മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ചില്ല; ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസ് നല്‍കി എന്‍.എസ്.എസ്
Kerala News
മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ചില്ല; ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസ് നല്‍കി എന്‍.എസ്.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd June 2021, 7:09 pm

തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ച് എന്‍.എസ്.എസ്. സാമ്പത്തിക സംവരണത്തിനായുള്ള മുന്നാക്ക സമുദായ ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള കോടതി നിര്‍ദേശം സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

ഒരു മാസത്തിനുള്ളില്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന കാലതാമസം ചോദ്യം ചെയ്തുകൊണ്ടും, കാലതാമസം കൂടാതെ പട്ടിക പ്രസിദ്ധീകരിക്കുവാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും എന്‍.എസ്.എസ് ഹൈക്കോടതി മുമ്പാകെ ഫെബ്രുവരിയില്‍ ഉപഹരജി സമര്‍പ്പിച്ചിരുന്നു.

ഇതില്‍ വാദംകേട്ട ശേഷം മുന്നാക്കസമുദായ പട്ടിക ഒരുമാസത്തിനകം പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാനസര്‍ക്കാരിന് ഹൈക്കോടതി മാര്‍ച്ച് 24-ന് നിര്‍ദ്ദേശം നല്കിയിരുന്നുവെന്ന് എന്‍.എസ്.എസ് പ്രസ്താവനയില്‍ പറയുന്നു.

പട്ടിക പ്രസിദ്ധീകരിക്കുന്നതിന് തെരഞ്ഞെടുപ്പുപെരുമാറ്റച്ചട്ടം തടസ്സമാണ് എന്ന സര്‍ക്കാര്‍വാദം കോടതി തള്ളിക്കളഞ്ഞിരുന്നു.

മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നവരെ ലിസ്റ്റ് പ്രസിദ്ധീകരിക്കാതിരിക്കുന്നത് ബാധിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതി ഉത്തരവുപ്രകാരം മുന്നാക്കസമുദായപട്ടിക സര്‍ക്കാര്‍ ഏപ്രില്‍ 23-ന് പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. എന്നാല്‍ ഉത്തരവ് പുറപ്പെടുവിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും പട്ടിക പ്രസിദ്ധീകരിക്കാത്തതിനാല്‍ ചീഫ് സെക്രട്ടറിക്ക് എതിരായി അഭിഭാഷകന്‍ മുഖേന കോടതിയലക്ഷ്യ നോട്ടീസ് നല്കിയിരിക്കുകയാണെന്ന് എന്‍.എസ്.എസ് പ്രസ്താവനയില്‍ പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന 10 ശതമാനം സംവരണം, മുന്നാക്ക സമുദായപട്ടിക പ്രസിദ്ധീകരിക്കാത്തതുവഴി നടപ്പക്കാനാവില്ലെന്നും എന്‍.എസ്.എസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: NSS sent notice of contempt of court to Chief secretary of Kerala