കോട്ടയം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ മകള്‍ ഡോ. സുജാത എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റില്‍നിന്ന് രാജിവച്ചു. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് രാജി.
നേരത്തെ സുകുമാരന്‍ നായരുടെ മകള്‍ക്ക് ആവശ്യമുള്ളതെല്ലാം സര്‍ക്കാര്‍ നല്‍കിയെന്നും എന്നാല്‍ എന്‍.എസ്.എസ്, എല്‍.ഡി.എഫിന്റെ നെഞ്ചില്‍ കുത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
അതേസമയം മകള്‍ക്കായി സര്‍ക്കാരിനെയോ രാഷ്ട്രീയ നേതാക്കളെയോ സമീപിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ പ്രതികരിച്ചു. വിദ്യാഭ്യാസ വിദഗ്ധ എന്ന നിലയിലാണ് മകള്‍ക്ക് സ്ഥാനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘എന്‍.എസ്.എസ്. ഹിന്ദു കോളേജ് പ്രിന്‍സിപ്പാളും എന്റെ മകളും ആയ ഡോ. സുജാത കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറാണ്. ആദ്യം യു.ഡി.എഫ് സര്‍ക്കാരും പിന്നീട് എല്‍.ഡി.എഫ്. സര്‍ക്കാരുമാണ് ഈ സ്ഥാനത്തേക്ക് ഡോ. സുജാതയെ നാമനിര്‍ദ്ദേശം ചെയ്തത്,’ സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു.
എങ്കിലും ഇതിന്റെ പേരില്‍ വിവാദങ്ങള്‍ക്കിടവരുത്താതെ, മൂന്നുവര്‍ഷത്തെ കാലാവധി ഇനിയും ഉണ്ടെന്നിരിക്കെ, വ്യക്തിപരമായ കാരണങ്ങളാല്‍ തന്റെ മകള്‍ എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍സ്ഥാനം രാജിവെച്ച് ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിയെന്നും സുകുമാരന്‍നായര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക