നീറ്റ് പരീക്ഷകള്‍ നീട്ടി വെക്കണം, അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളെ മുന്‍ വര്‍ഷത്തെ പ്രകടനമനുസരിച്ച് പാസാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

അതേസമയം യു.ജി.സിയുടെ മാനദണ്ഡങ്ങള്‍ മറികടന്ന് പരീക്ഷ നടത്താതെ വിദ്യാര്‍ത്ഥികളെ പാസാക്കാനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

സെപ്തംബര്‍ 30നകം യു.ജി.സി ഉത്തരവ് അനുസരിച്ച് എല്ലാ സര്‍വ്വകലാശാലകളും അവസാനവര്‍ഷ പരീക്ഷകള്‍ നടത്തട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പരീക്ഷാ ഇളവുകള്‍ക്കും മാറ്റിവെക്കാനും സംസ്ഥാനങ്ങള്‍ക്ക് യു.ജി.സിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.

യു.ജി.സി തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. യു.ജി.സി സംസ്ഥാനങ്ങളുടെ ആവശ്യം തള്ളിയാല്‍ പരീക്ഷ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

കൊവിഡ് സാഹചര്യം പരിഗണിച്ച് പരീക്ഷ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് 31 വിദ്യാര്‍ത്ഥികളും ആദിത്യ താക്കറെയുടെപ്പെടെയുള്ളവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി പരിഗണിച്ചാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നാണ് യു.ജി.സി കോടതിയെ അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: NSUI activist collapse after over 50 hours of hunger strike

We use cookies to give you the best possible experience. Learn more