ചങ്ങനാശ്ശേരി: ആവശ്യമുള്ളപ്പോള്‍ മാത്രം മന്നത്ത് പത്മനാഭനെ നവോത്ഥാന നായകനാക്കുകയാണ് സര്‍ക്കാരും ഇടതുപക്ഷവുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.
ഇന്നത്തെ ഭരണകര്‍ത്താക്കള്‍ അവര്‍ക്കാവശ്യമുള്ളപ്പോള്‍ മന്നത്തു പത്മനാഭനെ നവോത്ഥാന നായകനായി ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തിന്റെ ആരാധകരെ കൈയിലെടുക്കാന്‍ ശ്രമിക്കുകയാണെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
അവസരം കിട്ടുമ്പോഴെല്ലാം മന്നത്തിനെ അവഗണിക്കാന്‍ ശ്രമിക്കുകയും ആവശ്യമുള്ളപ്പോള്‍ നവോത്ഥാന നായകനാക്കുന്നതിനും ഒരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം ദേശാഭിമാനിപത്രത്തില്‍ വന്ന ലേഖനവും, സത്യഗ്രഹ സമരസ്മാരകത്തില്‍നിന്ന് മന്നത്തിന്റെ പേര് ഒഴിവാക്കിയ സംഭവവുമെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
ഇടതുപക്ഷസര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പുനയം നായര്‍ സര്‍വീസ് സൊസൈറ്റിയും അദ്ദേഹത്തിന്റെ ആരാധകരും തിരിച്ചറിയുന്നു എന്ന കാര്യം ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയവൈരത്തിന്റെ ഉറവിടം എന്തെന്നും എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂര്‍ സത്യഗ്രഹ സമരസ്മാരകം നിര്‍മ്മിച്ച് 2018 മെയ് 8-ന് ഉദ്ഘാടനം ചെയ്തപ്പോള്‍ മന്നത്തുപത്മനാഭനെ ഓര്‍മ്മിക്കാനോ, സ്മാരകത്തില്‍ പേരുചേര്‍ക്കാനോ സര്‍ക്കാര്‍ തയ്യാറാകാതിരുന്നത് അധാര്‍മ്മികവും ബോധപൂര്‍വമായ അവഗണനയും ആയിത്തന്നെ കാണേണ്ടിയിരിക്കുന്നുവെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
വൈക്കം സത്യാഗ്രഹം, ‘സവര്‍ണജാഥ’, ഗുരുവായൂര്‍ സത്യാഗ്രഹം, അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനം തുടങ്ങിയ നവോത്ഥാനപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വഹിച്ചിട്ടുള്ള പങ്ക് ചരിത്രപ്രസിദ്ധമാണ്.തൊട്ടുകൂടായ്മ, തീണ്ടല്‍ തുടങ്ങിയ അയിത്താചാരങ്ങള്‍ക്ക് എതിരായി നടത്തിയ സമരമാണ് ഗുരുവായൂര്‍ സത്യഗ്രഹം. ഹൈന്ദവ ക്ഷേത്രങ്ങളില്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഗുരുവായൂര്‍സത്യാഗ്രഹം കേരളനവോത്ഥാനചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.
നായര്‍ സര്‍വീസ് സൊസൈറ്റി എന്ന പ്രസ്ഥാനം കെട്ടിപ്പടുത്ത്, സമുദായത്തിന്റെ പുരോഗതിയിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായി ജീവിതാവസാനംവരെ കഠിനാദ്ധ്വാനം ചെയ്ത കര്‍മ്മയോഗിയായിരുന്നു മന്നത്തു പത്മനാഭന്‍. ആദര്‍ശങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കാതെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ്. പടുത്തുയര്‍ത്തിയിട്ടുള്ള വിദ്യാലയങ്ങളും കലാലയങ്ങളും നാനാജാതി മതസ്ഥരായ സാധാരണജനങ്ങള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസപുരോഗതി കൈവരിക്കുന്നതിന് ഇന്നും ഉപകരിക്കുന്നുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുര്‍വ്യയങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹ്യപരിഷ്‌ക്കര്‍ത്താവും ആയിരുന്നു അദ്ദേഹം. മതപരമായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അദ്ദേഹം ഒരിക്കലും എതിരായിരുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ദേശാഭിമാനി പത്രത്തില്‍ വി.ശിവദാസന്‍ മന്നത്ത് പത്മനാഭനെ കുറിച്ച് ലേഖനം എഴുതിയത്. മന്നത്തിനെ എ.കെ.ജിക്ക് തുല്യമായി ഉയര്‍ത്തിക്കാട്ടിയായിരുന്നു ലേഖനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക