| Friday, 26th April 2013, 5:53 pm

ഭൂരിപക്ഷ സമുദായം പാലായനം ചെയ്യേണ്ട അവസ്ഥ: എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെരുന്ന: കേരളത്തില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ പലായനം ചെയ്യേണ്ട അവസ്ഥയാണുള്ളതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പറഞ്ഞു. ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് നീതിയും ധര്‍മ്മവും ന്യായവും കിട്ടുന്നില്ലെന്നും ഇരുവരും കൂടിക്കാഴ്ചയ്ക്കു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംവരണ സമുദായങ്ങള്‍ക്ക് എതിരല്ലെന്നും, രാഷ്ട്രീയ സ്ഥിതി മാറ്റാന്‍ സാമുദായിക ശക്തികള്‍ക്ക് സാധിക്കുമെന്നും ഇരുവരും പറഞ്ഞു.[]

കേരളം ഭരിക്കുന്നത് ന്യൂനപക്ഷ സമുദായക്കാരായ മൂന്ന് മന്ത്രിമാര്‍ ചേര്‍ന്നാണെന്നും മറ്റു മന്ത്രിമാര്‍ക്ക് യാതൊരു വിലയുമില്ലെന്നും  സുകുമാരന്‍ നായര്‍ പറഞ്ഞു. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമേ രക്ഷയുള്ളുവെന്നും ഭൂരിപക്ഷത്തിന് നീതിയും ന്യായവും ധര്‍മ്മവും ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മാത്രമാണ് നീതിയും ധര്‍മ്മവും എല്ലാം കിട്ടുന്നത്. അത് മര്യാദയല്ല. എന്‍.എസ്.എസ് എസ്.എന്‍.ഡി.പി ഐക്യം സംവരണ സമുദായങ്ങള്‍ക്ക് എതിരല്ല. സംവരണത്തിന്റേ പേരില്‍ ഇരു സമുദായങ്ങളും തമ്മിലുള്ള ഐക്യം തകരില്ല.

ഐക്യം തകര്‍ക്കാനുള്ള നീക്കത്തെ പരസ്പര ധാരണയോടെ അതിജീവിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്.എസിനെ ചെന്നിത്തല തള്ളിയാല്‍  എന്‍.എസ്.എസിന് ഒരു ചുക്കും സംഭവിക്കില്ല. എന്നാല്‍ എന്‍.എസ്.എസ് തള്ളിയാല്‍ ചെന്നിത്തല തെക്കു വടക്കു നടക്കുമെന്നും ജി.സുകുമാരന്‍ നായര്‍ ഭീഷണിപ്പെടുത്തി. എന്‍ എസ് എസിന്റെ പിന്തുണ കൊണ്ടാണ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായത്. അത് അദ്ദേഹം മറക്കരുതെന്നും, മറന്നാല്‍ അതിനുള്ള പണി തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more